Wednesday
21 Nov 2018

പരീക്ഷ(ണം)

By: Web Desk | Sunday 8 July 2018 3:40 PM IST

ദീപാ സ്വരന്‍

അറിഞ്ഞിരുന്നില്ല
ഒന്നാം മണിക്കൂറിന്‍റെ
ആദ്യ പകുതിയില്‍ത്തന്നെ
ഇത്രമേല്‍ ഒറ്റപ്പെട്ടു പോകുമെന്ന്

ഉത്തരങ്ങളടര്‍ന്നു പോയ
മോണ കാട്ടി
ചോദ്യങ്ങളിങ്ങനെ
കൊഞ്ഞനം കാട്ടി ചെറുതാക്കുമെന്ന്

തുറിച്ച രണ്ടു പൂച്ചക്കണ്ണുകളുടെ
രഹസ്യ വഴികളിലൂടെ
ഒളിനോട്ടങ്ങളെ
പാകപ്പെടുത്തേണ്ടി വരുമെന്ന്

കൊറിച്ചു തുടങ്ങിയ പകല്‍ മടുപ്പ്
ഒടിച്ചു തീര്‍ത്ത കൈഞൊട്ടകളോട്
പരിഭവം പറഞ്ഞപ്പോഴാണ്
അക്ഷരങ്ങളെ
അലങ്കരിച്ചു തുടങ്ങിയത്.
കിരീടം വച്ച രാജാക്കന്മാര്‍,
ആയുധമേന്തിയ ഭടന്മാര്‍,
വെട്ടിക്കളിച്ച പൂജ്യാതിര്‍ത്തികള്‍,
ഭൂപടത്തിനകത്തും പുറത്തും
പിടിച്ചടക്കിയ രാജ്യങ്ങള്‍ …
അങ്കം ജയിച്ചൊരാലസ്യത്തെ
പതിവു പൂച്ചയുറക്കത്തിലേക്കാവാഹിച്ചത്
തോല്‍ക്കുമെന്നുറപ്പുള്ളൊരു
ആമയോട്ടത്തെ
സ്വപ്‌നം കാണാനായിരുന്നു.

രണ്ടാം മണിക്കൂറിലെ
അവസാന പകുതിയില്‍
വിരല്‍ക്കോണിയിലൂടൊരു കരു
ഉച്ചിയിലേക്കു കയറുന്നു.
ചില്ലയൊന്നില്‍
ചുരുണ്ടു പിണഞ്ഞൊരു പാമ്പ്
അതിനെ പാടേ വിഴുങ്ങുന്നു.
ശേഷിക്കുന്ന സെക്കന്റുകളുടെ
സാദ്ധ്യതകളെ ഊതിവീര്‍പ്പിച്ച്
താഴേയ്‌ക്കെറിയുന്നു
രസകരമായൊരു കളി തന്നെയാണേ
ഏണിയും പാമ്പും.

ചുറ്റും ലോകമിപ്പോള്‍
അവസാനവട്ട മിനുക്കുപണികളിലാണ്
ഓര്‍മ്മകളുടെ നാരകച്ചുനയെ
വീണ്ടും വീണ്ടും ഞെരടി മണത്ത്
മുറിവുകളെ തുന്നിച്ചേര്‍ക്കുകയാണ്

വസ്ത്രാക്ഷേപം ചെയ്ത മണിക്കൂറുകളെ
ചവച്ചു തുപ്പി
എന്നെത്തേടേണ്ടതിവിടെയല്ലെന്ന
സാക്ഷ്യപ്പെടുത്തലിനെ
ശുഭമെന്ന് കയ്യൊപ്പ് ചാര്‍ത്തുന്നു.