Monday
25 Jun 2018

അവള്‍

By: Web Desk | Sunday 10 June 2018 9:00 AM IST

ഡോ. ശ്രീകല

അവള്‍ അവള്‍
എന്ന് നിലവിളിക്കുമ്പോഴെല്ലാം
ഒരച്ഛന്‍ ഹൃദയവും മുറുക്കെ അടച്ചു
കരയുന്നുണ്ടായിരുന്നു
സഹോദരന്‍ കാവല്‍ കണ്ണായി
പരതുന്നുണ്ടായിരുന്നു
അമ്മ പലയിടങ്ങളിലും
ഒരേ സമയം പടയാളിയായി
നില നിന്നിരുന്നു
എന്നിട്ടും..
മറ്റൊരിടത്ത്
കാവലാള്‍ കത്തിയിറക്കുന്നപോലെ
കുടുംബം കുത്തിയൊലിക്കുന്ന പോലെ
മാതാവും മതഭ്രാന്തിലാഴുന്നതായി
കൂട്ടുകാര്‍ ക്രൂരമായ്
കൂകി വിളിക്കുന്നോരായ്
സോദരന്‍ ഉദരംമ്പിളര്‍ക്കുന്ന വീരനായ്
അവള്‍ എന്ന് പറയുമ്പോള്‍
ബാധ്യത പോലെ
മലിനമാക്കാവുന്ന പിരിഞ്ഞു പുളിച്ചു
നാറിപോകാവുന്ന ഒന്നിനെ പോലെ
നികൃഷ്ടമായി ദൈവങ്ങളില്‍ നിന്നും
അകറ്റപെട്ടവളായും…
ഒറ്റാലുകളില്‍ അനുവദിക്കപ്പെട്ട
അഴികളില്‍ വീണുപോകുന്ന
വെയിലുറ്റുനോക്കി
കണ്ണിനുള്ളില്‍ സൂര്യനും
മനസ്സില്‍ ആയിരം നക്ഷത്രങ്ങളും
ഹൃദയത്തില്‍ മാരിവില്ലും
ഒളിപ്പിച്ചവളായും..
സ്വാതന്ത്ര്യത്തിനായി
ഉറക്കെ പറയുമ്പോള്‍
അഗ്‌നികൊണ്ടെഴുതുമ്പോള്‍
പ്രണയിക്കുമ്പോള്‍
വിശക്കുമ്പോള്‍
അവള്‍ മാത്രമല്ല
അവനും കൊല്ലപ്പെടുന്നു..
കാരണം
ചങ്ങലക്കുരുക്കുകള്‍ ഏറെയാണ്..
അവര്‍ അവര്‍ ..
ജാതി മത പേയുകളാല്‍
മാനം നടിപ്പോര്‍
സ്‌നേഹകാരുണ്യങ്ങള്‍ക്കുമീതെ
മതചിഹ്നം നാട്ടിയോര്‍
കണ്ണുകളില്‍ നിന്നും
കാരുണ്യ കൃഷ്ണമണി നഷ്ടമായോര്‍
അവരുടെ കാഴ്ചയില്‍
അവളില്ല അവനില്ല മതാപിതാക്കളുമില്ല
അരുംകൊലകൊണ്ടു ജാതി വൃക്ഷത്തിനു
ചോര ഇറ്റിച്ച് സ്‌നേഹം വളത്തുന്നോരവര്‍..
ആഴത്തിലുള്ള ഇരുണ്ട ഇടങ്ങളില്‍,
ഒളിച്ചുവയ്ക്കപ്പെട്ട ഫോസ്സിലികളായ്
മനമാകെ മാറുമ്പോഴും
ഓരോദിനവും വസ്ത്രങ്ങളാലും
ചിഹ്നങ്ങളായും നിറങ്ങളാലും
വഴിയോരങ്ങളിലും കൈക്കുമ്പിളില്‍ പോലും
മതവെറികള്‍ വേരോട്ടമായ്
സകുടുംബമറിയുക..
അവള്‍ മാത്രമല്ല ഇരയെന്നത്..
സകുടുംബമറിയുക..
അവള്‍ മാത്രമല്ല ഇരയെന്നത്..