Wednesday
21 Nov 2018

മൂന്ന് ആത്മകഥകള്‍

By: Web Desk | Sunday 8 July 2018 3:50 PM IST

ഡോ. പി സജീവ്കുമാര്‍

മുത്തച്ഛന്‍റെ ആത്മകഥയില്‍
നിറഞ്ഞൊഴുകിയ പുഴ
തോണിയിലെ പുഴതാണ്ടല്‍
പുഴക്കാറ്റേറ്റ സായന്തനങ്ങള്‍
പുഴയിലെ പരല്‍മീനുകള്‍
പച്ചപിടിച്ച കരകള്‍.

അച്ഛന്‍റെ ആത്മകഥയില്‍

മെലിഞ്ഞുപോയ പുഴ

പാലത്തിനടിയിലെ മണല്‍മെത്ത
വേനലില്‍പൊള്ളിയ
മണല്‍പ്പരപ്പിലെ സഞ്ചാരങ്ങള്‍
മണല്‍കയറ്റിപ്പോകുന്ന ലോറികള്‍
പച്ചപ്പില്ലാത്ത കരകള്‍.

മകന്‍ എഴുതാന്‍പോകുന്ന
ആത്മകഥയില്‍
പുഴയേയില്ല,
പുഴ കേട്ടുമറന്ന ഒരു പദം
കയറ്റിറക്കങ്ങളുള്ള
ജീവിതത്തെ ഒരു പുഴയായി
അവന്‍ സങ്കല്‍പ്പിക്കുമായിരിക്കാം.