Monday
17 Dec 2018

ചാവുകടല്‍

By: Web Desk | Sunday 4 February 2018 1:15 AM IST

രാജുകൃഷ്ണന്‍

കൊടുക്കലും വാങ്ങലും പരസ്പര പൂരകങ്ങളായ രണ്ട് പ്രക്രീയകളാണ്. കൊടുക്കുവാന്‍ ഒന്നും ഇല്ലാതെ ആകുകയും വാങ്ങിക്കുവാന്‍ ഒരുപാട് ഉണ്ടാകുകയും ചെയ്യുമ്പോള്‍ ഉള്ളില്‍ കലഹങ്ങള്‍ പൊട്ടിപ്പുറപ്പെടും. ജീവിതം ക്രൂരമായിത്തീരും. തന്റേതായി ഒന്നും ഇല്ലാതായ അവസ്ഥയില്‍ പിന്നെ മരിച്ചു ജീവിക്കുവാനേ കഴിയൂ. ജീവിച്ച് മരിക്കുവാന്‍ ആകില്ല.
ചിലര്‍ ഏതവസ്ഥയിലും ഉയര്‍ന്നുയര്‍ന്ന് ആകാശത്തെ തൊടും. അവിടെ ഇരുന്ന് മഴവില്‍ വര്‍ണ്ണങ്ങളെ തലോടും. ജീവിതത്തെ എണ്ണിപ്പെറുക്കി ആസ്വദിക്കും. അങ്ങനെയുള്ളവര്‍ക്ക് ഉള്ളതാണ് ഈ മണ്ണും വിണ്ണും. അങ്ങനെ ഉള്ളവര്‍ക്ക് മാത്രം. ദൈവം രസികന്‍ തന്നെ. എളുപ്പമുള്ളവ മാത്രം നിര്‍മ്മിച്ച് ഇഹത്തിലേക്കെറിഞ്ഞിട്ട്, യാഥൃശ്ചികതയുടെ കൂട തുറന്നിട്ട് കാലം പടവുകളില്‍ പകിട കളിക്കുന്നത് കണ്ട് ഊറിച്ചിരിക്കുന്നു.

ഇളയ കുട്ടിയെ സ്‌കൂളില്‍ ആക്കി മടങ്ങുമ്പോഴാണ് നിഷ്‌കളങ്കന്റെ ഉള്ളില്‍ ഇത്തരം ചിന്തകളത്രയും പൊന്തി വന്നത്. ചില്ലിക്കാശിന്റെ വരുമാനം ഇല്ലാതെയായിട്ട് ദിവസങ്ങള്‍ ഏറെയായി. ചിന്തകള്‍ കാടുകയറി തുടങ്ങിയിട്ടും അത്രത്തോളം ആയി നാളുകള്‍. കൈയ്യും വീശി, കളിച്ച് ചിരിച്ച് നടക്കുന്ന ചെറുപ്പകാലമല്ലയിത്. കുട്ടികള്‍, മീനാക്ഷി, അവരുടെ ആവശ്യങ്ങള്‍. അത്യാവശ്യങ്ങള്‍ക്ക് പോലും കൈയില്‍ കാശ് തികയാതെ വന്നാല്‍ പിന്നെ കൈയ്യും കാലും അനങ്ങില്ല. ആകെയൊരു നീറ്റലാണ്.

ഈ കാലത്ത് ഭക്ഷണത്തിനും വസ്ത്രത്തിനും മാത്രമല്ല, അല്ലാതെ തന്നെ നൂറ് നൂറ് ആവശ്യങ്ങള്‍. നമ്മെപ്പോലുള്ള പാവങ്ങള്‍ക്ക് ഓര്‍മ്മവച്ച നാള്‍ മുതല്‍ ഇങ്ങനെയൊക്കെ തന്നെ ജീവിതം. എന്നാല്‍ ഇതിപ്പോള്‍ നിനച്ചിരിക്കാതെ ആണ് 500, 1000 രൂപാ നോട്ടുകള്‍ പിന്‍വലിച്ചുകൊണ്ട് സര്‍ക്കാര്‍ പ്രഖ്യാപനം ഉണ്ടായത്. അതോടെ എല്ലാം നിശ്ചലമായത് പോലെയായി.
മടങ്ങിവരുന്ന വഴി അടുക്കള ആവശ്യങ്ങള്‍ക്ക് അത്യാവശ്യം വേണ്ട ചില സാധനങ്ങള്‍ വാങ്ങി വരണം എന്ന് ചട്ടംകെട്ടിയാണ് മീനാക്ഷി വിട്ടത്. മനസ്സില്‍ അതുണ്ടായിരുന്നിട്ടും, കടയിലേക്ക് നോക്കാതെ അവിടം കടന്നുപോരുന്നു. എന്തെങ്കിലും വാങ്ങിച്ചുപോയാല്‍ കൈയ്യില്‍ മിച്ചമുള്ള ചില്ലറ തുക, അതുകൂടിയങ്ങ് തീര്‍ന്നുപോയാല്‍…. എന്തെങ്കിലും അത്യാവശ്യം വന്നു കയറിയാല്‍ എന്തുചെയ്യും… അതായിരുന്ന ചിന്തയിലത്രയും.

പലയിടങ്ങളിലും പണി അന്വേഷിച്ചു. കൈയ്യില്‍ പണമില്ലാത്തതിനാല്‍ പുറംപണികള്‍ക്ക് ആരും ആരേയും വിളിക്കാതെയായി. അല്ലറ ചില്ലറ ജോലികള്‍ക്ക് പോയി, ജീവിതം അങ്ങനെയങ്ങനെ തള്ളി നീക്കി വരുകയായിരുന്നു. അതൊരു ചെറിയ കാര്യമായിരുന്നില്ല. പിള്ളേരുടെ കാര്യങ്ങളും വീട്ടുകാര്യങ്ങളും ഒരുവിധം നടത്തിക്കൊണ്ടുപോകുവാന്‍ അതൊക്കെ മതിയായരുന്നു. എത്രത്തോളം ഉണ്ടെങ്കിലും എത്ര പേര്‍ക്കിടയിലും ഇരിക്കുന്ന ഇടവും കഴിക്കുന്ന ആഹാരവും അദ്ധ്വാനിച്ച് സ്വയം കണ്ടെത്തുക തന്നെ വേണം. അല്ലാത്തപക്ഷം എന്നെങ്കിലും ഏതെങ്കിലും തരത്തില്‍ അതിന് ഉത്തരം പറയുക തന്നെ വേണ്ടിവരും. അങ്ങനെയൊരു തോന്നല്‍ കുട്ടിക്കാലം മുതല്‍ ഉള്ളതായിരുന്നു.

എന്‍റെയൊക്കെ കുട്ടിക്കാലത്ത് മീനോ, വീട്ടില്‍ വിളയാത്ത മറ്റ് എന്തെങ്കിലുമോ കൂടി പുറമേ വാങ്ങിയാല്‍ മതി. രണ്ട് തേങ്ങയിട്ട് കൊടുത്താല്‍, ഒരുമൂട് ചീനി പിഴുത് വിറ്റാല്‍ ബാക്കി കൊണ്ടൊക്കെ കഴിഞ്ഞുപോകാം. അളന്ന് മാറ്റി വയ്ക്കുവാന്‍ അന്ന് ആര്‍ക്കും വലിയ കാര്യങ്ങള്‍ ഒന്നുമില്ല. ചെറിയ ചെറിയ സ്വപ്നങ്ങള്‍ മാത്രം. ഇന്നിപ്പോള്‍ അങ്ങനെയല്ല, ടി.വി., ഫ്രിഡ്ജ്, മൊബൈല്‍, വസ്ത്രങ്ങള്‍… എന്തെല്ലാം. അതൊന്നുമില്ലാതെ പറ്റാതെയുമായി. ഇത്രയധികം യാത്രകളും വേണ്ടിവന്നിരുന്നില്ല. പോയാല്‍ അയലത്ത്, അല്ലെങ്കില്‍ അതിനടുത്ത് ബന്ധുവീട് വരെ. എല്ലാവര്‍ക്കും എല്ലാവരേയും അറിയാം. പരസ്പരം തൊട്ടുനോക്കി അടുത്ത് നില്ക്കാം. ഇന്നിപ്പോള്‍ അയല്‍ക്കാരെപ്പോലും അറിയാതെ ചുറ്റും ചുവരുകളും മതിലും.
ഓരോരോ കാലത്ത് ഓരോരോ തോന്നലുകള്‍. അല്ലാതെ എന്ത് പറയാന്‍… കുറച്ചുകാലം ഗള്‍ഫില്‍ പോയി ജോലി നോക്കി. കൂടെയുള്ള ആളുടെ പ്രേരണകൊണ്ടുകൂടി ആയിരുന്നു എന്ന് വേണമെങ്കില്‍ പറയാം. കുഞ്ഞുങ്ങളെ നല്ല രീതിയില്‍ വളര്‍ത്തണ്ടേ. പക്ഷേ, ഗുണം പിടിച്ചില്ല. ഒടുവില്‍ മീനാക്ഷിയും പറഞ്ഞു. ഈ നാട്ടില്‍ ജീവിച്ച്, ഇവിടെ മരിച്ചുവീഴുന്നതാണ് ആശ്വാസം. അതാണ് പുണ്യവും ഭാഗ്യവും. ഏത് നാട്ടില്‍ ഉള്ളവര്‍ക്കും ഇങ്ങനെയൊക്കെ തന്നെയാകും തോന്നുക. എല്ലാവരുടേയും അസ്തിത്വം അവര്‍ വളര്‍ന്ന മണ്ണിനോട് ചേര്‍ന്ന് നില്‍ക്കും.
ജോലി തെണ്ടി ക്ഷീണിച്ച് മടങ്ങി വീട്ടില്‍ എത്തിയപ്പോള്‍ മീനാക്ഷി മൂത്തയാളെ വാരിയിട്ട് തല്ലുന്നതാണ് കണ്ടത്. എന്താണ് കാര്യം എന്ന് അന്വേഷിച്ചപ്പോള്‍ “അവനു വിശക്കുന്നു…” അവള്‍ പറഞ്ഞു.

“അതിനെന്താ വല്ലതും കഴിക്കാന്‍ കൊടുത്താല്‍പോരേ.”
മീനാക്ഷി അതുകേട്ട് പൊട്ടിത്തെറിച്ചു.
“വീട്ടിലുണ്ടാക്കുന്നതൊന്നും അവര്‍ക്ക് പോര. കടയപ്പം തിന്നണം പോലും കടയപ്പം…”
“നീ കള മീനാക്ഷി. ഓര് കുട്ട്യോളല്ലേ…”
അവളപ്പോള്‍ നിലവിളിച്ചുകൊണ്ട് പറഞ്ഞു.
“അവര്‍ക്ക് ആവശ്യമുള്ളതൊക്കെ വാങ്ങിക്കൊടുക്കാന്‍ ഇവിടെയെവിടെയാ കാശ്…”
ഞാന്‍ പിന്നെ ഒന്നും പറഞ്ഞില്ല.

ഗള്‍ഫില്‍ നിന്ന് മടങ്ങുമ്പോള്‍ ബാക്കിവന്ന അല്പം തുക ബാങ്കിലുണ്ട്. ഗള്‍ഫിലെ കൊടുംചൂടില്‍ താന്‍ വിയര്‍ത്ത് ഉണ്ടാക്കിയ പണമാണ്. പഴയ നോട്ടുകള്‍ കെട്ടി, എത്ര ആവശ്യം വന്നിട്ടും എടുക്കാതെ, ഉള്ളില്‍ സൂക്ഷിച്ചിരുന്നതാണ്. അത് ഇനി എടുക്കാതെ കഴിയില്ല.
പിറ്റേന്ന് രാവിലെ ബാങ്കിലേക്ക് പുറപ്പെട്ടു. അവിടെ കുതിര എടുക്കുവാന്‍ തക്ക ജനക്കൂട്ടം. നിയന്ത്രിക്കുവാന്‍ പോലീസ്. പിന്നെയും പിന്നെയും പിന്നിലേക്ക് നീണ്ട് വളരുന്ന നിരകളിലൊന്നില്‍ സ്ഥാനം പിടിച്ചു. കൗണ്ടറിന് മുന്നില്‍ എപ്പോള്‍ എത്തുമെന്ന അറിയാതെ പകച്ചു. തിക്കും തിരക്കും കൂടിക്കൂടി വരുകയാണ്. ഇതിനിടയില്‍ തക്കം നോക്കി നിന്ന ഒരു വിരുതന്‍ എന്റെ വരിയില്‍ എനിക്ക് മുന്നില്‍ സ്ഥാനം പിടിച്ചു. പിഴച്ചുപോകട്ടെ എന്നുകരുതി ഒന്നും പറയാന്‍ നിന്നില്ല. പക്ഷേ, പിന്നില്‍ നിന്നയാള്‍ വിട്ടുകൊടുക്കുവാന്‍ തയ്യാറായില്ല. ഉന്തും തള്ളുമായി. അതിനിടയില്‍പ്പെട്ടുപോയ ഞാനാണ് കാരണക്കാരന്‍ എന്ന് ആരോപിച്ച് പോലീസുകാര്‍ എന്റെ കുത്തിന് പിടിച്ചു. ലാത്തികൊണ്ടിടിച്ചു. ബഹളത്തിനിടയില്‍ പല പ്രാവശ്യം നിരപരാധിത്വം പറഞ്ഞുനോക്കി. എങ്ങനെയെങ്കിലും കുറെ നോട്ടുകള്‍ നേടുവാന്‍ ഉള്ള പങ്കപ്പാടില്‍ ഭ്രാന്ത് പിടിച്ചു നില്ക്കുകയായിരുന്ന കാഴ്ചക്കാര്‍ പോലീസുകാരെ തിരുത്തുവാനോ എന്നെ സഹായിക്കാനോ തയ്യാറായില്ല. പോലീസിന് ഒരിരയെ ആയിരുന്നു ആവശ്യം. അവര്‍ വലിച്ചിഴച്ച് ജീപ്പിന് ഉള്ളിലേക്ക് തള്ളി. തടിച്ച ഷൂസുകൊണ്ട് ചവിട്ടി. സ്റ്റേഷനിലും ക്രൂരമായ ഭേദ്യം ചെയ്യല്‍. കള്ളപ്പണം തടയുവാന്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്ന നോട്ടുനിരോധനത്തെ അട്ടിമറിക്കുവാന്‍ ശ്രമിക്കുന്ന ഗ്രൂപ്പിന്റെ കണ്ണിയാണെന്ന് അവര്‍ ആരോപിച്ചു. രാത്രിയും പകല്‍ മുഴുവനും ചോദ്യം ചെയ്തു. ഒടുവില്‍ കേസ് ചാര്‍ജ്ജ് ചെയ്ത് വിട്ടയച്ചു. ചിറകുകള്‍ അരിഞ്ഞ പക്ഷിയെപ്പോലെ, ആത്മശോഷണം വന്ന ജീവനുമായി അയാള്‍ പുറത്തിറങ്ങി.

പകല്‍ത്തിരക്കില്‍ പാഞ്ഞ ഏതോ ചരക്കുവണ്ടി തട്ടിയിട്ട മരപ്പട്ടിയെപ്പോലെ വിജനമായ തെരുവ് വഴിയില്‍ ചതഞ്ഞരഞ്ഞ് കിടന്നു. ചുറ്റിനും ചിന്തേരിരുള്‍ രാവിരാവി ചീര്‍ത്ത് ഛലമൊഴുകിയ രാവ് വിതുമ്പിക്കരഞ്ഞ്.

കാറ്റ് മിനഞ്ഞ് മിനഞ്ഞ് ഒരുക്കിയെടുത്ത ഒരു കൂടാരമായിരുന്നു ഇതുവരെ വീട്. അകത്തും പുറത്തും നിറയെ നേര്‍ത്ത തണുപ്പ് പകര്‍ന്ന് നിന്ന കൂടാരം. ഇപ്പോള്‍ വീടിനെക്കുറിച്ച് ഓര്‍ത്തപ്പോള്‍, മീനാക്ഷിയേയും കുട്ടികളേയും കുറിച്ച് ഓര്‍ത്തപ്പോള്‍ ഉള്ള് പൊള്ളി. ഇതുവരെ കൈയ്യടികള്‍ മാത്രമേ കിട്ടിയിരുന്നുള്ളൂ. കൂകിവിളികള്‍, അത് തൊടുത്തുവിടുന്ന കൂരമ്പുകള്‍ കരള്‍ തുരന്ന് മുറിഞ്ഞുപൊട്ടി. ഈ സൈക്കിള്‍യജ്ഞം ഇവിടെ അവസാനിപ്പിച്ചാലോ എന്ന് മനസ് ചോദിച്ചു.

അനുഭവങ്ങള്‍ നമ്മെ പലതും പഠിപ്പിക്കും. ചിലത് ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ട് വരുവാന്‍ സദാ ശ്രമിച്ചുകൊണ്ടിരിക്കും. ചിലത് ഒരു ഭാരമായി ഉള്ളില്‍ കെട്ടി, ജീവിതത്തില്‍ നിന്ന് നമ്മെ പറിച്ചെറിയും. നിഷ്‌കളങ്കനെ സംബന്ധിച്ച് അനുഭവം ഒരു ചാക്കുകെട്ടിനുള്ളിലെന്നപോലെ അസ്വസ്ഥനാക്കി. ഒന്നിനോടും ഒരിഷ്ടവും തോന്നിയില്ല. വായും മുഖവും മൂടിക്കെട്ടി അലസത പിന്നാലെ നടന്നു. മീനാക്ഷിയേയും കുട്ടികളേയും കുറിച്ച് ഓര്‍ക്കുവാനെ ശ്രമിച്ചില്ല. കാലണയ്ക്ക് വിലയില്ലാത്ത ഈ ജീവിതം കൊണ്ട് താനാരെ സ്‌നേഹിക്കണം. ജീവിതത്തെ തന്നെ താനെന്തിന് സ്‌നേഹിക്കണം. ചാക്കുകെട്ടില്‍ നിന്ന് പുറത്ത് കടക്കുവാനുള്ള ഒരു ത്വരയും അയാളില്‍ ഉയര്‍ന്നുവന്നില്ല.

ഏകാകികളുടെ മനസ്സ് ഒരു തുരുത്താണ്. ഒറ്റപ്പെട്ട തുരുത്ത്. അവിടെ ഒരായിരം ചീവീടുകള്‍ സദാ ചിലച്ചുകൊണ്ടിരിക്കും. ആ ഇരുട്ടിനുള്ളില്‍ നാം തെളിക്കുവാന്‍ ശ്രമിക്കുന്ന വെളിച്ചങ്ങളൊന്നും പിന്നെ വെളിച്ചങ്ങളെ ആകുന്നില്ല. ചൂട് പിടിച്ച ചിന്തകള്‍ക്ക് മേല്‍ മഞ്ഞുകട്ടകള്‍ കയറ്റി വച്ച് തണുക്കുമ്പോള്‍ ഒന്ന് ഉറങ്ങുവാന്‍ കഴിഞ്ഞെങ്കില്‍ എന്ന് ആശിച്ച്. എന്നാല്‍ അയാള്‍ക്ക് അതിന് കഴിഞ്ഞില്ല.

മനസ്സിന്‍റെ മുറിവുണങ്ങാപ്പാടുകള്‍ പൊട്ടിയൊലിച്ചു. വേദനയുടെ ഹുങ്കാരം എരിഞ്ഞുപടര്‍ന്നു. നിലാവിന്റെ ഉച്ചിയില്‍ കാട്ടുതീപോലെ ഒരു കരച്ചില്‍ വന്നുവീണ് പൊട്ടിച്ചിതറി. ജീവിതം, ഉള്ളില്‍ നിധിയൊളിപ്പിച്ച തങ്കക്കുടം. നിരന്തരം അതെടുക്കുവാന്‍ ശ്രമിക്കുവോര്‍ നാം, നമുക്കെല്ലാം ഒടുവില്‍ മരണമാണ് വിധി.

ഇങ്ങനെ ഒരു മരണം തന്നെ തിരഞ്ഞെടുക്കണം എന്നൊന്നും കരുതിയിരുന്നില്ല. ഏതെങ്കിലും ഒരു വാഹനത്തിന് മുന്നിലേക്ക് പെട്ടെന്ന് ഇറങ്ങി നിന്നോ പുഴയിലേക്ക് എടുത്ത് ചാടിയോ, അല്ലെങ്കില്‍ വിഷം കഴിച്ചോ നിസാരമായി ഇത് ഒടുക്കുവാനെയുള്ളൂ. എന്നാല്‍ അയാള്‍ ഇങ്ങനെ ഒരു തീരുമാനത്തില്‍ എത്തുകയായിരുന്നു.

കുരുക്കിട്ട് മുറുക്കിയ കയര്‍ത്തുമ്പിന് കീഴെ, കുടുക്കിനുള്ളിലേക്ക് തലയിറക്കി മെല്ലെ നിവര്‍ന്നു. അനന്തവിഹായസ്സില്‍ രാത്രിയുടെ അന്ത്യയാമത്തില്‍ നിലാവിന്റെ മങ്ങിയ വെളിച്ചത്തില്‍ ഒരു കിളി അപാരതയില്‍ ഇരുട്ടിലേയ്ക്ക് ഇരുട്ടിലേയ്ക്ക് ചിറകടിച്ച് പറക്കുന്നത് അയാള്‍ കണ്ടു. കളിച്ചു വളര്‍ന്ന ചുറ്റുപാടുകളിലേയ്ക്ക് കാഴ്ച നീണ്ടു. ഭൂമിയിലെ ഒടുവിലത്തെ കാഴ്ച അവസാനിപ്പിച്ചു കണ്ണുകള്‍ അടച്ചു. കൈകള്‍ കൂപ്പി ഒരു നിമിഷം. പെട്ടെന്ന് ചവിട്ടി നിന്ന താങ്ങ് തട്ടി വീഴ്ത്തി. കയര്‍ത്തുമ്പില്‍ തൂങ്ങി ഠപോന്ന് താഴേക്ക്. കഴുത്തിലെ കുടുക്ക് മുറുകി. അവസാനം വലിച്ച വായു ശ്വാസനാളത്തില്‍ എവിടെയോ കുടുങ്ങി. ഞരമ്പുകള്‍ക്കുള്ളില്‍ ചോരയുടെ ഒഴുക്ക് നിലച്ചു. വേദനയുടെ നൂറുനൂറായിരം പിരിവുകള്‍. ജീവന്‍ കൈകാലുകള്‍ ഇളക്കി പിടഞ്ഞു വേര്‍പെട്ടു. തുറിച്ച് തള്ളിയ കണ്ണുകളില്‍ നിന്ന് കാഴ്ച അറ്റ ജീവനു പിന്നാലെ പാഞ്ഞു. പിടച്ചിലടങ്ങി. മുറിഞ്ഞ് പുറത്തേക്ക് തള്ളിയ നാവ് തളര്‍ന്ന് വീണു. കഴുത്ത് മറിഞ്ഞു. ശവം കയര്‍ത്തുമ്പില്‍ തൂങ്ങിയാടി.

വേദനയുടെ ഈരാളിപ്പിടുത്തത്തില്‍ മാന്തി നഖമുനിയില്‍ കുടുങ്ങിയ മാംസത്തുണ്ടിലെ തുടിപ്പടങ്ങി. മുറിവുകളില്‍ പൊടിഞ്ഞ ചോര കറുത്ത് കുറുകി. നിറഞ്ഞുകവിഞ്ഞ് കണ്ണുനീര്‍ കനച്ചു. ദൂരെ ഏതോ തരിശുനിലത്തിലെ മണ്‍പുറ്റുകളില്‍ നിന്ന് ഊര്‍ന്ന് പാറിപ്പറന്നെത്തിയ പൊന്തനീച്ചകള്‍ ശവത്തിനെ പൊതിഞ്ഞ് വട്ടമിട്ട് മൂളി. പിന്നെ തുറന്നിരുന്ന കണ്‍പോളകള്‍ക്ക് മേല്‍ വന്നിരുന്നു. കണ്ണുകള്‍ക്കുള്ളിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള നിമ്‌നോന്നതങ്ങളിലേക്ക് നോക്കി ചിറക് പരത്തി. അനാദികാലങ്ങള്‍ക്ക് അപ്പുറം ചിരംജീവികളായ ചീവീടുകള്‍ ചിലച്ച് തുള്ളുന്ന മറുകര കണ്ടു. ശരീരത്തിനുള്ളിലെ ഓരോ കോശങ്ങളുടേയും ആത്മാവുകള്‍ പുഴുക്കളായ് കിളിര്‍ത്ത് പൊന്തി. വലിഞ്ഞു പുളഞ്ഞു. അവയുടെ അടിവയറ്റില്‍ കെട്ടിയ കീഴ് ശ്വാസം പൊട്ടി ദുര്‍ഗന്ധം ചുറ്റിനും പരന്നു. മാംസം ഇറുന്നിറങ്ങി പുഴുക്കള്‍ക്കൊപ്പം മണ്ണിലേക്ക് മറിഞ്ഞു. കാറ്റ് ഗന്ധത്തെ ഒഴിഞ്ഞ പറമ്പിലെ മുടുക്കുകളിലേക്ക് വലിച്ചുകൊണ്ടുപോയി. എന്നാല്‍ ഏകാന്തനിശബ്ദതയില്‍ സംഭവിച്ച ആ ദുര്‍മരണം പുറംലോകം ഇതുവരെ അറിഞ്ഞതേയില്ല.

വിലാസം : രാജുകൃഷ്ണന്‍, മന്ദാകിനി, വരിഞ്ഞം, കല്ലുവാതുക്കല്‍ പി.ഒ., കൊല്ലം – 691 578
ഫോണ്‍: 9947031257 ഇ-മെയില്‍:  [email protected]