Thursday
15 Nov 2018

അമലു എന്ന പെണ്‍കുട്ടി

By: Web Desk | Sunday 22 April 2018 8:10 AM IST

ബാലയുഗം

സന്തോഷ് പ്രിയന്‍

നന്ദപുരം രാജ്യത്തെ രാജാവായിരുന്നു രാജവര്‍മ്മന്‍. മഹാതീറ്റക്കൊതിയനായ രാജവര്‍മ്മന്‍ രാജ്യകാര്യങ്ങളിലൊന്നും ശ്രദ്ധിക്കാതെ എപ്പോഴും തീറ്റ തന്നെ തീറ്റ. ഒരിക്കല്‍ രാജാവിന് അരിയുണ്ട തിന്നാന്‍ വല്ലാത്ത കൊതി തോന്നി. അദ്ദേഹം ഉടനെ ഒരു വിളംബരം പുറപ്പെടുവിച്ചു.
‘ഏറ്റവും നല്ല അരിയുണ്ട ഉണ്ടാക്കി മഹാരാജാവിന് കാഴ്ചവയ്ക്കുന്ന ആളിന് നൂറു സ്വര്‍ണനാണയം സമ്മാനം.’ ഇതുകേട്ട് ധാരാളം പേര്‍ അരിയുണ്ട ഉണ്ടാക്കി കൊട്ടാരത്തിലേക്ക് വച്ചടിച്ചു.
ഉണ്ടപ്പാറ എന്ന ഗ്രാമത്തില്‍ നല്ല കൊതിയൂറുന്ന അരിയുണ്ട ഉണ്ടാക്കി വില്‍ക്കുന്ന അമലു എന്നൊരു പെണ്‍കുട്ടിയുണ്ടായിരുന്നു.

ആരോരുമില്ലാത്ത അമലു തനിച്ച് ഒരു കുടിലിലാണ് താമസം. രാജാവിന്‍റെ വിളംബരത്തെകുറിച്ച് അമലുവും കേട്ടു. അരിയുണ്ട ഉണ്ടാക്കി രാജാവിന് കാഴ്ചവച്ചാല്‍ ഒരുപക്ഷെ തനിക്ക് സമ്മാനം കിട്ടിയാല്‍ രക്ഷപെട്ടു. പിന്നെ ദാരിദ്ര്യമില്ലാതെ ജീവിക്കാം അമലു കരുതി.
അവള്‍ ഒരു സഞ്ചി നിറയെ അരിയുണ്ടയുമായി അടുത്തദിവസം തന്നെ കൊട്ടാരത്തിലേക്ക് പുറപ്പെട്ടു. എന്നാല്‍ അമലു അറിയാതെ ഒരാള്‍ അവളെ പിന്തുടരുന്നുണ്ടായിരുന്നു. അമലുവിന്‍റെ അയല്‍ക്കാരിയായ കാഞ്ചന ആയിരുന്നു അത്. കുശുമ്പിയും മഹാ അഹങ്കാരിയും ആയിരുന്നു അവള്‍. അവള്‍ക്കും അരിയുണ്ട വില്‍പ്പനയാണ് ജോലി. പക്ഷെ ഒരു സ്വാദുമില്ലാത്ത അവളുടെ അരിയുണ്ട ആരും വാങ്ങാറില്ല. അതുകൊണ്ട് അമലുവിനോട് കാഞ്ചനയ്ക്ക് വല്ലാത്ത ദേഷ്യമായിരുന്നു.

രാജാവിന് അമലുവിന്‍റെ അരിയുണ്ട ഇഷ്ടമാകുമെന്ന് കാഞ്ചനയ്ക്ക് അറിയാമായിരുന്നു. എങ്ങനെയെങ്കിലും അമലുവിനെ തടയണം.- കാഞ്ചന ഉറപ്പിച്ചു.
നടന്നു ക്ഷീണിച്ചപ്പോള്‍ അമലു ഒരു നദിയുടെ കരയിലുള്ള മരച്ചുവട്ടില്‍ ഇരുന്ന് വിശ്രമിക്കാന്‍ തുടങ്ങി. അല്‍പസമയം കഴിഞ്ഞപ്പോള്‍ അവള്‍ നല്ല ഉറക്കമായി. ഈ തക്കം നോക്കി കാഞ്ചന അമലുവിന്‍റെ സഞ്ചിയിലെ അരിയുണ്ടയില്‍ വിഷം പുരട്ടിവച്ചു.
‘ഹും, രാജാവ് ഈ അരിയുണ്ട കഴിച്ച് മരിച്ചു വീഴും. പിന്നെ അമലുവിന്‍റെ തല പോയതുതന്നെ. ഓര്‍ത്തപ്പോള്‍ കാഞ്ചനയ്ക്ക് ചിരി വന്നു. ഇതൊന്നും അറിയാതെ അമലു ഉറക്കമൊക്കെ കഴിഞ്ഞ് കൊട്ടാരത്തിലേക്ക് യാത്ര തുടര്‍ന്നു.
അവിടെ ചെന്നപ്പോഴല്ലേ രസം. രാജവര്‍മ്മനെ അയല്‍രാജ്യത്തെ രാജാവായ സിദ്ധവര്‍മ്മന്‍ ആക്രമിച്ച് കീഴ്‌പ്പെടുത്തിയിരിക്കുന്നു.
പാവം രാജവര്‍മ്മനെ തുറുങ്കിലടച്ച് സിദ്ധവര്‍മ്മന്‍ സിംഹാസനത്തില്‍ ഞെളിഞ്ഞിരിക്കുന്നു. ഓരോരുത്തര്‍ കൊണ്ടുവന്ന അരിയുണ്ടകള്‍ സിദ്ധവര്‍മ്മനും കൂട്ടരും മൂക്കുമുട്ടെ തിന്നുകൊണ്ടിരിക്കുകയാണ്.
‘ഹ..ഹ..ഹ…കൊണ്ടുവാ ഇനിയും അരിയുണ്ട.’ അമലുവിനെ കണ്ടപ്പോള്‍ സിദ്ധവര്‍മ്മന്‍ ആജ്ഞാപിച്ചു. ഉടന്‍ ഭടന്മാര്‍ അമലുവിന്‍റെ സഞ്ചിയിലെ അരിയുണ്ട രാജാവിന് കൊടുത്തു. രാജാവും കൂട്ടരും അത് തിന്നാന്‍ തുടങ്ങി.
വിഷം പുരട്ടിയ അരിയുണ്ടയാണിതെന്ന് സിദ്ധവര്‍മ്മനുണ്ടോ അറിയുന്നു. അല്‍പ സമയത്തിനകം രാജാവും കൂട്ടരും ബോധമറ്റ് ‘ബ്ധും’ എന്ന് താഴെ വീണു. അമലുവിന് കാര്യം പിടികിട്ടി. അവള്‍ വേഗം രാജവര്‍മ്മനേയും കൂട്ടരേയും മോചിപ്പിച്ചു. തന്നേയും രാജ്യത്തേയും രക്ഷിച്ച അമലുവിനെ രാജാവ് കൊട്ടാരത്തില്‍ താമസിപ്പിച്ചു. രാജവര്‍മ്മനാകട്ടെ പിന്നീട് തീറ്റക്കൊതിയൊക്കെ മതിയാക്കി രാജ്യകാര്യങ്ങളില്‍ മുഴുകി നല്ല രാജാവായി മാറുകയും ചെയ്തു.