13 April 2024, Saturday

ഇന്നുമെന്റെ കണ്ണുനീരിൽ…

ഷര്‍മിള സി നായര്‍
ഓര്‍മ്മയിലെ പാട്ട്
August 20, 2023 2:41 am

രാത്രി ഏറെ വൈകിയിരുന്നു യമുനയുടെ വീട്ടിലെത്തുമ്പോൾ. ഗേറ്റ് തുറന്നു കിടപ്പുണ്ടായിരുന്നു. മുറ്റത്തെ സപ്പോട്ട മരത്തിൽ നിന്നും വാവലിന്റെ ചിറകടിയൊച്ച കേൾക്കാം. വാതിൽക്കൽ ജാക്ക് കിടപ്പുണ്ട്, കാവൽക്കാരനെ പോലെ. എന്റെ റോക്കിയെ ഓർമ്മ വന്നു. അകത്തു നിന്നും ഒഴുകിയെത്തുന്ന വിഷാദാദ്രമായ വരികൾ.
“നിൻ പ്രണയ പൂ കനിഞ്ഞ
പൂമ്പൊടികൾ ചിറകിലേന്തി
എന്റെ ഗാനപ്പൂത്തുമ്പികൾ
നിന്നധരം തേടിവരും…”

ശ്രീകുമാരൻ തമ്പി രചനയും, സംവിധാനവും നിർമ്മാണവും നിർവഹിച്ച് 1986 ൽ റിലീസായ ‘യുവജനോത്സവം’ എന്ന ചിത്രത്തിലെ ഭാവസാന്ദ്രമായ ഗാനം. എന്റെ പ്രിയ ഗാനങ്ങളിലൊന്ന്. സിനിമാ ഗാനങ്ങൾക്ക് കവിതയുടെ ചാരുത പകർന്ന ശ്രീകുമാരൻ തമ്പിയുടെ അർത്ഥപൂർണമായ വരികൾക്ക് രവീന്ദ്രൻ മാഷിന്റെ മാന്ത്രിക വിരൽ സ്പർശമേറ്റപ്പോൾ ആസ്വാദക മനസിൽ ഒരു നീറ്റലായി പെയ്തിറങ്ങിയ വിഷാദഗാനം. ആ ഈണത്തിന് ജീവൻ പകർന്നതോ ഗാന ഗന്ധർവനും.
ഏപ്രിൽ ഇരുപതാണല്ലോ തീയതിയെന്നോർത്തപ്പോൾ മനസിലെവിടെയോ ഒരു വിങ്ങൽ. അവളുടെ അനുപോയിട്ട് ആറ് വർഷം കഴിഞ്ഞിരിക്കുന്നു. അഡ്വ. അനു മോഹൻ അവൾക്കാരായിരുന്നുവെന്ന് ഞാൻ ഒരിയ്ക്കലും ചോദിച്ചിട്ടില്ല. അവളെ നന്നായി മനസിലാക്കിയൊരാൾ എന്ന് തോന്നിയിരുന്നു. ഒരിയ്ക്കൽ അവൾ തന്നെ പറഞ്ഞു, once a client, always a client ആയ ആ കഥ. അവന്റെ ജീവിതത്തിലെ ആദ്യ പ്രണയമായിരുന്നില്ല താനെന്ന് അവൾക്കറിയാം. പക്ഷേ, അവൾ ഭാഗ്യവതിയായിരുന്നു. ചാൾസ് ഡിക്കൻസ് പറഞ്ഞതു പോലെ, “അവൾ അവന്റെ ജീവിതത്തിലെ അവസാന പ്രണയമായിരുന്നു.” അവൾ അവനോട് ആവശ്യപ്പെട്ടതും അതുമാത്രമായിരുന്നു.

ഞാനെത്തുമ്പോൾ അടുത്ത ദിവസം പഠിപ്പിയ്ക്കേണ്ട പാഠം റഫറു ചെയ്യുകയായിരുന്നു അവൾ. അടുത്തു തന്നെയുണ്ട് സന്തത സഹചാരിയായ ഫിലിപ്സ് റേഡിയോ. ഒരു ജന്മനാളിൽ അനു നൽകിയ സമ്മാനമാണ്. സംഗീതം ആത്മാവിന്റെ ഭാഗമായവൾക്ക് നൽകാൻ ഇതിലും വലിയ സമ്മാനം എന്താണുള്ളത്. എന്റെ ശ്രദ്ധ പാട്ടിലേക്കാണെന്ന് മനസിലാക്കിയിട്ടെന്നോണം അവൾ പറഞ്ഞു.
“എന്റെ സ്നേഹക്കൂട്ടിൽ നിന്നും അനശ്വരതയിലേക്ക് അനു പറന്നുപോയ ദിവസം മുതൽ ഈ പാട്ട് കേൾക്കാതെ കടന്നുപോയിട്ടില്ലൊരു നാളും. ദീപ്തമായ ഒരു ചെറിയ കാലത്തിന്റെ ഓർമ്മ നൽകുന്ന ഊർജം മതി ചിലപ്പോൾ നമ്മളെ മുന്നോട്ട് നയിക്കാൻ.
അവസാനമായി ഞാനവനെ കാണുന്നത് ഏപ്രിൽ 14 ഞായറാഴ്ച. പിന്നീടവൻ വിളിക്കുന്നത് എയർപോർട്ടിൽ നിന്നായിരുന്നു. ചെറിയ നെഞ്ചുവേദന, ഞാൻ ഹോസ്പിറ്റലിലേക്ക് പോവുന്നു എന്ന് പറയാനായിരുന്നു അത്. ഞാൻ കൂടി വരട്ടെയെന്ന് ചോദിച്ചപ്പോൾ, ”ഡോക്ടറെ കണ്ടിറങ്ങിയിട്ട് വിളിക്കാം” എന്ന് പറഞ്ഞവൻ കോൾ കട്ട് ചെയ്തു. പിന്നെ എത്രയോ തവണ ഞാൻ വിളിച്ചു. ഫോണെടുക്കുന്നുണ്ടായിരുന്നില്ല. ഒടുവിൽ, അവന്റെ സന്തത സഹചാരി ദാമുവിനെ വിളിക്കുമ്പോഴാണ് പെട്ടെന്ന് അറ്റാക്ക് ഉണ്ടായെന്നും ഐസിയുവിലാണെന്നും അറിയുന്നത്. അവിടേയ്ക്ക് ഓടിയെത്താൻ തുടങ്ങുമ്പോഴേയ്ക്കും അവൻ പോയെന്നറിയിച്ചുള്ള ദാമുവിന്റെ വിളി വന്നു.
അന്നൊരു വ്യാഴാഴ്ച ആയിരുന്നു, ഏപ്രിൽ 20. എങ്ങനെയാണ് ഞാൻ ഐസിയുവിന്റെ മുന്നിലെത്തിയതെന്നറിയില്ല. കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. ശരീരമാകെ തളർന്നതു പോലെ. ഒന്ന് കാണണമെന്ന് പറഞ്ഞ എന്നോട് ആരാന്ന് ആ സിസ്റ്റർ ചോദിച്ചില്ല. അവന്റെ വിറങ്ങലിച്ച കൈകൾ ഞാൻ ചേർത്തുപിടിച്ചു. ആ തണുപ്പ് ഇപ്പോഴും എനിക്കനുഭവപ്പെടുന്നുണ്ട്. വീട്ടിലേക്ക് വണ്ടിയോടിക്കുമ്പോൾ അവനൊപ്പം ഞാനും മരിച്ചു പോയിരുന്നെങ്കിലെന്നാഗ്രഹിച്ചു. ആ രാത്രികരഞ്ഞു തളർന്ന എന്നെ, അവൻ ചേർത്തുപിടിക്കുന്നതു പോലെ എനിക്കു തോന്നി. ആ കൈകൾ ഞാൻ തട്ടി മാറ്റി. അത് സ്വപ്നമായിരുന്നെന്ന് ഇന്നും വിശ്വസിക്കാനാവുന്നില്ല. അവൻ മരിച്ച് ഒന്നര വർഷത്തോളം ഞാനവന്റെ സാമീപ്യം ഇതുപോലെ അറിഞ്ഞിട്ടുണ്ട്. ഈയടുത്തകാലത്ത്, ഇവിടേയ്ക്ക് താമസം മാറ്റിയ ശേഷവും ഒരിയ്ക്കൽ അതേ അനുഭവമുണ്ടായി. എന്നെ സ്നേഹിച്ച് അവന് മതി വന്നിട്ടുണ്ടാവില്ല. ശ്രീകുമാരൻ തമ്പി എനിക്കു വേണ്ടി എഴുതിയതാണോ ഈ വരികൾ എന്നു പറഞ്ഞവൾ ആ വരികൾ റീപ്ലേ ചെയ്തു.
“നീയരികിലില്ല എങ്കിലെന്തു
നിന്റെ നിശ്വാസങ്ങൾ
രാഗമാലയാക്കി വരും
കാറ്റെന്നേ തഴുകുമല്ലോ…” അകന്നു പോയ അല്ലെങ്കിൽ എന്നേയ്ക്കുമായി ഈ ലോകം വിട്ടു പോയ പ്രിയമുള്ളൊരാളുടെ സാന്നിധ്യം ഇതിലും മനോഹരമായി എങ്ങനെ അനുഭവവേദ്യമാക്കാനാവും! കവിഭാവനയ്ക്കു മുന്നിൽ നമിക്കാതെ വയ്യ.
ഏപ്രിൽ 21,വെള്ളിയാഴ്ച ആയിരുന്നു അവന്റെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുവന്നത്. അവിടെത്തിയ ഞാൻ കണ്ടത് ഒരനാഥനെ പോലെ ഒരു പായയിൽ കിടത്തിയിരിക്കുന്ന അവനെയായിരുന്നു. അകത്തെവിടെയോ വയസായ അമ്മ കിടപ്പുണ്ട്. കുട്ടിക്കാലത്ത് അവനെ എടുത്തു നടന്ന ജോലിക്കാരി മാത്രമേ ഉണ്ടായിരുന്നുള്ളൂ അവനരികിൽ. എനിക്കത് സഹിക്കാനായില്ല. വാഴയില വെട്ടി അവനെ അതിലേക്ക് മാറ്റി കിടത്താൻ ദാമുവിനോട് പറഞ്ഞു. ഞാനാരാന്ന് ആരൊക്കെയോ ചോദിക്കുന്നുണ്ടായിരുന്നു. അതൊന്നും എന്നെ ബാധിച്ചതേയില്ല. ഞാനെന്തിന് ഇമേജ് കോൺഷ്യസാവണം. ആ തലയ്ക്കൽ ഞാനിരുന്നു. ഒരന്ത്യ ചുംബനം നൽകാൻ പോലും എനിക്കവകാശമില്ലല്ലോ എന്നോർത്തപ്പോൾ എന്റെ കണ്ണീർ അവന്റെ നെറ്റിയിൽ വീഴുന്നത് ഞാനറിഞ്ഞു. അതു തുടയ്ക്കാനെന്നോണം ആ നെറ്റിയിൽ ഞാനൊന്നു തടവി.

അവന്റെ ശരീരം ശ്മശാനത്തിലേക്ക് കൊണ്ടു പോവാൻ ബന്ധുക്കൾ ധൃതി വയ്ക്കുന്നുണ്ടായിരുന്നു. ആംബുലൻസിലേക്ക് എടുത്തപ്പോഴാണ് ഞാൻ കണ്ടത്, ഒരോണത്തിന് ഞാനവന് വാങ്ങിക്കൊടുത്ത മുണ്ടായിരുന്നു അവൻ ഉടുത്തിരുന്നത്. അവൻ മുണ്ടുടുത്തു കാണാൻ ഞാനെത്ര കൊതിച്ചിരുന്നു. എന്റെ കല്യാണത്തിന് ഞാൻ മുണ്ടുടുത്ത് നീ കണ്ടാൽ മതിയെന്ന് പറഞ്ഞവൻ ചിരിക്കും. പക്ഷേ, ഇതായിരുന്നു നിയോഗം!
അവന്റെ അന്ത്യയാത്ര അനുഗമിക്കാനും, അവൻ അനശ്വരതയിലേക്ക് യാത്രയാവുന്നത് നോക്കി നിൽക്കാനുമുള്ള ധൈര്യം എനിക്കെങ്ങനാ ഉണ്ടായതെന്നറിയില്ല. വർഷം ആറ് കഴിഞ്ഞിരിക്കുന്നു. ഇന്നും എന്റെ കണ്ണുനീരിൽ ആ ദിനങ്ങൾ തെളിയാറുണ്ട്.”
അവൾ പറഞ്ഞു നിർത്തുമ്പോൾ ആ ഗാന രംഗം ഓർത്തു. കോളജ് യുവജനോത്സവ വേദിയിൽ നിന്ന് ഉണ്ണി (കമൽ റോയ് ) പാടുന്നതാണ് പശ്ചാത്തലത്തിൽ.
“ഇന്നുമെന്റെ കണ്ണുനീരിൽ
നിന്നോർമ്മ പുഞ്ചിരിച്ചു
ഈറൻമുകിൽ മാലകളിൽ
ഇന്ദ്രധനുസ്സെന്നപോലെ…”
സദസിലിരിക്കുന്നവരുടെ മനസിൽ ഓരോ ചിത്രങ്ങൾ തെളിയുന്നു. വരികൾക്ക് യോജിക്കാത്ത ചിത്രീകരണം പോലെ തോന്നാറുണ്ട്. സിനിമ കണ്ടിട്ടില്ലാത്തൊരാളുടെ മനസിൽ മറ്റൊരു രംഗമല്ലേ തെളിയുക. എന്റെ മനസ് വായിച്ചിട്ടെന്നോണം അവൾ പറഞ്ഞു;
“അനു മരിച്ച ശേഷം കണ്ണടച്ചിരുന്ന് ഈ ഗാനം കേൾക്കുമ്പോൾ എന്റെ മനസിൽ കുറേ രംഗങ്ങൾ തെളിയും. അവൻ എന്റെ ജീവിതത്തിന്റെ ഭാഗമായിരുന്ന ആ പതിനൊന്ന് വർഷങ്ങൾ. വല്ലാത്തെരാത്മ ബന്ധമായിരുന്നു. എനിക്കൊരിക്കലും ഒരു കുറ്റബോധം തോന്നിയിട്ടില്ല. ശരിയോ തെറ്റോ എന്നറിയില്ല.”
ഞങ്ങൾക്കിടയിൽ പടർന്ന നിശബ്ദതയ്ക്ക് വിരാമമിട്ടു കൊണ്ട് ഞാൻ പറഞ്ഞു, ”cer­tain rela­tions have no explanations.”

യുവജനോത്സവത്തിലെ നിർമ്മല പറയുന്നതു പോലെ, ഇതിൽ തെറ്റും ശരിയുമില്ല, ഇഷ്ടാനിഷ്ടങ്ങളേ ഉള്ളൂ. എന്തോ ഓർത്തിട്ടെന്ന പോലവൾ പറഞ്ഞു;
“അനുവിനിഷ്ടം യുവജനോത്സവത്തിലെ തന്നെ ജാനകിയമ്മയും സതീഷ് ബാബുവും പാടിയ “ആ മുഖം കണ്ടനാൾ…” എന്ന ഗാനമായിരുന്നു. “മെല്ലേ നീ മെല്ലേ വരൂ…” ”ശിശിരമേ നീ ഇതിലേ വാ…” തുടങ്ങിയ ഗാനങ്ങളിലൂടെ ശ്രദ്ധേയനായി, പിന്നീടെപ്പോഴോ മുഖ്യധാരയിൽ നിന്നപ്രത്യക്ഷനായ സതീഷ് ബാബു, അവന്റെ പ്രിയ ഗായകരിൽ ഒരാളായിരുന്നു. നിന്നെ പോലെ notic­ing the unno­ticed ആയിരുന്നല്ലോ അനുവിന്റേയും രീതി. ഞാൻ മരിച്ച ശേഷം നീ ഇത് കേട്ട് നെടു വീർപ്പിട്ടോളൂവെന്ന് പറഞ്ഞ് അവൻ എന്നെ കളിയാക്കുമായിരുന്നു. അന്നേരം ഞാനവനോട് വഴക്കിടും.”
നീ മരിച്ചാൽ ഞാനെന്തു ചെയ്യുമെന്ന് അന്നേരം വെറുതേ ഞാനൊന്ന് സങ്കല്പിച്ചു. നീയില്ലാത്തൊരു യാത്രയിൽ എന്തു ചെയ്യണമെന്ന് പതിവുപോലെ അപ്പോഴും ഞാൻ മറന്നു പോയിരുന്നു. ഞാൻ മരിച്ചാൽ നീ എന്തു ചെയ്യുമെന്ന് ചോദിച്ചപ്പോൾ ഒരിയ്ക്കൽ നീ തമാശയായി പാടിയ ഒഎൻവിയുടെ വരികൾ പെട്ടെന്നോർത്തു. യുവജനോത്സവത്തിലെ ജയനെപോലെ (മോഹൻലാൽ) എന്റെ ഒരേ ഒരു ക്യാപിറ്റൽ അതാണല്ലോ. ഓർമ്മകൾ…
“ഇത്തിരി നേരമെന്നാകിലും നീയെന്റെ
സ്വപ്നങ്ങളിൽ വന്നു പോവതിനും
എങ്ങു നിന്നോ ഒരു കുഞ്ഞരിപ്രാവായി
വന്നെൻ സുഖമാരായും കൊഞ്ചലിനും
നൊന്തെരിയുന്നൊരെൻ മൺചിരാതിൻ
പ്രാണതന്തുവിൽ സ്നേഹം ചൊരിവതിനും
നന്ദി പ്രിയ സഖി എല്ലാറ്റിനും…”

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.