20 April 2024, Saturday

ചില നടപ്പാതകൾ

കണിയാപുരം നാസറുദ്ദീൻ
February 20, 2022 3:00 am

“ഹമുക്കീങ്ങളേ, ചോറ് തിന്നാൽപോര, ആ പാത്രങ്ങൾ കഴുകി വച്ചോളണം.”
ചോറ് തിന്നാൻ നേരം ഉമ്മാടെ ഓർഡർ.
ചിലർ ചോറും തിന്നിട്ട് പാത്രങ്ങൾ വലിച്ചെറിഞ്ഞു പോകുന്ന സൊഭാവോണ്ട്. ചോറിനോടൊപ്പം വ്യത്യസ്ത തരം കൂട്ട് കറികളും ചേർന്ന് വിഭവസമൃദ്ധമായ ഭക്ഷണമായിരിക്കും ഓരോ നേരവും വച്ചു വിളമ്പുന്നത്. അതെല്ലാം എങ്ങനെ കുറഞ്ഞ സമയത്തിനുള്ളിൽ സാധിക്കുന്നു എന്നത് എന്നെ മാത്രമല്ല എല്ലാവരെയും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. വയ്ക്കാനും വിളമ്പാനും കഴിവ് ഉണ്ടായാൽ മാത്രം പോരല്ലോ. എല്ലാവരെയും ഉൾക്കൊള്ളാനുള്ള വിശാലമായ മനസ്സ് ഉണ്ടാകണം.
പലതരം തൊഴിലുകളിൽ ഏർപ്പെടുന്നവർ എല്ലാവരും തന്നെ ഊണിന്റെ സമയമായാൽ സമത്വ സുന്ദരമായി ഒത്തുകൂടുന്നത് കാണാൻ കൗതുകം തന്നെ. തൊഴിലാളികളിൽ വിവിധ ജാതിമതത്തിലുള്ളവരെല്ലാം ഒത്തു കൂടുന്നു. സ്വന്തം വീടു പോലെ തന്നെ. അബ്ദുറഹ്‌മാൻ, ദേവൻ, ബാബു, ജോസഫ് എന്നിവർ ക്കെല്ലാം പ്രവേശനവും ഭക്ഷണം ഉണ്ടായിരിക്കും. ഞങ്ങളുടെ വീട് ഒരു ചെറിയ യതീംഖാന പോലെയായിരുന്നു. വലിയ വീട്. കുറെ തൊടിയും പുരയിടവും. കൃഷിത്തോട്ടങ്ങൾ, കന്നുകാലി കൾ മേഞ്ഞു നടക്കുന്ന പുൽപ്പാടങ്ങൾ…കയറ് പിരിക്കുന്നവർ, തൊണ്ട് തല്ലുന്നവർ, കന്നുകാലികളെ മേയ്ക്കുന്നവർ, തേങ്ങ വെട്ടുന്നവർ തുടങ്ങിയ കുറെ തൊഴിലാളികളും അവരുടെ ബന്ധുക്കളും. എല്ലാം കൂടി ഓരോ നേരവും ഭക്ഷണം കഴിക്കാൻ തന്നെ വലിയൊരു ക്യൂ ഉണ്ടാകുമായിരുന്നു. 

എന്നോട് ഉമ്മാക്ക് അല്പം ദേഷ്യം ഉള്ളത് പോലെയാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഉമ്മാക്ക് മാത്രമല്ല എല്ലാർക്കും ഒണ്ട് ആ ഒരു അകൽച്ച. അതിനു എന്നെ പറഞ്ഞാൽ മതിയല്ലോ. ചെലപ്പോ എനിക്ക് തന്നെ എന്നോട് ഒര് മതിപ്പ് ഇല്ലെന്നേ… മാമീയും മക്കളും എല്ലാദിവസവും എല്ലാ നേരവും വീട്ടിൽ ഉണ്ടാകുമായിരുന്നു. അവർ പാവപ്പെട്ടവരായിരുന്നു. വീട്ടിൽ വന്നു ഓരോരോ ജോലികൾ ചെയ്യുമായിരുന്നു.അത് കൊണ്ടാണ് അവർ ജീവിതം മുന്നോട്ടു കൊണ്ടു പോയിരുന്നത്. 

അവരെ പോലെ കുറെയേറെ കുടുംബങ്ങൾ നമ്മടെ വീട് കൊണ്ട് ജീവിതം കഴിച്ചവരായിരുന്നു. എനിക്ക് മാമീടെ മോള് സൻജൂനോട് ഒര് ഇഷ്ടം ഉണ്ടായിരുന്നു. പക്ഷെ ആരോട് പറയാൻ… ആരും അറിയരുതേ എന്നാണെന്റെ പ്രാർത്ഥന. എല്ലാ തൊഴിലാളികളെയും തൊഴിൽ എടുപ്പിക്കുന്നത് ബാപ്പ ആണെന്ന് പറയേണ്ടല്ലോ. നാട്ടുകാർ ഒക്കെ ഭയപ്പാടോടെ മാത്രേ ബാപ്പാന്റെ പേര് പോലും ഓർക്കാറുണ്ടായിരുന്നുള്ളു. പേരെടുത്ത ഹാജിയാരാണ് ബാപ്പ. നാട്ടിൽ എന്ത് പ്രശ്നവും ബാപ്പ എടപെട്ട് തീരുമാനം ഉണ്ടാക്കും. കണ്ടാൽ പേടിആകും. കൊമ്പൻമീശ ചുരുട്ടി എറായത്ത് ഒരു ചാരു കസേരയിലാണ് ഇരുപ്പ്. ആരു വന്നാലും കാണണ്ടേ. ഇന്നത്തെ പോലെ ഓഫീസ് മുറിയൊന്നും അന്ന് ഇല്ലല്ലൊ. പള്ളി, പഞ്ചായത്ത് ഭരണം എല്ലാം ബാപ്പ പറഞ്ഞവർ തന്നെയേ നടത്തൂ. ഇങ്ങനെയൊരു ബാപ്പയെ കിട്ടിയ ഞാൻ ഭാഗ്യവാൻ എന്നായിരിക്കും നിങ്ങൾ വിചാരിക്കുക.പക്ഷേ, എനിക്ക് പേടിയാണല്ലോ. 

സൻജൂനെ കെട്ടണം എന്ന എന്റെ മോഹം വെറുതെ ആകുമോ എന്നതാണ് എന്റെ പേടി. വീട്ടിൽ ബാപ്പായെങ്ങാനും അറിഞ്ഞാൽ പിന്നെ എന്താവും
കഥ എന്ന് പറയേണ്ടതില്ലല്ലോ. പൊതുജനങ്ങൾ പഞ്ചപുച്ഛമടക്കി നിന്ന് പറയുന്നതൊക്കെ അനുസരിച്ച് വലിയ സ്ഥാനത്ത് പ്രതിഷ്ഠിച്ചു നിർത്തിയിരിക്കുന്ന ബാപ്പ സ്വന്തം മോന്റെ കാര്യത്തിൽ എത്ര മാത്രം കണിശമാകും എന്ന് നിങ്ങൾ തന്നെ ഊഹിച്ചു നോക്കിക്കോളീൻ…

“ഇനീപ്പം അടുത്ത നേർച്ച എന്നായിരിക്കും…? ഇതായിരുന്നു എന്റെ ചിന്ത. കുടുംബത്തിലെ മുഴുവൻ അംഗങ്ങളും ഒത്തു കൂടുന്ന ചടങ്ങാണ് നേർച്ച. സന്ധ്യാ സമയമാകുമ്പോഴേക്കും ആളുകൾ എത്തി തുടങ്ങും. ഒരു കല്യാണത്തിന്റെ തിക്കും തിരക്കും ആൾക്കൂട്ടവും. പള്ളിയിൽ നിന്നും വലിയ ഉസ്താദും കുറേ ചെറിയ ഉസ്താദുമാരും ഒഴുകി വരുന്നത് എന്താ കാഴ്ച… വെള്ളയും വെള്ളയും അണിഞ്ഞ് സുഗന്ധം പരത്തിയുള്ള ആ വരവിനായി കാത്തു നിൽക്കുകയായിരിക്കും നമ്മൾ എല്ലാവരും. ഉസ്താദ് മാർ വന്നു കഴിഞ്ഞാൽ മാത്രമേ ചടങ്ങിന് തുടക്കം ആവൂ. അതുവരെ വരുന്നവരെയൊക്കെ സ്വീകരിച്ചു ഉള്ള സ്ഥലങ്ങളിൽ ഇരുത്തുക. വല്ലതും ഒക്കെ മിണ്ടിയും പറഞ്ഞും ഇരിക്കുക…ചെറിയ ചെറിയ കൂട്ടായ്മ പോലെ അവിടവിടെ കൂട്ടം കൂടി കുറെ പേർ നിൽക്കും. അടുക്കളയുടെ ഭാഗത്ത് നിന്നും ഉയരുന്ന ഭക്ഷണത്തിന്റെ ഗന്ധം എങ്കിലും നമുക്ക് ആസ്വദിക്കാം.

അപ്പോഴും എന്റെ കണ്ണുകൾ ആരെയോ അലഞ്ഞു കൊണ്ടേയിരിക്കും. അത് മറ്റാരേയുമല്ല. സൻജൂനെ തന്നെ… അവളെ ദൂരേന്ന് കാണുമ്പോഴേ കാലുകൾ തമ്മിൽ ഇടിക്കാൻ തുടങ്ങും. പക്ഷെ അവളെ കണ്ടാൽ നേരത്തെ മിണ്ടാൻ കരുതിയ വാക്കുകൾ എങ്ങോട്ടോ മാറി നിന്ന് എന്നെ കളിയാക്കി ചിരിക്കും. സൻജൂനെപ്പോലെ, ഞാൻ എന്തോ പോലെ ആയിപ്പോകും. മാമിക്ക് ഒരു മകൻ ഉണ്ട്. അവൻ ഇതിനൊക്കെ മിടുക്കനാ. റോഡേ പോകുന്ന കോളേജ് ബസിൽ ചാടി കയറി പെൺപിള്ളേർക്ക് കത്ത് കൊടുത്തു കേസായതാ. അവനതൊന്നും ഒരു വിഷയമേ അല്ലാത്ത പോലെ. ആരെയും കൂസാത്ത പ്രകൃതം. എനിക്ക് ആണെങ്കിലോ ഇതിനൊന്നും യോഗമില്ലല്ലോ എന്ന വിചാരമാണെപ്പോഴും.എന്ത് പറയാൻ… ഓരോരുത്തർക്കും ഓരോന്ന് പറഞ്ഞിട്ടുണ്ട്. അതല്ലേ നടക്കൂ… അതിനപ്പുറം വെറുതെ ആഗ്രഹിക്കാമെന്നേയുള്ളു. നടക്കണമെന്നില്ലല്ലോ. ഇങ്ങനെ കുറെ ചിന്തകളുമായി അങ്ങോട്ടും ഇങ്ങോട്ടും നടന്നു കുറെനേരം.
അടുത്ത നേർച്ച ഉടനെ ഉണ്ടാകും എന്ന് തന്നെയാണ് എന്റെ കണക്കുകൂട്ടൽ.

പക്ഷേ ആരും ഒന്നും അതേക്കുറിച്ച് പറയുന്നേയില്ല. ഉമ്മായോട് പറഞ്ഞാലോ, സൻജൂന്റെ കാര്യം. സൻജൂ നല്ല കുട്ടിയാണ്. നല്ല അനുസരണയുള്ള ഒതുക്കമുള്ളവൾ. എന്തായാലും എനിക്ക് ചേരുന്നവൾ. അവളോടൊപ്പം നടക്കുന്നത് കിനാവ് കാണാനേ എനിക്ക് സമയം ഉള്ളു. വെറുതെ എവിടെയെങ്കിലും നിൽക്കുന്നത് അറിഞ്ഞാൽ ഉടനെ എനിക്ക് പണിതരും. ഒന്ന് അവിടെ പോകണം, അയാളെ കാണണം, അതു വാങ്ങി വരണം, ഇത് കൊടുക്കണം… ഇങ്ങനെയൊക്കെയുളള ജോലികൾ എന്നെ തന്നെ ഏൽപ്പിക്കും. ഞാൻ ഒരു കാര്യം പറയാൻ വിട്ട് പോയി. അൽപ്പം ഭക്ഷണപ്രിയനാണ് ഞാൻ. അതുകൊണ്ട് എവിടെ പോയാലും അതിന് പ്രത്യേക ഭക്ഷണം എനിക്ക് വേറെ തരണം.. സാധാരണയ്ക്ക് പുറമെ ആണിത്.

ഉച്ചയ്ക്ക് വിഭവ സമൃദ്ധമായ ഭക്ഷണമാണ് വീട്ടിൽ വച്ചു വിളമ്പുന്നത്. എനിക്ക് മതിവരുവോളം തിന്നാൻ കിട്ടാറില്ല. ഉമ്മ ആണെങ്കിലോ മറ്റുള്ളവരുടെ പട്ടിണി മാറ്റാനുള്ള ശ്രമത്തിലാണ്. അതിനാൽ എവിടെയെങ്കിലും പോകണമെന്നുണ്ടെങ്കിൽ സ്പെഷ്യൽ ഫുഡ് കിട്ടുമല്ലോ എന്നതായിരുന്നു ഏക ആശ്വാസം. അതുകൊണ്ട് പണി കിട്ടുന്നെങ്കിൽ കിട്ടട്ടെ. അതിന് വേണ്ടി തന്നെ യാണ് ഞാൻ ബാപ്പാ കാണത്തക്കവിധം നിൽക്കുന്നത്. ദിനേന കുടുംബ വഴക്കു ഒത്തു തീർക്കാൻ ആളുകൾ വരാറുണ്ട്. എന്താണ് ആ കഴിവ്… രണ്ടാകാൻ വന്നവർ, തല്ലിപ്പിരിഞ്ഞവർ ഒക്കെ ഒന്നായി ചേർന്ന് പോകുന്നത് കാണാൻ കൗതുകം തന്നെ.
നേർച്ച വരുന്ന ദിവസം ഇങ്ങെത്തട്ടെ. എനിക്ക് അവളോട് പറയണം, രണ്ടിലൊന്ന് അറിയണം… ഇങ്ങനെയൊക്കെ ഉള്ളിൽ കരുതി ഉറപ്പിച്ചിരുന്നു.
പക്ഷേ ആരെങ്കിലും അറിഞ്ഞാലേ അതിന് ഒരു പബ്ലിസിറ്റിയുണ്ടാകൂ. അങ്ങനെ ഞാൻ ഉമ്മായോട് തന്നെ കാര്യം ബോധിപ്പിച്ചു. ഉമ്മ ഒരു മറുപടിയും പറയാതെ ചിരിച്ചു തള്ളിക്കളഞ്ഞത് മാത്രം ഇപ്പോൾ ഓർമ്മയിലുണ്ട്. എല്ലാ ഓർമ്മകളും ഒപ്പം ഉണ്ട്. കൂടെ നടക്കാനും. എന്നെ നടത്താനും…
ഞാൻ ഇപ്പോഴും പഴയ ഓർമ്മകളുടെ തണലിൽ നടക്കുകയാണ്. കുറെ കൂടി നടന്നു കഴിഞ്ഞാൽ പള്ളിയെത്തും. അവിടെയാണ് ഉമ്മയും ബാപ്പയും അന്തിയുറങ്ങുന്നത്. അടുത്ത് തന്നെ എനിക്കും അന്തിയുറങ്ങേണ്ടയിടം. അതിലേക്ക് ഉള്ള നടത്തം…

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.