Friday
21 Sep 2018

ആരാണ് യഥാര്‍ത്ഥ വീരന്‍

By: Web Desk | Sunday 11 March 2018 8:20 AM IST

സന്തോഷ് പ്രിയന്‍

ണ്ട് ശ്രീബുദ്ധന്‍ കൊട്ടാരത്തിലെ സുഖങ്ങളെല്ലാം വെടിഞ്ഞ് കാട്ടിലായിരുന്ന കാലം. അദ്ദേഹം വനത്തിലൂടെ അലഞ്ഞ് ഒടുവില്‍ ഒരു നദീതീരത്ത് എത്തിച്ചേര്‍ന്നു. അവിടെ ഒരു സംഘം ആള്‍ക്കാരെ അദ്ദേഹം കണ്ടു.

ശ്രീബുദ്ധനെ കണ്ടപ്പോള്‍ എല്ലാവരും അദ്ദേഹത്തിന്റെ അടുത്തേക്ക് വന്നു. എന്നിട്ട് ഒരാള്‍ പറഞ്ഞു.

‘സ്വാമിന്‍, ഞങ്ങള്‍ കാര്യമായ ഒരു തര്‍ക്കത്തിലേര്‍പ്പെട്ടുകൊണ്ടിരിക്കുകയാണ്. ആ സമയത്താണ് അങ്ങ് ഇവിടേക്ക് വന്നത്. ഞങ്ങളുടെ തര്‍ക്കം പരിഹരിക്കാന്‍ അങ്ങയോട് ഞാന്‍ അപേക്ഷിക്കുന്നു.’

‘എന്താണ് നിങ്ങളുടെ തര്‍ക്കത്തിന് കാരണം.?’

ബുദ്ധഭഗവാന്‍ സൗമ്യനായി ചോദിച്ചു.

‘ഭഗവാന്‍, എനിക്ക് ഈ പുഴയില്‍ ധാരാളം സമയം വെള്ളത്തിനടിയില്‍ മുങ്ങികിടക്കാനാകും. എന്നാല്‍ ഇവരിലാര്‍ക്കും തന്നെ ഈ അത്ഭുത വിദ്യ അറിയില്ല. അപ്പോള്‍ ഞാനല്ലേ സ്വാമിന്‍ ഇവരില്‍ ഏറ്റവും കഴിവുള്ളവന്‍?’

ബുദ്ധഭഗവാന്‍ ഒന്നു പുഞ്ചിരിച്ചു. അപ്പോഴേക്കും കൂട്ടത്തില്‍ നിന്ന ആജാനുബാഹുവായ ഒരുവന്‍ പറഞ്ഞു.

‘ഞാന്‍ പറയുന്നതു കേള്‍ക്കണം ഭഗവാന്‍….എനിക്ക് പന്ത്രണ്ടു പേരെ ഒരുമിച്ച് മല്‍പ്പിടുത്തത്തിലൂടെ കീഴ്‌പ്പെടുത്താനാകും. മാത്രമല്ല, മല്ലയുദ്ധത്തില്‍ ഞാന്‍ ഒന്നാമനാണ്. ഇവരില്‍ ആര്‍ക്കും തന്നെ അതിനു കഴിയില്ല. അപ്പോള്‍ ഞാനല്ലേ സ്വാമിന്‍ യഥാര്‍ത്ഥ വീരന്‍?’

അയാള്‍ ഇത്രയും പറഞ്ഞപ്പോള്‍ ബുദ്ധഭഗവാന്‍ സന്തോഷത്തോടെ ചോദിച്ചു.
‘ഇനി ആര്‍ക്കെങ്കിലും എന്തെങ്കിലും പറയാനുണ്ടോ?’

ഉടനെ മറ്റൊരു യുവാവ് പറഞ്ഞു.

‘അവിടുന്ന് ഇത് കേള്‍ക്കണം. ഈ നില്‍ക്കുന്നവരില്‍ ആര്‍ക്കും സാധിക്കാത്തതാണ് എനിക്ക് ചെയ്യാന്‍ കഴിയുന്നത്. എന്നെപ്പോലെ വേഗതയില്‍ മരം കയറാന്‍ ആര്‍ക്കും തന്നെ അറിയില്ല. അതുപോലെ മൃഗങ്ങളെ വേട്ടയാടി പിടിക്കുന്നതിലും ഞാന്‍തന്നെ ഒന്നാമന്‍. അപ്പോള്‍ യഥാര്‍ത്ഥ വീരന്‍ ഞാനല്ലേ സ്വാമി…’

അങ്ങനെ ഓരോരുത്തരും അവരുടെ കഴിവുകള്‍ വീരവാദത്തോടെ പറഞ്ഞു. ഒടുവില്‍ ശ്രീബുദ്ധന്‍ പറഞ്ഞു.

‘നിങ്ങളില്‍ ആരാണ് യഥാര്‍ത്ഥ വീരന്‍ എന്ന് ഞാന്‍ പറയാന്‍ പോകുകയാണ്. എല്ലാവരും ശ്രദ്ധിച്ച് കേള്‍ക്കുക……അന്യന്റെ കഷ്ടപ്പാട് കണ്ട് ആത്മാര്‍ത്ഥമായി സഹായിക്കുന്നവര്‍ ഇതില്‍ ആരുണ്ട്?.’

ആരും ശബ്ദിച്ചില്ല. ബുദ്ധഭഗവാന്‍ തുടര്‍ന്നു. ‘മറ്റൊരാളുടെ ജീവന്‍ രക്ഷിക്കാന്‍ സ്വന്തം പ്രാണന്‍ ത്യജിക്കാന്‍ തയ്യാറുള്ളവര്‍ ഇതില്‍ എത്ര പേരുണ്ട്.?’

ആരും അനങ്ങിയില്ല.

‘ക്ഷമയും അര്‍പ്പണബോധവും അഹിംസയും കൈമുതലായുള്ളവര്‍ ഇതില്‍ ആരുണ്ട്.? ഇത്യാദി ഗുണങ്ങള്‍ നിറഞ്ഞ ഒരാള്‍ക്കു മാത്രമേ യഥാര്‍ത്ഥ വീരനെന്ന പദവിക്ക് അര്‍ഹതയുള്ളു.’

ഉടന്‍തന്നെ എല്ലാവരും തെറ്റ് മനസിലാക്കി ശ്രീബുദ്ധനോട് മാപ്പ് പറഞ്ഞു. തുടര്‍ന്ന് അദ്ദേഹം എല്ലാവര്‍ക്കും ഉപദേശങ്ങള്‍ നല്‍കി മടക്കി അയക്കുകയും ചെയ്തു. ഇതില്‍ നിന്നും നാം എന്താണ് കുട്ടികളെ മനസിലാക്കേണ്ടത്? ആര്‍ക്കും വീരവാദം പാടില്ല. അവരവരുടെ കഴിവുകള്‍ സ്വയം പുകഴ്ത്താതിരിക്കുക, നല്ല കാര്യങ്ങള്‍ ശീലിക്കുക, അത് പാലിക്കുകയും ചെയ്യുക.