Monday
15 Oct 2018

ആരുമില്ലാത്തപ്പോള്‍ വീട്

By: Web Desk | Tuesday 14 November 2017 11:11 PM IST

എം ബഷീര്‍

നിറയെ
ആളുകളുള്ളപ്പോഴാണ്
ഒരു വീട്
ഒറ്റയ്ക്കാവുന്നത്

കാറ്റ് വിരല്‍ മീട്ടുന്ന
മരങ്ങളുണ്ടെങ്കിലും
കൈകൊട്ടിപ്പാടുന്ന
ഇലകളുണ്ടെങ്കിലും
മൗനം പുതച്ച
മതിലുകളേയുള്ളു
വീടിന് കൂട്ടായ്

വിരുന്നുകാരുടെ
നൃത്തമുണ്ടെങ്കിലും
വിശപ്പകറ്റാന്‍
വിഭവസമൃദ്ധിയുടെ
തീന്‍മേശയുണ്ടെങ്കിലും
ഏകാന്തതയുടെ വിരിയിട്ട
ജനാലകളേയുള്ളു
വീടിന് സ്വന്തം

ശലഭങ്ങള്‍ പാര്‍ക്കുന്ന
മുറികളുണ്ടെങ്കിലും
മഴവില്ല് തോരണമിട്ട
മേല്‍ക്കൂരയുണ്ടെങ്കിലും
നിറംമങ്ങിയ ചുമരുകളേയുള്ളു
വീടിനെ പുണരാന്‍

സ്വീകരണമുറിയിലെ
തിരക്കുണ്ടെങ്കിലും
കിടപ്പറയിലെ പ്രണയമുണ്ടെങ്കിലും
അടുക്കളയിലെ
കരിപിടിച്ച നിഴലുകളേയുള്ളു
വീടിന്റെ കൈപിടിക്കാന്‍

തോരാമഴയുടെ
നടുമുറ്റമുണ്ടെങ്കിലും
ശീതീകരണിയുടെ
ആലിംഗനമുണ്ടെങ്കിലും
എരിവെയിലിന്റെ
ചുട്ടുപഴുത്ത ചുണ്ടുകളേയുള്ളു
വീടിനെ ചുംബിക്കാന്‍

ആരുമില്ലാത്തപ്പോഴാണ്
ഒരു വീട്
അതിന്റെ വാതിലുകളെല്ലാം
തുറന്നിടുന്നത്…