Monday
20 Aug 2018

പരീക്ഷണശാല

By: Web Desk | Sunday 10 June 2018 9:30 AM IST

ഷൈന്‍ ഷൗക്കത്തലി

യാളുടെ നെറ്റിത്തടത്തില്‍ നിന്നും ചുട്ടുതിളക്കുന്ന അഗ്നിപര്‍വ്വതത്തില്‍ നിന്നൊഴുകുന്ന ലാവയായി വിയര്‍പ്പുതുള്ളികള്‍ ഇറ്റിയിറ്റി വീണുകൊണ്ടിരുന്നു. ശ്വാസത്തിന്റെ മിടിപ്പു കെട്ടഴിച്ചോടുന്ന കുതിരയായി. മൊബൈല്‍ഫോണ്‍ തിരിച്ചുതരണമെന്ന അലര്‍ച്ച പരീക്ഷണശാലയില്‍ ഒരു ഗദ്ഗദമായി മുഴങ്ങി.
മുതിര്‍ന്ന ശാസ്ര്തജ്ഞനായ റോബര്‍ട്ട് കലണ്ടറിലേക്കു കണ്ണോടിച്ചു. ഇയാളെ ഈ സെല്ലില്‍ മൊബൈല്‍ഫോണില്ലാതെ പൂട്ടിയിട്ട് ഇന്നേക്ക് പത്താം ദിനം. മൊബൈല്‍ഫോണും മനുഷ്യമനസ്സും എന്ന വിഷയത്തില്‍ ഗവേഷണം ചെയ്യുന്ന റോബര്‍ട്ടിന്റെ സ്‌പെസിമെന്‍ ആയിരുന്നു ആ സാധു. ഒരു ഗിനി പന്നി.
റോബര്‍ട്ട് അസിസ്റ്റന്റ് റീത്തയെ നോക്കി.
‘നമ്മുടെ ഗവേഷണവിജയം ഇയാളുടെ പരാക്രമങ്ങളിലാണ്.’
ഒന്നാംഘട്ടം ഒരു മാസം കൂടി മൊബൈല്‍ഫോണില്ലാതെ കഴിയാമല്ലോയെന്ന് പരിഹാസഭാവേന ചോദിച്ചപ്പോള്‍ മ്ലാനതയുടെ മുഖമുള്ള ആ മനുഷ്യന്റെ നാഡീഞരമ്പുകള്‍ വലിഞ്ഞുമുറുകി. അയാള്‍ റോബര്‍ട്ടിന്റെ മുഖത്തു കാര്‍ക്കിച്ചൊരു തുപ്പ്. റോബര്‍ട്ട് തൂവാല കൊണ്ടു മുഖം തുടച്ചു. കയ്യിലുള്ള ഫയലില്‍ ചിലതു കുത്തിക്കുറിച്ചു. മൊബൈല്‍ഫോണിനു മനുഷ്യമനസ്സിനെ ചിത്തഭ്രമത്തിന്റെ വാരിക്കുഴിയിലേക്കാഴ്ത്താന്‍ കഴിയുമെന്നു അയാളുടെ മാനസികവിഭ്രാന്തികള്‍ തെളിയിച്ചു.
‘പരീക്ഷണം ഒന്നാംഘട്ടം കഴിഞ്ഞു. ഇനി രണ്ടാംഘട്ടം.’
രണ്ടാംഘട്ടം
അയാള്‍ ശിശുവിനെ പോലെ ചോദിച്ചു.
‘കൊരങ്ങു കളിപ്പിക്കുകയല്ലല്ലൊ?’
ഒരു മണിക്കൂര്‍ കഴിഞ്ഞു മൊബൈല്‍ഫോണ്‍ കൊടുക്കാമെന്നു മോഹിപ്പിക്കുമെങ്കിലും കൊടുക്കാതിരുന്നാല്‍ അനാവരണം ചെയ്യപ്പെടുന്ന പ്രതികരണം ചുടുചട്ടിയിലിട്ട എലിയെ പോലെ ചാട്ടമോ പേപ്പട്ടിയെ പോലെ കുരയോയായിരിക്കും. ഘടികാരത്തില്‍ വലിയ സൂചി മത്സരിച്ചോടിയപ്പോള്‍ ഒരു മണിക്കൂര്‍ ഒരു സെക്കന്റ് പോലെ നീങ്ങി.
‘റീത്ത അയാളോടു മൊബൈല്‍ഫോണ്‍ നാളെ തരാമെന്നു പറയൂ. സാഡിസ്റ്റിക്കായി തന്നെ.’
റീത്ത അപ്രകാരം പറഞ്ഞ വശം അയാളുടെ തലച്ചോര്‍ മൊബൈല്‍ടവര്‍ ആന്റിന പൊട്ടിത്തകരുന്നതു പോലെ തകര്‍ന്നു. സിഗ്നലുകള്‍ താറുമാറായി ചിന്തകള്‍ കെട്ടടങ്ങി. അവസാനമായി ഒരു സെല്‍ഫി എടുക്കണമെന്നു അയാള്‍ നിലവിളിച്ചു. പക്ഷെ തിരിച്ചു വരാന്‍ കഴിയാത്ത ഇരുട്ടിലേക്കയാള്‍ വീണു. ശവത്തെ നോക്കി അമ്പരന്നു നിന്ന റീത്തയുടെ അടുക്കലേക്കു റോബര്‍ട്ട് കയ്യടിച്ചു കൊണ്ട് വന്നു.
‘രണ്ടാം ഘട്ടവും കഴിഞ്ഞു. മനുഷ്യന്‍ മൊബൈല്‍ നിയന്ത്രിക്കുകയല്ല മറിച്ചു മൊബൈല്‍ മനുഷ്യനെ നിയന്ത്രിക്കുന്നു എന്നതാണ് സത്യം. നമ്മുടെ പരീക്ഷണം ചരിത്രമായി!’
തുറന്നു വിട്ട പാണ്ടോറാപ്പെട്ടി പോലെ മരിച്ചയാളുടെ മോബൈല്‍ഫോണില്‍ നിന്നും റിങ്ങ്‌ടോണ്‍ ഈ പ്രസ്താവനയെ അംഗീകരിച്ചു അതിര്‍ത്തികള്‍ ഭേദിച്ചു കൊണ്ടടിച്ചു.