Thursday
24 May 2018

ന്യൂവേവ് സിനിമയുടെ രാജകുമാരി

By: Web Desk | Sunday 10 September 2017 1:06 AM IST

പ്രസാദ് കരൂര്‍
ചുണ്ടില്‍ പുകയുന്ന സിഗരറ്റുമായി ഫ്രഞ്ച് ചലചിത്ര ഇതിഹാസം ഴങ് മൊറൊവിനെ കാണുമ്പോള്‍ അതിലൊരു കാവ്യഭംഗിയുടെ അതിന്ദ്രീയ ധ്വനി വായിച്ചെടുക്കാന്‍ കഴിയണം. ബോണിയും ക്ലൈഡും എന്ന സാഹസിക സംഭവ കഥയിലെ ബോണി പാര്‍ക്കറുടെ ചുണ്ടുകള്‍ക്കിടയിലും എരിയുന്ന സിഗാറുണ്ടായിരുന്നു. അമേരിക്കയുടെ ഗതകാല സ്മരണകളിലെ ദാരിദ്രം നിറഞ്ഞ സാമൂഹ്യ പശ്ചാത്തലം അതിലുണ്ട.് ഴങ് മൊറൊവിനും ബോണി പാര്‍ക്കറിനും തമ്മിലുള്ള സാദൃശ്യം ചുണ്ടുകള്‍ക്കിടയിലെ പുകയുന്ന സിഗരറ്റില്‍ തീരുന്നു. അല്ലെങ്കില്‍ അങ്ങേയറ്റം രക്തം ഉറയുന്ന സാഹസിക ജീവിതത്തിലും പരമ്പരാഗത ശീലുകളെ തൂത്തെറിയലിലും കണ്ടേക്കാം. അതിനപ്പുറം യാതൊരു ക്രിമിനല്‍ പശ്ചാത്തലവും ഈ സാമ്യ സങ്കല്പനത്തില്‍ കാണേണ്ടതില്ല. ഫ്രഞ്ച് ന്യൂവേവ് സിനിമയുടെ രാജകുമാരി, മൂര്‍ച്ചയേറിയ ബൗദ്ധികതയെ രാസത്വരകമാക്കി, അതിഭാവുകത്വ്വത്തെ നീറ്റിയെടുത്ത ലാവണ്യം, ഫ്രഞ്ച് സ്ത്രീത്വത്തിന്റെ മൂര്‍ത്തിമദ്ഭാവമായിരുന്നു. മധ്യകാലഘട്ടത്തില്‍ നിന്ന് തുടങ്ങി സ്ത്രീത്വം പുരുഷന്റെയും അധികാരത്തിന്റെയും കാല്‍ചുവട്ടില്‍ അമര്‍ന്നു അടിത്തട്ടിലെക്കു ആഴ്ന്നിറങ്ങിയപ്പോള്‍, പൊട്ടിയൊലിച്ച ലാവ പോലെ ഫെമിനിസത്തിന്റെ വേരുകള്‍ സമൂഹ ഗാത്രത്തില്‍ സ്വയം രൂപം പ്രാപിക്കുകയായിരിന്നു.
ഫെമിനിസത്തിന്റെ ആദ്യ ദശകങ്ങളില്‍ അതിനു കരുത്തു പകരാന്‍ ഴങ് മൊറൊയുടെ വ്യക്തിത്വം ഊര്‍ജ്ജവാഹിനിയായിട്ടുണ്ടായിരുന്നു. പക്ഷെ ഫെമിനിസത്തെ ഒരിക്കലും ഒരു പ്രസ്ഥാനത്തിന്റെ ഭാഗമായി അവര്‍ അംഗീകരിച്ചില്ല. ഒരു കണ്ണിയിലും ഒതുങ്ങാത്ത സ്വതന്ത്രയായ സ്ത്രീത്വമായിരുന്നു മൊറൊയുടെ ഉത്കൃഷ്ട വ്യക്തിത്വത്തിന്റെ ആകര്‍ഷണീയത. സ്‌ക്രീനിനു അകത്തും പുറത്തും വന്യമായ ശക്തിയോടെ സ്വാതന്ത്ര്യം അനുഭവിച്ച മൊറെ എല്ലാ മേഖലയിലുമുള്ള സ്ത്രീകളുടെയും പ്രചോദനവും ആകര്‍ഷണവുമായിരുന്നു. അനേകം അനശ്വര കഥാപാത്രങ്ങള്‍ക്ക് ശില്പലാവണ്യം നല്‍കി ജീവിപ്പിച്ചിട്ടുണ്ടെങ്കിലും ജൂള്‍സ് ആന്റ് ജിം ലെ, ഇതിനകം ബിംബവല്‍ക്കരിക്കപ്പെട്ട, കാതറീന്‍ എന്ന കഥാപാത്രം, സിനിമയുടെ സിലബസില്‍, ഒരു കാനോന്‍ നിയമം പോലെ സിനിമാ വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിന്റെ ഭാഗമായി മാറിയ ചരിത്രമാണുള്ളത്. ഫ്രഞ്ച് ന്യുവേവ് സിനിമയുടെ ഭാഗമായി അമരത്വം നേടാന്‍ മൊറെയ്ക്ക് ഈ ഒരു കഥാപാത്രം മാത്രം മതിയായിരുന്നു. രണ്ടു പുരുഷന്മാര്‍ക്കിടയിലെ പ്രണയത്തിന്റെ ശില്പ സൗകുമാര്യമായി ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ മൊറെയ്ക്ക് സ്വന്തം ജീവിത്തിലും പ്രണയമെന്നാല്‍ അനുഭവിക്കാനുള്ളതായിരുന്നു, എന്ന തിരിച്ചറിവുണ്ടായിരുന്നു. ട്രൂഫോയെ പോലെ അതുല്യനായ ചലചിത്ര സംവിധായകന് മാത്രം കഴിയുന്ന കൃതഹസ്തയോടെ ഈ ചിത്രത്തിലെ കഥാപാത്ര സൃഷ്ടി മൂര്‍ത്തമായിരുന്നു. ആദ്യമായി സ്‌ക്രീനില്‍ ‘ലവ് ട്രയാങ്കിള്‍’ കാണുമ്പോള്‍ ലോകമാകെയുള്ള ചലചിത്ര പ്രേക്ഷകര്‍ ഇരുട്ടില്‍ നിശ്ചലമായ, ഘനീഭവിച്ച ഹൃദയവുമായി ഇരിക്കുകയായിരുന്നു. മഞ്ഞിന്റെ നേര്‍ത്ത ആവരണത്തിലൂടെന്ന വണ്ണം, പ്രണയത്തിന്റെ തീവ്രത, കാവ്യമരാളങ്ങളാല്‍ ദ്രവീകരിക്കുകയായിരുന്നു. ഫഞ്ച് ന്യുവേവിന് ശക്തി പകര്‍ന്ന ആ സിനിമയും അതിലെ കാതറീനും ലോകസിനിമയിലെ ഉജ്ജ്വല ഏടുകളായി തീര്‍ന്നു. ന്യുവേവ് പ്രസ്ഥാനത്തിലെ ഏതു കഥാപാത്രത്തെ വിലയിരുത്തിയാലും ഇത്രയും പൂര്‍ണ്ണതയെത്തിയ ഒരു സ്ത്രീകഥാപാത്രം വെറെയുണ്ടാവില്ല. അത്രയും ഭദ്രമായിരുന്നു മൊറെയുടെ കയ്യില്‍ ആ കഥാപാത്രം . അതുപോലെ മാതാഹരി എച്ച് 21 (1965) , ഗ്രേറ്റ് കാതറീന്‍ (1968) എന്നീ സിനിമകളിലെയും സ്ത്രീകഥാപാത്രങ്ങള്‍ ചരിത്രത്താളുകളില്‍ നിന്നും അടര്‍ത്തിയെടുക്കുമ്പോഴും മൊറെ ആയിരുന്നു അവര്‍ക്ക് ജീവന്‍ നല്കിയത് . എഴുപതു വര്‍ഷത്തെ കലാജീവിതവും. 140 സിനിമകളും ഈ അതുല്യകലാകാരിയുടെ സിനിമയെന്ന സൃഷ്ടിപരതയുടെ ചരിത്രം കൂടിയാണ്

ഫെമിനിസസവും അസ്തിത്വവും, എന്നാല്‍ മൊറെയെ സ്വാധീനിച്ചിരുന്നില്ല. ഗൃഹാതുരത്വം, കുലിനമായ സ്ത്രീ എന്നീ ക്ലീഷേകളെ പോലെ ഫെമിനിസത്തെയും മൊറെ നിരാകരിക്കുകയായിരുന്നു. മറ്റു യൂറോപ്യന്‍ ചലചിത്രതാരങ്ങളുടെയത്ര ആകര്‍ഷണത്വം നേടാന്‍ മൊറെക്കു കഴിഞ്ഞിരുന്നില്ലെങ്കിലും ഫ്രഞ്ച് ന്യുവേവിന് പൂര്‍ണതനേടാന്‍ മൊറെയെ കൂടാതെ സങ്കല്പിക്കുവാന്‍ കഴിയുമായിരുന്നില്ല. അന്നകരീനീന, ഴങ് സെബെ, ബ്രിജിറ്റ് ബോര്‍ഡെ എന്നിവരെക്കാള്‍ ഉള്‍ക്കാമ്പും കരുത്തും മൊറെയ്ക്കുണ്ടായിരുന്നു. മൊറെയെ തേടിവന്ന മൂര്‍ച്ചയേറിയ കഥാപാത്രങ്ങളെ സ്വീകരിക്കാന്‍ തയ്യാറായത് അതുകൊണ്ടാണ്. ഫ്രഞ്ച് പ്രസിഡന്റ് തന്റെ ട്വിറ്ററില്‍ കുറിച്ചത് പരമ്പരാഗതമായ ഏതൊന്നിനെയും മൊറെ എതിര്‍ക്കുകയും അവയോടു കലഹിക്കുകയും ചെയ്തു എന്നാണ് .
തന്റെ ജീവചരിത്രകാരിയായ മറിയന്ന ഗ്രേയോടു അവര്‍ ഒരിക്കല്‍ പറഞ്ഞു, തനിക്ക് അത്ഭുതമാണ് ആന്റിഗണി എന്ന പെണ്‍കുട്ടി, കാരണം അവള്‍ ചെറുത്തു നില്പിന്റെ പ്രതീകമാണ് . അധികാരത്തെ ആന്റിഗണി പ്രതിരോധിച്ചു. കാലത്തെ അവള്‍ ഭയന്നില്ല. തനിക്കും ആന്റിഗണിയെ പോലെ ആകണം . പതിനഞ്ചാമത്തെ വയസിലാണ് മൊറെ ആന്റിഗണി എന്ന കഥാപാത്രത്തെ സ്റ്റേജില്‍ അവതരിപ്പിച്ചത.്
ഫ്രഞ്ച് നവ തരംഗം അലയടിക്കുന്നതിന് മുന്‍പാണ് ഴാങ് മൊറെ, ലൂയി മില്ലയുടെ എലവേറ്റര്‍ റ്റു ദി ഗാലോസില്‍ അഭിനിയിക്കുന്നത്. തുടര്‍ന്ന് രണ്ട്‌പേരും ഫ്രഞ്ച് ന്യൂവേവ് സിനിമയുടെ കൊളൊസുകള്‍ ആയി. സിനിമയുടെ കൃത്രിമത്വവും മേക്കപ്പും കൂടാതെ പ്രകൃതിയുടെ വെളിച്ചത്തില്‍, കുറഞ്ഞ ബഡ്ജറ്റില്‍ സിനിമ എന്ന ചലച്ചിത്ര കല്പനയെ യാഥാര്‍ത്ഥ്യ ലോകവുമായി കൂട്ടിയിണക്കുകയായിരുന്നു.
‘ലിഫ്റ്റ് റ്റു ദ സ്‌കാഫോള്‍ഡ്’ (1958) നും ‘ദ ലവേഴ്‌സി’നും ശേഷം ജീവിത യാഥാര്‍ത്ഥ്യങ്ങളില്‍പ്പെട്ട് കുറച്ചുകാലം മങ്ങി നിന്ന മൊറെ, ട്രൂഫോയുടെ ജൂള്‍സ് ആന്റ് ജിമ്മിലൂടെ (1962) തിരിച്ചുവന്നു. വസന്തത്തിന്റെ മടങ്ങിവരവെന്നായിരുന്നു സിനിമ ചരിത്രകാരന്റെ വിലയിരുത്തല്‍. സ്ത്രീയുടെ സംവേദനത്വത്തെ മുഴുവന്‍ സ്വാംശീകരിച്ച കാതറീന്‍ എന്ന കഥാപാത്രത്തെ മൊറെ അഭ്രപാളികളില്‍ പകര്‍ത്തി. സങ്കീര്‍ണ്ണത നിറഞ്ഞ ആ കഥാപാത്രം സ്ത്രീത്വത്തിന്റെ ഏകകമായിരുന്നു. മൊറെയുടെ സിനിമാ ജീവിതത്തെ ഒറ്റവാക്കില്‍ വിലയിരുത്തിയാല്‍ അതുവരെയുണ്ടായിരുന്ന എല്ലാ സാംസ്‌കാരിക അടിച്ചമര്‍ത്തലുകളെയും സ്ത്രീക്കുമാത്രം കഴിയുന്ന ആര്‍ജ്ജവത്തില്‍ കടപുഴക്കി എന്നായിരിക്കും. സിനിമയെ ഗൗരവമായി സമീപിച്ച ഡേവിഷ് ഷിപ്മാന്‍ മൊറെയെ വിശേഷിപ്പിച്ചതു കലാ ലോകത്തിന്റെ പ്രേമദേവത എന്നായിരുന്നു. പാരീസിലെ സ്റ്റേജ് ഷോയില്‍ ബര്‍ണാഡ് ഷായുടെ ‘പിഗ്മാലിയനി’ലെ സ്ത്രീകഥാപാത്രത്തെ അവതരിപ്പിച്ച് ജീവന്‍ നല്‍കിയ മൊറെ അഭിനയത്തിന്റെ ശ്യംഗങ്ങള്‍ കീഴടക്കുകയായിരുന്നു.
മേക്കപ്പ് ഇല്ലാതെ യഥാര്‍ത്ഥ മുഖവുമായാണ് മൊറെ മല്ലെയുടെ ആദ്യ ചിത്രത്തില്‍ അഭിനയിച്ചത്. മേക്കപ്പിനുള്ളില്‍ മറഞ്ഞിരുന്ന സ്വാഭാവിക മുഖത്തെ മല്ലെയും മൊറെയും സ്വീകരിക്കുകയായിരുന്നു. ഒരു പക്ഷേ ഫ്രഞ്ച് ന്യൂവേവിന്റെ വിത്തുപാകുന്നതും ഇവിടെ നിന്നായിരുന്നു. ഗോദാര്‍ദിന്റെ ബ്രത്ത്‌ലസ് എടുക്കുന്നതിനു രണ്ടു വര്‍ഷം മുമ്പായിരുന്നു മല്ലെ മൊറെയുമായി പരീക്ഷണത്തിനു ധൈര്യം കാണിച്ചത്. അവര്‍ തമ്മില്‍ പിന്നെ പ്രണയിച്ചു. ‘ദ ലവേഴ്‌സി’ല്‍ അഭിനയിച്ചതോടെ അവര്‍ തമ്മില്‍ വേര്‍പിരിയുകയും ചെയ്തു. മൊറെ തന്നെ അതെക്കുറിച്ചു പറഞ്ഞത് പ്രേമരംഗങ്ങളില്‍ ലൂയിസ് മല്ലെ ആവശ്യപ്പെട്ടപ്രകാരം തന്നെ അഭിനയിച്ചു. ഒരു അഭിനേത്രീ എന്ന നിലയില്‍ ലൂയി തന്നെ സ്‌നേഹിച്ചു. പക്ഷേ സ്ത്രീയെന്ന നിലയില്‍ വെറുത്തു. ലൂയിയെ വഞ്ചിക്കാതെ തനിക്ക് പ്രേമരംഗങ്ങളില്‍ അഭിനയിക്കാന്‍ കഴിയില്ലായിരുന്നു. പുരുഷന്റെ സ്വാര്‍ത്ഥത തനിക്കു അംഗീകരിക്കാന്‍ കഴിയില്ല. സ്പിങ്ക്‌സ്, പിഗ്മാലിയന്‍, ക്യാറ്റ് ഓണ്‍ എഹോട്ട് റ്റിന്‍ റൂഫ് എന്നീ പ്രശസ്തിയാര്‍ജിച്ച തിയേറ്റര്‍ ഷോകളില്‍ അഭിനയിച്ചുകൊണ്ടു നില്ക്കുമ്പോഴാണ് മല്ലെയുടെ ആദ്യ ചിത്രത്തില്‍ മൊറെ എത്തുന്നത്. ഫ്രഞ്ച് ന്യൂവേവ് സിനിമകളിലെ എത്രയോ കഥാപാത്രങ്ങളെ മൊറെ സ്വീകരിച്ചിരിക്കുന്നു. ഓര്‍സന്‍ വെല്ലസ്, എലിയ കസന്‍, ട്രൂഫോ, ലൂയി മല്ലെ, ലൂയി ബ്യൂണേന്‍, ടോണി റിച്ചാര്‍ഡ്‌സന്‍ മൈക്കലാഞ്ചയോ അന്റോണിയോണി, ജാക്കസ് ഡമി, റൈനെ,ഗൊദാര്‍ദ്, ഹിച്ച്‌കോക്ക് എന്നീ സംവിധായകരുടെ നിര തന്നെ മൊറെ ആരായിരുന്നു എന്ന് വെളിപ്പെടുത്തുന്നുണ്ട്. ഫ്രഞ്ച് പ്രസിഡന്റ് മാര്‍ക്കോണി സ്വന്തം ട്വിറ്ററില്‍ കൂടി ലോകത്തെ അറിയിച്ച വാര്‍ത്തയായിരുന്നു 2017 ജൂലൈ 31 ലെ ഴങ് മൊറെയുടെ മരണം.
അതിപ്രശ്‌സതരായ അനേകം പേര്‍ മൊറെയുടെ സൗന്ദര്യത്തില്‍ വീണു. വനേസ റഡ് ഗ്രേവ് തന്റെ ഭര്‍ത്താവിനെതിരെ വിവാഹമോചനത്തിനു കേസ് ഫയല്‍ ചെയ്തപ്പോള്‍ എതിര്‍ പട്ടികയില്‍ മൊറെയുടെ പേരും ഉണ്ടായിരുന്നു. വനേസ തന്നെ പിന്നീടു പറഞ്ഞത് മൊറെയുടെ സൗന്ദര്യത്തെ പ്രണയിക്കാത്ത പുരുഷന്‍മാര്‍ അന്ധന്‍മാരും ബധിരന്‍മാരുമാണെന്നാണ്. ഇതെക്കുറിച്ച് മൊറെ പറയുന്നത് ടോണി തന്നെ ഭ്രാന്തമായി പ്രണയിക്കുമ്പോള്‍ വനേസയുമായുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴുകയായിരുന്നു എന്നാണ്. ‘അനേകം മുറികളുള്ള ഒരു മനോഹരമായ സൗധം പണിയണം. അതില്‍ ഒരു മുറിയില്‍ തന്റെ കാമിയുമായി ജീവിക്കണം. മറ്റു മുറികളില്‍ തന്റെ മുന്‍ കാമുകരെയെല്ലാം നിറയ്ക്കണം’. ഇങ്ങനെ ചിന്തിക്കാന്‍ മൊറെയ്ക്കു മാത്രമേ കഴിയൂ.
ഒരു ചലചിത്രനടി എന്ന നിലയില്‍ മൊറെ സംവിധായകരുടെ പ്രിയങ്കരി ആയിരുന്നു. ഓരോ സിനിമയുടെയും ചിത്രീകരണ സമയം മുഴുവനും മൊറെ അവരോടൊപ്പം സെറ്റില്‍ തന്നെ തങ്ങുമായിരുന്നു. വ്യക്തിപരമായ കാരണങ്ങളാല്‍ മൊറെ സ്വയം ഒഴിവായ ചിത്രങ്ങള്‍ ആയിരുന്നു. ‘പിയാനോടീച്ചര്‍’ (2001), ‘ഒണ്‍ഹു ഫളൈ ഓവര്‍ ദ കുക്കൂസ്‌നെസ്റ്റ്’ (1975), ‘സ്പാര്‍ട്ടക്കസ്’ (1960) എന്നിവ.
ന്യൂയോര്‍ക്ക് സിറ്റിയിലെ പ്രശസ്തമായ മോഡേണ്‍ ആര്‍ട്ട് മ്യൂസിയത്തില്‍ ആദരിക്കപ്പെട്ട ഫ്രഞ്ച് നടിയാണ് മൊറെ. കാന്‍ ഫെസ്റ്റിവലില്‍ രണ്ടു പ്രാവശ്യം (1975,1995) അദ്ധ്യക്ഷ പദവിയിലിരിക്കുകയും ചെയ്തു.
സിനിമ ചരിത്രകാരനായ ഷിനൈല്‍ ബേസില്‍ മൊറെയെ വിശേഷിപ്പിച്ചത്, ഒരു ഹാര്‍പ് പക്ഷിയുടെ വിധേയത്വം മൊറെയില്‍ കാണില്ല, മറിച്ച് സ്ത്രീയുടെ അഹംബോധം ഉരുക്കിയെടുത്ത മേധാശക്തിയിലൂടെ പുരുഷനും സ്ത്രീക്കും തുല്യമായ അവസരം നേടിയെടുക്കുകയും മാനവീയ സങ്കല്പനത്തിനു ആ സമീകരണം ഉണ്ടാകേണ്ടത് ആധുനിക ചിന്തയുടെ സമീപനമാണെന്ന നിലപാടായിരുന്നു മൊറെയുടേത് എന്നായിരുന്നു. 2017ജൂലൈ31ന് ഴങ് മൊറെ വേഷങ്ങള്‍ എല്ലാം അഴിച്ചുവച്ച് ഇഹലോകത്തില്‍റെ അരങ്ങൊഴിഞ്ഞു. ഫ്രഞ്ച് പ്രസിഡന്റ് മാര്‍ക്കോണി സ്വന്തം ട്വിറ്ററില്‍കൂടി ആ മരണവിവരം ലോകത്തെ അറിയിച്ചു.