Monday
25 Jun 2018

നിഴലുകള്‍ വെട്ടം കാണുമ്പോള്‍

By: Web Desk | Sunday 10 June 2018 8:45 AM IST

കുറത്തിയാടന്‍ പ്രദീപ്

നിഴലനക്കമിന്നീ വെട്ട-
ച്ചിരിയിലേക്കിറങ്ങേ
നിലവിളക്കു ചൂണ്ടിക്കോപി-
ച്ചിറയകാവലാളര്‍

കരിമെഴുക്കിലുണ്ടേ നേരി-
ന്നരിയ വേലഭാരം
ചിരിമുനയ്ക്കു താഴേക്കാഴ-
ക്കുഴി തിരഞ്ഞ മാനം

മുളയെറിഞ്ഞു കാട്ടില്‍ മാട-
ക്കുടിയൊരുക്കി മാഞ്ഞൂ
മുളയരിഞ്ഞു തീര്‍ക്കാനെന്തേ-
യിനിയുമാര്‍ത്തി നാടേ ?

മുളയറിഞ്ഞു കൂട്ടം നീട്ടു-
ന്നുരുളയല്ല വേണ്ടൂ
ഉടലുടഞ്ഞു വെന്താ മണ്ണി-
ന്നുറവുണര്‍ന്നു വേണം

വെറി ചുരുണ്ട നാവില്‍ ദാന-
ച്ചെളി ചുരത്തിടേണ്ടാ
ചുടലയാട്ടമാടും ചീയാ-
തുടയ മണ്ണു നേടാന്‍

നിഴലനക്കമല്ലാ നാട്ടി-
ന്നുടവടക്കിടാനായ്
തുടലറുത്തു കോര്‍ക്കാം കൈകള്‍
തുടിയുണര്‍ത്തിയാടാം.

കണിപ്പറമ്പില്‍
കുറത്തികാട്
തെക്കേക്കര പോസ്റ്റ്,
മാവേലിക്കര – 7
ആലപ്പുഴ ജില്ല.
690107
ഫോണ്‍: 9496149637