Friday
20 Jul 2018

പൊട്ടന്‍ കുഞ്ഞന്‍

By: Web Desk | Sunday 8 July 2018 3:34 PM IST

ഡോ. ഷീജാകുമാരി കൊടുവഴന്നൂര്‍

പൊട്ടന്‍ കുഞ്ഞനെ അറിയാത്തവരായി ആരും ആ നാട്ടിലുണ്ടാവില്ല. എന്നാല്‍ പൊട്ടന്‍ കുഞ്ഞന്‍ എന്നു പറഞ്ഞാലല്ലാതെ അവനെ ആരും അറിയുകയുമില്ലായിരുന്നു.
വിവാഹങ്ങളിലെയും മറ്റ് ആഘോഷങ്ങളിലെയും ക്ഷണിക്കപ്പെടാത്ത അതിഥിയായിരുന്നു പൊട്ടന്‍ കുഞ്ഞന്‍.

നാട്ടിലെ വിശേഷങ്ങളെല്ലാം അവന്റേതായ മണ്ടത്തരങ്ങളോടെ അവതരിപ്പിക്കാന്‍ അവനുള്ള കഴിവ് ഒന്നു വേറെ തന്നെയായിരുന്നു. പൊട്ടന്‍ ആയതു കൊണ്ട് തന്നെ അവനെ കളിയാക്കാനും, പറ്റുമെങ്കില്‍ ഒന്നു ഞോടാനും കിട്ടുന്ന അവസരങ്ങളൊന്നും തന്നെ നാട്ടുകാര്‍ പാഴാക്കില്ലായിരുന്നു. പൊട്ടന്‍ കുഞ്ഞന്റെ ഏറ്റവും വലിയ ഗുണം താനൊരു പൊട്ടനാണെന്ന അവന്റെ തിരിച്ചറിവു തന്നെയായിരുന്നു.
ഒരു ദിവസം ആരോ കാണിച്ച തമാശ കുറച്ച് കടന്നു പോയി.
ആറ്റുവക്കത്തു വച്ച് ചിലരുടെ ചുറ്റിക്കളികള്‍ കുഞ്ഞന്‍ വെള്ളം ചേര്‍ക്കാതെ വിളിച്ചു പറഞ്ഞു. പൊട്ടന്‍ കുഞ്ഞന്റെ സ്വാഭാവികമായ മണ്ടത്തരം കൊണ്ട്, ഉള്ള വൃത്താന്തത്തില്‍ കുറച്ച് കുറവു വന്നുവെന്നല്ലാതെ ഒട്ടും അവന്‍ കൂട്ടിപ്പറഞ്ഞില്ല.
എന്നിട്ടും അതിന്റെ പേരില്‍ പൊട്ടന്‍ കുഞ്ഞന് കിട്ടിയ തല്ല് ലേശം കടുത്തു പോയി. അവന്റെ ദയനീയാവസ്ഥ കണ്ട് മനുഷ്യ സ്‌നേഹികളാരോ അതു ചെയ്ത ദുഷ്ടന്മാര്‍ക്ക് ഒരു പണി കൊടുക്കണമെന്നു തന്നെ തീരുമാനിച്ചു.
പൊട്ടനെ പൊലീസ് സ്‌റ്റേഷന് മുന്നിലാക്കിയിട്ട് പറഞ്ഞു .
”നേരേ ചെന്നാല്‍ അവിടെ ഇന്‍സ്‌പെക്ടര്‍ ഇരിപ്പുണ്ട്, അദ്ദേഹത്തോട് ചെന്നു പറഞ്ഞാല്‍ നിന്നെ അടിച്ചവരെ അദ്ദേഹം ശിക്ഷിക്കും.”
അവന്‍ നേരെ ചെന്ന് ഇന്‍സ്‌പെക്ടറോട് കാര്യം പറഞ്ഞു. അദ്ദേഹത്തിനു കഷ്ടം തോന്നി. പാവം പൊട്ടന്‍ . അനുതാപത്തോടെ അദ്ദേഹം ചോദിച്ചു
”നിന്നെ ആരാടാ കുഞ്ഞാ അടിച്ചത്? ”കുഞ്ഞന്റെ മറുപടി വന്നു
”ആര്‍ക്ക് അടിയ്ക്കാന്‍ വയ്യ സാറേ. ഞാന്‍ പാവമല്ലേ?” ഇന്‍സ്‌പെക്ടര്‍ക്ക് കഷ്ടം തോന്നി,
”എന്തിനാടാ കുഞ്ഞാ അടിച്ചത്? ”
”എന്നെ എന്തിന് അടിയ്ക്കാന്‍ വയ്യ സാറേ?”
”എവിടെയാടാ അടിച്ചത്”
”എവിടെ അടിയ്ക്കാന്‍ വയ്യ സാറേ?” കുഞ്ഞന്‍ നിസ്സഹായത വെളിപ്പെടുത്തി. ഇന്‍സ്‌പെക്ടര്‍ക്ക് കുറേശ്ശെ അരിശം വന്നു തുടങ്ങി
എങ്കിലും പൊട്ടന്റെ അവസ്ഥ കണ്ട് അദ്ദേഹം സംയമനം പാലിച്ചു
”എപ്പോഴാടാ അടിച്ചത്?”
”എപ്പഴടിക്കാന്‍ വയ്യ സാറേ”കുഞ്ഞന്റെ നിഷ്‌ക്കളങ്കമായ ചോദ്യം .
ഇന്‍സ്‌പെക്ടര്‍ക്ക് ദേഷ്യം വന്നു . ഒരു ചോദ്യത്തിനും കൃത്യമായ ഉത്തരമില്ല.
”എന്തു വച്ചാടാ അടിച്ചത്? ”
”എന്തു വച്ച് അടിക്കാന്‍ വയ്യ സാറേ?”
സഹികെട്ട ഇന്‍സ്‌പെക്ടര്‍ പോലീസുകാരനോടു പറഞ്ഞു
”ഇവനെപ്പിടിച്ച് ലോക്കപ്പിലിടു. അവിടെ ഇവനെ ആരും തല്ലില്ലല്ലോ ” ഒട്ടും സംശയിക്കാതെ കുഞ്ഞന്‍ ചോദിച്ചു
”നന്നായി സാറേ. എന്നെ സാറിന് എവിടെയാ പിടിച്ച് ഇടാന്‍ വയ്യാത്തത്?” ഇന്‍സ്‌പെക്ടര്‍ തലയില്‍ കൈ വച്ചിരുന്നു പോയി.