19 April 2024, Friday

ഇരുളാഴങ്ങൾ

ജയപാലൻ കാര്യാട്ട്
January 9, 2022 3:00 am

ചേർത്തുനിർത്തുക നെഞ്ചിലോർമ്മകൾ സുകൃതമായ്
ആർത്തലച്ചെത്തും പുത്തൻചിന്തകൾക്കുയിരേകാൻ
ഭിന്നധാരകളൊന്നായ് സംഗമിക്കുമെൻ നാടിൻ
ഉന്നതസംസ്ക്കാരത്തിൻ ചിഹ്നമായ് പെരുമകൾ
ചിന്തകൾക്കതിരിടാൻ വെമ്പിയെത്തുവോരെന്നും
പന്തിഭേദത്തിൻ ഭാഷ്യഘോഷണപ്രയോക്താക്കൾ
സത്യമെന്തോതാൻവെമ്പും നാവിനും വിലക്കുകൾ
പഥ്യമായതുമാത്രമോതുവാൻ തിട്ടൂരങ്ങൾ
ഭുജിക്കും ഭോജ്യങ്ങൾക്കും വിലക്കായ് വിലങ്ങായി
ത്യജിക്കാൻ ജീവൻതേടും വടിവാൾക്കിലുക്കങ്ങൾ
മുന്നിടാനൊരുങ്ങുന്നു കാലടി, യനന്തമായ്
പിന്തിരിഞ്ഞോടാനാജ്ഞ നാടിതിൻ നടപ്പുകൾ
രക്ഷകമുഖംമൂടി ചൂടിയെത്തുവോർ നിത്യം
തക്ഷകവിഷം ചീറ്റും വൈകൃതം രൂപാന്തരം
ആശയസംവാദത്തിലുലയും വായ്ത്താരികൾ
ആശ്രയം തേടും വംശഹത്യയിലെന്നോ പാഠം!
കെട്ടകാലത്തിൻകോട്ട കെട്ടുവോരുയർത്തുന്ന
കെട്ടുകൾക്കുള്ളിലന്ത്യനാളെണ്ണും ജനായത്തം
ചാർത്തി നൽകീടും പുത്തനിന്ത്യതൻ മുഖപടം
ആർത്തിപൂണ്ടൊരു ചെന്നായരികിലെന്നോ ഭാഷ്യം?
എത്തിനിൽക്കുവതേതു പടവിൽ കാണെക്കാണെ
ഗർത്തമായിടിഞ്ഞകമാർത്തനാദങ്ങൾ ഭീതം!
ചങ്ങലയൊലി ചുറ്റുമായിരം വിലങ്ങുകൾ
പൊങ്ങുവതെങ്ങും പ്രതിഷേധത്തിൻ കോപാഗ്നികൾ
കോർത്തിണക്കുവാൻ ഭിന്നചിന്തതൻ സരണികൾ
ഓർത്തുവെക്കവേ ത്രസിച്ചാർത്തുവന്നിടുമൊന്നായ്
ആവതും ഒരേസ്വരമേറ്റുപാടുക നമ്മൾ
ആവതില്ലാർക്കും നാട്ടിൻ മൂല്യശോഷണദൗത്യം
ആവനാഴിയിലേറെ അമ്പുകൾ നിറയട്ടേ
ആടിയോടി ആവണിനാളുകൾ പുലരട്ടെ! 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.