Monday
22 Oct 2018

മത്തായി സിംപിളാണ്…..

By: Web Desk | Sunday 12 November 2017 10:39 AM IST

മനു പോരുവഴി

കൊല്ലം പോരുവഴി പെരുവിരുത്തി ക്ഷേത്ര മൈതാനത്ത് പ്രായഭേദമെന്യേ സൗഹൃദവലയങ്ങളുടെ നടുവില്‍ തമാശകള്‍ പങ്കുവെച്ച്…..ഉറക്കെചിരിച്ച്…..കാല്‍പ്പന്തുരുട്ടുന്നത് ഒരു സിനിമ പിന്നണി ഗായകനാണെന്നു പറഞ്ഞാല്‍ ആരും അമ്പരക്കും. മധുരമായ ഈണത്തില്‍ നാടന്‍ പാട്ടിലൂടെ മലയാളത്തിന്റെ പ്രിയപ്പെട്ട പിന്നണി ഗായകനായി മാറുമ്പോഴും മത്തായി ഇന്നും സാധാരണക്കാരനാണ്…
‘ബാച്ചിലര്‍ ലൈഫാണ്
അഭയമെന്റയ്യപ്പാ
അറിയാ പാപങ്ങള്‍ പൊറുക്കണമയ്യപ്പാ
ജീവിതമാം കരിമലകള്‍
കേറി മറിഞ്ഞൊരു യാത്രകളില്‍’

എന്നു തുടങ്ങുന്ന മനോഹരമായ ഗാനത്തിലൂടെ മലയാളികളുടെ പാട്ടുപുരയില്‍ ഇടം നേടിയ സുനില്‍ മലനടക്കാരുടെ സന്ധ്യകള്‍ക്കു സംഗീതം പകരുന്ന മത്തായിയാണ്. ഈ ഗ്രാമത്തിന്റെ നാട്ടുവഴികള്‍ നല്‍കിയ ജൈവ സംഗീതത്തിന്റെ കരുത്തിലാണ് കേട്ടറിവു മാത്രമായിരുന്ന സിനിമയുടെ പിന്നണി ഗായകനായി എത്തിപ്പെടുന്നത്. കൂലിപ്പണിക്കാരനായ അച്ഛന്റെ തുച്ഛ വരുമാനത്തില്‍ നിന്നും വീതം വയ്ക്കുമ്പോള്‍ പലപ്പോഴും മീതിയാകുന്ന വിശപ്പിന്റെ സംഗീതമറിഞ്ഞാണ് തുടക്കം. അടുപ്പില്‍ തീ പുകയാത്ത ബാല്യത്തില്‍ സംഗീതവും, കാല്‍പ്പന്തുകളിയും അവനോടൊപ്പം കൂട്ടുചേര്‍ന്നു. കത്തിപ്പടരുന്ന ദാരിദ്ര്യങ്ങളെ ജീവിതോര്‍ജ്ജമാക്കി ഉന്നത പഠനത്തിന്റെ വഴിയേ നടക്കുമ്പോഴും വിഷമങ്ങളെ സന്തോഷത്തിലലിയിച്ചത് സംഗീതമായിരുന്നു. ആയിരത്തിലധികം വേദികള്‍ പിന്നിട്ട് കേള്‍വിക്കാരെ തന്നിലേക്കടുപ്പിക്കുമ്പോള്‍ സിനിമയെന്ന ലോകത്ത് എത്തിച്ചേരാന്‍ സൗഹൃദങ്ങള്‍ മാത്രമായിരുന്നു വഴികാട്ടിയായതെന്ന് അവനെന്നും ഓര്‍ക്കുന്നു. പാട്ടിന്റെ തിരക്കുകള്‍ ഒഴിവാക്കി വൈകുന്നേരങ്ങളില്‍ അല്‍പ്പനേരം പന്തിനു പുറകെ ഓടുവാനും കൂടിയിരുന്ന് താളമിട്ടു പാടുവാനും അവന്‍ ഓടിയെത്തും. അതെ മത്തായി സിംപിളാണ്…..

‘ഏഴാം ക്ലാസില്‍ ഇടയ്ക്കാട് യുപിഎസില്‍ പഠിക്കുമ്പോഴാണ് ആദ്യം പാടാന്‍ ആഗ്രഹം തോന്നിയത്. വീട്ടില്‍ നിന്നും മനപാഠമാക്കി മല്‍സരത്തിനു പേര് നല്‍കിയപ്പോള്‍ മല്‍സരങ്ങള്‍ ചാര്‍ട്ടു ചെയ്തു പോയി എന്നു സംഘാടകര്‍ പറഞ്ഞു. വിഷമത്തോടെ തിരികെ നടക്കുമ്പോള്‍ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു. അകലെ നിന്നു ഇതു കണ്ട അയല്‍വാസിയായ ശാന്തമ്മ ടീച്ചര്‍ കൈ ചേര്‍ത്തു പിടിച്ച് സ്റ്റേജില്‍ കൊണ്ടു നിര്‍ത്തി പാടാന്‍ പറഞ്ഞതാണ് പാട്ടിന്റെ തുടക്കം. ചെറിയ തോതില്‍ വൈകുന്നേരങ്ങളിലെ കൂട്ടുകാര്‍ക്കൊപ്പമുള്ള ചര്‍ച്ചാവേദികള്‍ കൊഴുപ്പിക്കാന്‍ നാലുവരി പാടാന്‍ തുടങ്ങിയപ്പോഴാണ് കൂട്ടുകാര്‍ ഉള്ളിലെ കലാകാരനെ കണ്ടെത്തുന്നത്. സി ജെ കുട്ടപ്പന്‍ സാര്‍ ആ കാലത്ത് ഇറക്കിയ നാടന്‍ പാട്ടുകളുടെ കാസറ്റ് വാങ്ങി വരികള്‍ എഴുതിയെടുത്ത് പഠിച്ചു. ഇത് നാട്ടിലെ പൊതുപരിപാടികളില്‍ പാടാന്‍ തുടങ്ങി. 1999 ല്‍ ശാസ്താംകോട്ട ദേവസ്വം ബോര്‍ഡ് കോളേജില്‍ ബിരുദ പഠനത്തിനു ചേര്‍ന്നതോടെയാണ് നാടന്‍പാട്ടു രംഗത്തോട് കൂടുതല്‍ താല്‍പ്പര്യം തോന്നി തുടങ്ങിയത്. ‘നാടോടി’ എന്ന നാടന്‍ പാട്ടുസംഘത്തിലും, തുടര്‍ന്ന് സുഹൃത്തായ ബാനര്‍ജിയ്ക്ക് പകരക്കാരനായി സി ജെ കുട്ടപ്പന്‍ സാറിന്റെ ഡൈനാമിക് ആക്ഷനിലും, തായില്ലം ഗ്രൂപ്പിലും എത്തി. പി കെ രാഘവന്‍ സഖാവിന്റെ അണിയന്‍തറ എന്ന കവിതാ സമാഹാരം കാസറ്റാക്കി പുറത്തിറങ്ങിയപ്പോള്‍ ഇതില്‍ ഒരു കവിത ആലപിക്കാന്‍ കഴിഞ്ഞത് ഹൃദയത്തില്‍ സൂക്ഷിക്കുന്നു. നീണ്ട പതിനാറ് വര്‍ഷങ്ങളായി കുട്ടപ്പന്‍ സാറുമായുള്ള ബന്ധമാണ് തന്റെ വളര്‍ച്ചയ്ക്കു പിന്നില്‍…’ മത്തായി ആവേശഭരിതനായി. അധ്വാനിക്കുന്നവന്റെ വേദനയും, പ്രയാസങ്ങളും, പ്രതിരോധവുമൊക്കെ ഇഴചേര്‍ന്ന നാടന്‍പാട്ട് ഇന്ന് മത്തായിക്ക് സ്വന്തം കാമുകിയെപ്പോലെയാണ്….

സംഗീതം അകലെ നിന്നു കണ്ട മത്തായിക്ക് നാടന്‍ പാട്ടിന്റെ ശീലുകളാണ് സിനിമാരംഗത്തേക്കുള്ള വഴി തുറന്നത്. കോളേജ് വിദ്യാഭാസത്തിനു ശേഷം കുട്ടപ്പന്‍ സാറിനൊപ്പം ട്രാക്ക് പാടാനും, കോറസ് പാടാനും പലതവണ അവസരം ലഭിച്ചു. ‘ബാച്ചിലര്‍ പാര്‍ട്ടി’ എന്ന ചിത്രത്തില്‍ കുട്ടപ്പന്‍ സാറിന് പാടാനുള്ള പാട്ടിന് ട്രാക്ക് പാടി നല്‍കി. പാട്ടുകേട്ട് ഇഷ്ടപ്പെട്ട അദ്ദേഹം മത്തായി പാടിയാല്‍ മതിയെന്നുറപ്പിച്ചു. അങ്ങനെ തനിക്ക് സിനിമയെന്ന കൊട്ടാരത്തിലേക്കുള്ള വാതില്‍ തുറന്നുകിട്ടിയെന്ന് മത്തായി. സംവിധായകനായ അമല്‍ നീരദും, സംഗീതം ചെയ്ത രാഹുല്‍ രാജും സമ്മതിച്ചതോടെ ആദ്യമായി തീയേറ്ററില്‍ മത്തായിയെന്ന നാടന്‍ പാട്ടുകാരന്റെ ശബ്ദം ഉയര്‍ന്നു കേട്ടു. ‘മുല്ലമൊട്ടും മുന്തിരിച്ചാറും’ എന്ന ചിത്രത്തിലാണ് രണ്ടാമതായി പാടിയത്. മോഹന്‍ സിത്താര സംഗീതം ചെയ്ത ഈ ചിത്രത്തിലെ ഗാനം പാടുന്നതിന് തുടക്കത്തില്‍ വലിയ പ്രയാസം നേരിട്ടു. സംഗീതം പഠിക്കാത്തതിന്റെ പ്രയാസം ശരിക്കും മനസിലാക്കിയ നിമിഷങ്ങള്‍. ഏകദേശം പതിനൊന്നു മണിക്കൂര്‍ ചിലവഴിച്ചാണ് ആ പാട്ടു പാടി തീര്‍ത്തത്. ഒന്‍പതോളം സിനിമകളില്‍ പാടുകയും ‘ഷെര്‍ലക് ഹോംസ്’ എന്ന ബിജു മേനോന്‍ ചിത്രത്തില്‍ അഭിനയിക്കുകയും ചെയ്തു. കെപിഎസി, കാളിദാസ കലാകേന്ദ്രം, കണ്ണൂര്‍ സംഘചേതന എന്നിവയുടെ നാല്‍പ്പതോളം നാടകങ്ങളിലും പാടിയിട്ടുണ്ട്. തന്റെ വിലപ്പെട്ട സൗഹൃദങ്ങള്‍ വഴിയാണ് എല്ലാ അവസരങ്ങളും ലഭിച്ചതെന്ന് ഈ കലാകാരന്‍ എപ്പോഴും പറയുന്നു.

കലയും, കലാകാരനും ഒരു നാടിന്റെ പ്രശ്‌നങ്ങള്‍ അറിയുന്നവരായിരിക്കണം എന്നാണ് മത്തായിയുടെ പക്ഷം. പാരിസ്ഥിതിക വിഷയങ്ങളില്‍ കലാകാരന്‍മാര്‍ അവരുടെ ഉത്തരവാദിത്വം നിറവേറ്റണം.
‘പ്രിയദേ നിന്റെ കണ്ണീരില്‍
കനലാകുന്നു
ജല ശാഖികളില്‍ മൗനത്തിന്‍
കരിയില നിറയുന്നു
നിഴല്‍ മാത്രമായിന്നും
കേഴുന്നു.. പ്രിയദേ.. പ്രിയദേ…’
ശാസ്താംകോട്ട കായലിന്റെ സംരക്ഷണത്തിന്റെ ആവശ്യകത ജനങ്ങളിലെത്തിക്കുവാന്‍ കായലിന്റെ ഓളങ്ങളെ നോക്കി ഒരിക്കല്‍ പാടിയ ചെറുപ്പക്കാര്‍ വീണ്ടും ഒത്തുചേര്‍ന്ന് സുഹൃത്തായ സുരേഷ് ഉത്രാടത്തിന്റെ വരികള്‍ക്ക് സുരേഷ് പി നന്ദന്‍ ചിട്ടപ്പെടുത്തി മത്തായിയുടെ ശബ്ദത്തില്‍ ഇറക്കിയ പാട്ട് ഇന്ന് വലിയ പ്രചാരം നേടിക്കഴിഞ്ഞു. നാട്ടില്‍ അടുത്ത സുഹൃത്തുക്കളുമായി ചേര്‍ന്ന് ‘പാട്ടുപുര’ എന്ന ഗായക സംഘം രൂപീകരിച്ചു. പാടി ലഭിക്കുന്ന തുകയില്‍ ഒരു വിഹിതം നിര്‍ദ്ധനരായ രോഗികളുടെ ചികിത്സയ്ക്ക് മാറ്റി വെച്ച് മാതൃകയാകുകയാണ് മത്തായിയും സംഘവും.

പണ്ട് കാലത്ത് കാര്‍ഷിക മേഖലയുമായി ബന്ധപ്പെടായിരുന്നു നാടന്‍ പാട്ടുകള്‍ അധികവും ഉണ്ടായിരുന്നത്. തലമുറകളായി വാമൊഴിയായി പകര്‍ന്നു കിട്ടിയ നിധിപോലെ സൂക്ഷിക്കുന്നവ. കാര്‍ഷിക മേഖല അന്യം നിന്നുപോകുന്ന സാഹചര്യത്തില്‍ പുതിയ കാലഘട്ടത്തിലെ വിഷയങ്ങള്‍ ഉള്‍ക്കൊള്ളിച്ച നാടന്‍ പാട്ടുകള്‍ വരേണ്ടതുണ്ടെന്നതാണ് മത്തായിയുടെ പക്ഷം. പരമ്പരാഗതമായി ഉപയോഗിച്ചു വരുന്ന തരു, മരം, തകില്‍, ചെണ്ട, പറ, തുടി, ഗഞ്ചിറ, തവില്‍, മുളന്തുടി, എന്നിവ ഉപയോഗിച്ചുള്ള നാടന്‍ പാട്ടിന് കൂടുതല്‍ മാധുര്യമേറും. ഇന്ന് നാടന്‍ പാട്ട് എങ്ങനെയും പാടി കാശുണ്ടാക്കുന്നവര്‍ ഒരുപാടുണ്ട്.ഇതുമൂലം ഇതിനു വേണ്ടി ജീവിതം മാറ്റിവച്ച കലാകാരന്‍മാരുടെ അവസരങ്ങള്‍ നഷ്ടപ്പെടുകയാണ്. രണ്ടായിരത്തി പതിനഞ്ചില്‍ ലഭിച്ച ഫോക്‌ലോര്‍ അക്കാഡമിയുടെ യുവപ്രതിഭാ പുരസ്‌കാരം ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട കനിയായി കാണുന്ന മത്തായി എത്ര ഉയരങ്ങളിലെത്തിയാലും തന്നെ മത്തായിയാക്കിയ നടന്‍ പാട്ടിനേയും നാട്ടുകൂട്ടങ്ങളേയും വിടില്ലെന്ന് ഉറപ്പിച്ചു പറയുന്നു, കൂലിപ്പണിക്കാരനായ അമ്മണന്റേയും കശുവണ്ടി തൊഴിലാളിയായ പൊന്നമ്മയുടേയും ആറു മക്കളില്‍ നാലാമനായ ഈ കറുത്തമുത്ത്…