23 April 2024, Tuesday

ഒരു നഗരം ഒരേ കാലം അനവധി പ്രമുഖർ

പി സുനിൽകുമാർ
വിചിത്രം വിസ്മയം
May 14, 2023 3:12 am

1913. ഓസ്ട്രിയൻ നഗരമായ വിയന്ന. ഡാന്യൂബ് നദിയുടെ കിഴക്കേക്കരയിൽ സ്ഥിതിചെയ്യുന്ന മനോഹരമായി രൂപകൽപ്പന ചെയ്യപ്പെട്ട ആസ്ട്രോ ഹംഗേറിയൻ തലസ്ഥാന നഗരം. ഇവിടെ പ്രതിപാദിക്കുന്ന കാലത്ത് ആ നഗരത്തിൽ നിരവധി രാജ്യങ്ങളിൽ നിന്നുള്ള ജനം അവിടേക്ക് കുടിയേറി താമസിക്കുകയും അവർക്ക് ഭരണകൂടം ജനാധിപത്യപരമായ അവകാശങ്ങൾ മിക്കതും അനുവദിക്കുകയും ചെയ്തിരുന്നു. അതിനാൽ പതിനഞ്ചോളം ഭാഷകൾ ആ നഗരത്തിൽ പ്രചരിച്ചിരുന്നു.
സംഗീതവും ചിത്രകലയും ശില്പകലയും എല്ലാം സമ്മേളിച്ച കാലം. മികവാർന്ന ചാരുതയോടെ പണികഴിക്കപ്പെട്ട കെട്ടിടങ്ങൾ, നഗര ചത്വരങ്ങൾ, ആസൂത്രണം ചെയ്ത് നിർമ്മിക്കപ്പെട്ട നഗരം, അതിന്റെ മാസ്മരിക സൗന്ദര്യത്താൽ വശീകരിക്കപ്പെട്ട സഞ്ചാരികളും സ്ഥിര താമസക്കാരായി മാറിയ കലാകാരന്മാരും. പിന്നെ ആധുനികത പിറവിയെടുത്ത മായിക നഗരമെന്ന പേരും. ബിഥോവനും മോസർട്ടും ഏറെക്കാലം കലാപ്രവർത്തനങ്ങളുമായി താമസിച്ച സ്ഥലം. പേരെടുത്ത ഓപ്പറ ഹൗസുകളുടെ നഗരം. ആകർഷകമായ കോഫി ഹൗസുകളും അവിടെ നടക്കുന്ന ചർച്ചകളും സംവാദങ്ങളും. എല്ലാം കൊണ്ടും നഗരം, ലോകത്തെ മുഴുവൻ അവിടേക്ക് ആകർഷിച്ചിരുന്ന സുവർണ കാലം.

നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ 1913 ൽ ജീവിച്ചിരുന്ന പരസ്പരം അറിയാത്തവരും അറിയുന്നവരുമായ കുറേ മനുഷ്യർ. അവരിൽ ചിലർ പിന്നീട് ലോക ചരിത്രത്തെ മാറ്റി മറിക്കുകയുണ്ടായി. അവർ അവിടെ താൽക്കാലിക താമസക്കാരും ആയിരുന്നു. അന്ന് ആസ്ട്രോ ഡെയ്മർ എന്ന കാർ നിർമ്മാണ ഫാക്ടറിയിൽ ജോലി ചെയ്തിരുന്ന 21 വയസ്സുകാരൻ ജോസിപ് ബ്രോസ് ആണ് മാർഷൽ ടിറ്റോ എന്ന പേരിൽ പിന്നീട് 27 വർഷം യുഗോസ്ലാവിയ ഭരിച്ച പ്രസിഡന്റ്. കാറുകൾ ഓടിച്ചു നോക്കി ടെസ്റ്റ് നടത്തുന്ന ജോലിയായിരുന്നത്രെ അദ്ദേഹത്തിന് ഈ കമ്പനിയിൽ. 1948 ൽ ചേരിചേരാ പ്രസ്ഥാനത്തിന് തുടക്കം കുറിച്ച ഈ നേതാവ് യൂഗോസ്ലാവിയൻ ദേശീയതയിൽ ഉറച്ച സോഷ്യലിസ്റ്റ് നയമായിരുന്നു പിന്തുടർന്നത്.
ഈ സമയം വിയന്ന അക്കാഡമിയിൽ ചിത്രകല പഠിക്കാൻ വന്ന 24 കാരനാണ് അടുത്തയാൾ. പേര് അഡോൾഫ് ഹിറ്റ്ലർ. പിന്നീട് ലോകത്തെ മുഴുവൻ കൈവിരൽ തുമ്പിൽ നിർത്താൻ ശ്രമിച്ച ഈ ചിത്രകാരൻ യുദ്ധപരാജയത്താൽ ആത്മഹത്യ ചെയ്തത് ലോകം കണ്ടു. അന്ന് പ്രശസ്തനായ ഒരു മനഃശാസ്ത്രജ്ഞൻ നഗരത്തിൽ ജീവിച്ചിരുന്നു. പേര് സിഗ്മണ്ട് ഫ്രോയ്ഡ്. മനുഷ്യ മനസിനെ ആഴത്തിൽ പഠിച്ച ഫ്രോയ്ഡ് നിരവധി മനഃശാസ്ത്ര സമസ്യകൾക്ക് ഉത്തരം കണ്ടെത്തി ലോകം കണ്ട ഏറ്റവും മികച്ച മനഃശാസ്ത്രജ്ഞനായി മാറി.

ഇനിയുമുണ്ട് രണ്ട് ചെറുപ്പക്കാർ, വിപ്ലവ മോഹങ്ങളുമായി നടന്നവർ ഒന്ന് സ്റ്റാലിൻ, രണ്ട് ട്രോട്സ്കി. രണ്ടു പേരും സുഹൃത്തുക്കൾ. തെരുവിൽ ചിത്രങ്ങൾ വരയ്ക്കുന്ന ജോലിയായിരുന്നു അന്ന് സ്റ്റാലിന്. വിപ്ലവ പ്രവർത്തനം നടത്തുന്നതിനിടയിലെ ഇടക്കാല താവളമായിരുന്നു അവർക്ക് വിയന്ന. ട്രോട്സ്കി ഇരുമ്പ് കൊണ്ടുള്ള വസ്തുക്കൾ നിർമ്മിക്കുന്ന ജോലിയിൽ ഏർപ്പെട്ടിരുന്നുവത്രെ. രണ്ടാളും പിന്നീട് റഷ്യൻ വിപ്ലവത്തിന് നേതൃത്വം നൽകിയവർ. സ്റ്റാലിനും ഹിറ്റ്ലറും തമ്മിൽ അക്കാലത്ത് കണ്ടിരുന്നോ എന്ന് തെളിവില്ല. എന്നാൽ ട്രോട്സ്കിയെ ഹിറ്റ്ലർ ‘കഫേ സെൻട്രൽ’ എന്ന ഇപ്പോഴും നിലവിലുള്ള കഫേ ഷോപ്പിൽ വെച്ചു കാണുകയും പതിവായി സംവാദം നടത്തുകയും ചെയ്തിട്ടുണ്ടെന്ന് രേഖകൾ പറയുന്നു. രണ്ടാം ലോകമഹായുദ്ധത്തിൽ സ്റ്റാലിനും ഹിറ്റ്ലറും ഏറ്റുമുട്ടിയത് ലോകം ഭീതിയോടെ കണ്ടുനിന്നു.

ഒരേ തത്വശാസ്ത്രത്തിൽ വിശ്വസിച്ചവരാണെങ്കിലും അത് പ്രയോഗവൽക്കരിക്കുന്നതിലെ ആശയവൈരുദ്ധ്യം കാരണം സ്റ്റാലിനും ടിറ്റോയും ഏറ്റുമുട്ടി പിന്നീട്. ആ ഏറ്റുമുട്ടൽ വർഷങ്ങളോളം നീണ്ടു. സ്റ്റാലിൻ 1953 ൽ 74 വയസ്സിൽ അന്തരിച്ചു. അത് വരെ അവർക്കിടയിലെ സംഘർഷം തുടർന്നു.
അന്ന് വിയന്ന ഭരിച്ചിരുന്നത് ആർച്ച് ഡ്യൂക്ക് ഫ്രാൻസ് ഫെർഡിനാന്റ് ആയിരുന്നു. പിറ്റേ വർഷം (1914 ൽ) അദ്ദേഹം കൊല്ലപ്പെട്ടു. സെർബിയൻ സ്വാതന്ത്ര്യത്തിന് തടസ്സം ഫെർഡിനന്റിന്റെ നിലപാടുകൾ ആണന്നും അടുത്ത ഭരണാധികാരി അദ്ദേഹം ആകുമെന്നും അത് വ്യവസ്ഥാപിത സംവിധാനങ്ങൾക്ക് എതിരാകുമെന്ന ഭയമായിരുന്നു കൊലയ്ക്ക് കാരണം. 19 വയസ്സുള്ള ഒരു യുവാവായിരുന്നു ഘാതകൻ. ആ കൊലപാതകം കാരണം ഉണ്ടായ പ്രതിസന്ധി ആണ് ‘ജൂലൈ ക്രൈസിസ്.’ തുടർന്ന് ആസ്ട്രിയ സെർബിയയോട് യുദ്ധം പ്രഖ്യാപിച്ചു. വലിയ താമസമില്ലാതെ ഒരു യുദ്ധം യൂറോപ്യൻ രാജ്യങ്ങൾക്കിടയിൽ ആരംഭിച്ചു. അതാണ് ഒന്നാം ലോക മഹായുദ്ധമായി മാറിയത്. ഇപ്പറഞ്ഞ ലോകഗതിയെ മാറ്റിമറിച്ച പ്രമുഖരെല്ലാം ഏതാനും കിലോമീറ്റർ ദൂരപരിധി മാത്രം വ്യത്യാസത്തിലാണ് 1913 ൽ വിയന്നയിൽ താമസിച്ചിരുന്നത്. പിന്നീട് അവരുടെ മനസുകളുടെ അകലം വളരെയധികം വർദ്ധിച്ചു പോയത് ലോകം കണ്ടു. അതിന്റെ ഭവിഷ്യത്തുകൾ ലോകം പിറകേ പലപ്പോഴായി അറിയുകയും ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.