Wednesday
21 Nov 2018

ഭരണയന്ത്രത്തിലെ മൂടില്ലാത്താളികളും കിളികൊല്ലൂരിലെ അലിക്കുഞ്ഞുപയ്യനും

By: Web Desk | Sunday 9 September 2018 8:39 PM IST

കൊല്ലം കിളികൊല്ലൂരില്‍ ഒരു പയ്യനുണ്ടായിരുന്നു. അലിക്കുഞ്ഞ്. നാട്ടുകാര്‍ അവനെ വിളിക്കുന്നത് അലിക്കുഞ്ഞ് മുസലിയാരെന്ന്. ഏതു വമ്പനെയും തന്റെ വാപ്പയാണെന്ന് അവകാശപ്പെടുന്ന പാവം തെരുവുപയ്യന്‍. കിളികൊല്ലൂരില്‍ത്തന്നെയായിരുന്നു കേരളത്തിലെ കശുഅണ്ടി രാജാവായിരുന്ന തങ്ങള്‍ കുഞ്ഞു മുസലിയാരുടേയും താമസം. കശുഅണ്ടി തൊഴിലാളികളുടെ സമരം നയിച്ച സിപിഐയുടെ അജാതശത്രുവായ എം എന്‍ ഗോവിന്ദന്‍ നായരെപോലും നാലു കാതുള്ള കൊട്ടയില്‍ വെട്ടിക്കെട്ടിക്കളയുമെന്ന് വീമ്പിളക്കിയ ജഗതലപ്രതാപന്‍. തങ്ങള്‍കുഞ്ഞു മുസലിയാരെ കാണാന്‍ ഒരു തൃശൂര്‍ പട്ടിക്കാട്ടുകാരന്‍ കിളികൊല്ലൂരിലെത്തി. കണ്ണില്‍പ്പെട്ടത് അലിക്കുഞ്ഞു പയ്യന്‍. മുസലിയാരുടെ വീട് എവിടെയെന്നു പയ്യനോട് ചോദിച്ചുകളയാമെന്നു കരുതി പയ്യനടുത്തെത്തിയ പട്ടിക്കാട്ടുകാരന് പഴയൊരു സായിപ്പിന്റെ കഥയാണ് ഓര്‍മ വന്നത്. വരയന്‍കുതിരയെ കണ്ട സായിപ്പ് അതിനോട് ചോദിച്ചത്രെ; ‘കുതിരേ നീ കറുത്ത വരയുള്ള വെളുത്ത കുതിരയാണോ അതോ വെളുത്ത വരയുള്ള കറുത്ത കുതിരയാണോ എന്ന്. കാരണം പയ്യന്റെ പടുതിയും അങ്ങനെയായിരുന്നു. കണ്ടം ബെച്ച ലുങ്കി. ആകമാനം തുളയുള്ള ബനിയന്‍. ബനിയനില്‍ തുളയാണോ കൂടുതല്‍ തുണിയാണോ കൂടുതല്‍ എന്ന് തിരിച്ചറിയാന്‍ പറ്റാത്ത പരുവമായിരുന്നു. പട്ടിക്കാട്ടുകാരന്‍ തെരുവു പയ്യനോട് ചോദിച്ചു; തങ്ങള്‍കുഞ്ഞുമുസലിയാര്‍ മുതലാളിയുടെ വീടേതാ? പയ്യന്‍ ചോദിച്ച് ഉറപ്പുവരുത്തുന്നു, അതു ഞമ്മന്റെ ബാപ്പയലേ്യാ. അതാണ് വീട്. ആ കുട്ടി വീട് ചൂണ്ടിക്കാട്ടിക്കൊടുത്തു. വലിയവനാരായാലും അതു തന്റെ വാപ്പയാണെന്ന് അവകാശപ്പെട്ടുകളയുന്ന അലിക്കുഞ്ഞ് മുസലിയാര്‍.

ഇത് പണ്ടത്തെ കഥയാണെങ്കിലും ഇപ്പോഴും ആരെയും വാപ്പയെന്നു വിളിച്ചു കളയുന്നവരുണ്ടല്ലോ എന്നോര്‍ത്തപ്പോള്‍ അത്ഭുതം തോന്നി. രാക്ഷസപ്രളയത്തില്‍ സര്‍വവും തകര്‍ത്തെറിഞ്ഞ് ദുരിതാശ്വാസ ക്യാമ്പുകളിലായ ജനസഹസ്രങ്ങള്‍ക്ക് സഹായവുമായെത്തി ക്യാമ്പുകളില്‍ മുണ്ടും മാടിക്കുത്തി നടന്ന കൃഷിമന്ത്രി വി എസ് സുനില്‍കുമാറിന്റെ ചിത്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമായിരുന്നു. ഇതു കണ്ടപ്പോള്‍ ആര്‍എസ്എസ് സൈബര്‍ ക്രിമിനലുകള്‍ക്ക് ഒരു പൂതി. ഈ ചിത്രം നമുക്കങ്ങു പ്രയോജനപ്പെടുത്തിയാലോ. കാറ്റുള്ളപ്പോഴല്ലേ തൂറ്റാനാവൂ. വടക്കേ ഇന്ത്യയില്‍ മാത്രമെത്തുന്ന നവമാധ്യമങ്ങളില്‍ ആര്‍എസ്എസുകാര്‍ ഒരു കാച്ചുകാച്ചി. മന്ത്രി സുനില്‍കുമാറിന്റെ ചിത്രം സഹിതം. പടത്തിന്റെ അടിക്കുറുപ്പില്‍ ‘ആര്‍എസ്എസ് കാര്യവാഹക് വി എസ് സുനില്‍കുമാര്‍ കേരളത്തിലെ പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു’വെന്ന് ഒരു താങ്ങ്. ആരെയും ബാപ്പയെന്നു വിളിക്കുന്ന കിളികൊല്ലൂര്‍ അലിക്കുഞ്ഞ് ആര്‍എസ്എസ് ആയി പുനര്‍ജനിച്ചോ!

മൂടില്ലാത്താളി സസ്യകുലത്തിലെ ഒരത്ഭുതമാണ്. കാസിന ഫിലിഫോളിസ എന്ന ശാസ്ത്രീയ നാമമുള്ള ഈ സസ്യം പടര്‍ന്നുകയറുന്ന വള്ളി രൂപത്തിലുള്ളതാണ്. പടര്‍ന്നുകയറുന്ന ചെടിയെയാകെ മൂടി അതില്‍നിന്നും ആഹാരം വലിച്ചെടുത്ത് ചെടിയെ നശിപ്പിക്കാന്‍ കഴിവുള്ള വള്ളിവീരന്‍. ഒരു അര്‍ധപരാദസസ്യമായ ഈ ചെടിയുടെ ഫ്രഞ്ചുഭാഷയിലെ പേരുതന്നെ ലിയാനേ പാരസൈറ്റ് എന്നാണ്. അമരവള്ളിയെന്നും ആകാശവള്ളിയെന്നും പാപനാശിനിയെന്നും വിളിപ്പേരുള്ള ഇതിന്റെ മഞ്ഞവള്ളികള്‍ക്ക് മൂടുമില്ല തലപ്പുമില്ല. പടര്‍ന്നുകയറുന്ന ചെടിയില്‍ നിന്ന് പകുതി ആഹാരം മറുപകുതി അന്തരീക്ഷത്തില്‍ നിന്ന്. തന്റെ ആതിഥേയനായ ചെടിയേയും കൊണ്ടേ മൂടില്ലാത്താളി പോകാറുള്ളു.
ഇത്തരം പരാദങ്ങള്‍ ‘സംഭവാമി യുഗേ യുഗേ’ എന്ന മട്ടില്‍ ഭരണയന്ത്രത്തിലും പടര്‍ന്നുകയറി യന്ത്രം തന്നെ ഊറ്റിക്കുടിച്ച് അതു പ്രവര്‍ത്തനശൂന്യമാക്കാന്‍ പോന്നവയാണ്. നമ്മുടെ ഉദേ്യാഗസ്ഥഭരണയന്ത്രം എക്കാലവും സര്‍വാദൃതമായിരുന്നു. മലയാറ്റൂര്‍ രാമകൃഷ്ണന്‍, ലളിതാംബിക, പത്മാരാമചന്ദ്രന്‍, ജി ഭാസ്‌കരന്‍ നായര്‍, തുടങ്ങി സി പി നായരും ബാബുപോളും വരെ എത്തിനില്‍ക്കുന്നവരുടെ അഭിമാനാര്‍ഹമായ നീണ്ട പട്ടിക. സര്‍ക്കാരിന്റെ നയങ്ങള്‍ക്കിണങ്ങിയ ഭരണനയങ്ങള്‍ നടപ്പാക്കിയ ഭരണയന്ത്ര പ്രതിഭകളായിരുന്നു അവര്‍. ഇടയ്ക്കിടെ ചില മൂടില്ലാത്താളികളും ഭരണയന്ത്രത്തില്‍ കയറിച്ചുറ്റാറുണ്ട്. ഭരണകൂടം ഈ മൂടില്ലാത്താളികളെ സമയോചിതമായി വെട്ടിനശിപ്പിച്ചതുകൊണ്ട് കാര്യങ്ങള്‍ അങ്ങനെ ഓടിയോടിപ്പോകുന്നു. പക്ഷേ പിന്നെയും ചില മൂടില്ലാത്താളികള്‍ ഭരണയന്ത്രത്തില്‍ പിണഞ്ഞു കയറുന്നുവെന്ന് റവന്യൂ സെക്രട്ടറി കൂടിയായ അഡീഷണല്‍ ചീഫ് സെക്രട്ടറി പി എച്ച് കുര്യന്റെ കുറേനാളായുള്ള നിലപാടുകള്‍ കണ്ടാലറിയാം. ഐഎഎസ് വൃത്തങ്ങളില്‍ പിഎച്ചിന്റെ പൂര്‍ണരൂപമായി ചിലര്‍ വ്യാഖ്യാനിക്കുന്നത് ‘പരഹൃദയന്‍’ എന്നത്രേ. പരഹൃദയന്‍ കുര്യന്റെ പകുതി ആഹാരം ഭരണയന്ത്രത്തില്‍ നിന്നും പകുതി മാഫിയകളിലും നിന്നെന്നു തോന്നുന്ന സംഗതികളിലേക്കാണ് പോക്ക്.

ഈയടുത്ത കാലത്ത് സര്‍ക്കാര്‍ നയത്തിനു വിരുദ്ധമായി കയ്യേറ്റ മാഫിയയോടൊപ്പം നിന്ന കുര്യന്റെ ഹൃദയം പരഹൃദയമാണെന്ന് സിപിഐ ദേശീയ സെക്രട്ടറി ബിനോയ് വിശ്വം ചില കാര്യങ്ങള്‍ തുറന്നുപറഞ്ഞപ്പോഴല്ലേ ബോധ്യമായത്. ബിനോയ് ഭവന നിര്‍മാണ മന്ത്രിയായിരുന്നപ്പോള്‍ മലയോരങ്ങളില്‍ മാഫിയ വെട്ടിപ്പിടിച്ച സര്‍ക്കാര്‍ ഭൂമികള്‍ ഹൗസിങ് ബോര്‍ഡിന്റെ തലയില്‍ കെട്ടിവയ്ക്കാന്‍ ഇടനിലക്കാരനായെത്തിയ കുര്യന്റെ കൂറങ്ങും ചോറിങ്ങും എന്ന് പിന്നെയും പൂച്ച പുറത്തുവരുന്നു. നെല്‍കൃഷിയിലൂടെ സമൃദ്ധിയുടെ വീണ്ടെടുപ്പിന് കൃഷിമന്ത്രി സുനില്‍കുമാര്‍ നടത്തുന്ന ശ്ലാഘനീയ യത്‌നങ്ങളെ പരഹൃദയന്‍ കുര്യന്‍ വിമര്‍ശിച്ചിരിക്കുന്നു. കുട്ടനാട്ടെ നെല്‍കൃഷി ഉപേക്ഷിക്കണമെന്നാണ് കുരേ്യാപദേശം. ആ വാക്കുകള്‍ക്ക് വല്ലാത്ത മാഫിയാ ചുവ. കുട്ടനാട്ടിലെ ബണ്ടുകള്‍ പൊളിച്ചടുക്കി ടൂറിസ്റ്റ് റിസോര്‍ട്ടുകള്‍ നിര്‍മിക്കണമെന്ന കിനാവള്ളി ഹൃദയത്തില്‍ നിന്നുള്ള ഉപദേശത്തിന് ഒരു തോമസ്ചാണ്ടി ടച്ചുണ്ട്. മാഫിയാഭാഷയുണ്ട്. കുട്ടനാട്ടില്‍ മീന്‍ വളര്‍ത്തലും കുപ്പിവെള്ള പ്ലാന്റുകളും മതിയത്രെ. കുടിവെള്ളത്തിനു കേഴുന്ന കുട്ടനാട്ടില്‍ കുടിവെള്ള പ്ലാന്റ്, നെല്‍കൃഷി വികസന നിരോധനത്തിലൂടെ പുതിയ കാര്‍ഷികവിപ്ലവം. കുര്യന്റെ ഐഡിയകള്‍ കേട്ടപ്പോള്‍ ഇടുക്കിയില്‍ നിന്ന് നേരിട്ട് ഷോക്കടിക്കാന്‍ പാകത്തില്‍ ഈ മാന്യന്‍ നിന്നുതരുന്ന അവസ്ഥ! ഇടതുമുന്നണിയുടെ പ്രഖ്യാപിതനയങ്ങളെ തുരങ്കം വച്ച് മാഫിയാസേവ നടത്തുന്ന കുര്യനെന്ന ഈ മൂടില്ലാത്താളിയെ അടിയന്തിരമായി പിഴുതെറിഞ്ഞില്ലെങ്കില്‍ അതൊരു ദുരന്തം തന്നെയാകുമെന്നതില്‍ ദേവികയ്ക്ക് ദുഃഖമുണ്ട്.

കുഞ്ഞുണ്ണിമാഷ് പണ്ടൊരു കുഞ്ഞുകവിത ചൊല്ലിയിട്ടുണ്ട്. ‘വായിച്ചാലും വളരും, വായിച്ചില്ലെങ്കിലും വളരും, വായിച്ചാല്‍ വളയാതെ വളരും. വായിച്ചില്ലെങ്കില്‍ വിളയാതെ വളരും. ‘ഇതിനെ അനുകരിച്ച് ദേവികയുടെ ചങ്ങാതി ഇക്കഴിഞ്ഞ ദിവസം ഒരു ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. ‘വായിച്ചു വളര്‍ന്നാല്‍ ശ്രീറാം വെങ്കിട്ടരാമനാകും. വായിക്കാതെ വളര്‍ന്നാല്‍ ആശാനും മീശാനുമാകും.’ ദേവിക മറുപടി നല്‍കി; വായിച്ചതൊന്നും മനസിലാകാതെ വായിച്ചലും ആശാനും മീശാനുമാകില്ലല്ലോ. ഇതിപ്പോള്‍ പറയുന്നതിനു കാരണമെന്തെന്ന് ചോദിച്ചാല്‍ ‘അത് അയാളോട് ചോദിക്ക്’ എന്നു പറഞ്ഞ് ദേവിക ഒഴിഞ്ഞുമാറുന്നു.

മോഡിയുടെയും യോഗി ആദിത്യനാഥിന്റെയും ഗോരക്ഷയും ഗോവധ-ഗോമാംസനിരോധനവും പൊളിഞ്ഞു പാളീസാവുന്നു. മോഡിയുടെ മണ്ഡലമായ വാരണാസിയിലെ പുണ്യഗംഗനദിയില്‍ ആഡംബര ബോട്ട് സര്‍വീസ് തുടങ്ങാന്‍ യുപിയിലെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നുവെന്ന് വാര്‍ത്ത. എന്തുതരം ഭക്ഷണവും ഈ ജലനക്ഷത്ര നൗകയില്‍ ലഭിക്കും. ബീഫ് കറി, ബീഫ് ഉലത്തിയത്, ബീഫ് ചില്ലി, മുട്ട, മട്ടന്‍, ചിക്കന്‍ തുടങ്ങി നാനാരുചി മനോഹരവിഭവങ്ങള്‍. ഈയടുത്ത് ദേവിക നടത്തിയ ഉത്തരേന്ത്യന്‍ സന്ദര്‍ശനത്തിനിടയില്‍ വാരാണസിയിലെ ഗംഗയുടെ ഇരുതടങ്ങളിലും ആയിരങ്ങള്‍ പങ്കെടുത്ത ആചാരാനുഷ്ഠാനങ്ങളോടെയുള്ള ആരതി പൂജ കാണാനിടയായി. ചുരുക്കത്തില്‍ ഒരു നദീപൂജ. നദികള്‍ നമ്മുടെ ജീവനാഡികളാണെന്ന ഓര്‍മപ്പെടുത്തല്‍. ഗംഗയുടെ ഇരുകരകളിലും മുട്ടോടുമുട്ടിന് ഗംഗാ മഹാസഭയുടെ കൂറ്റന്‍ ഫ്‌ളക്‌സ് ബോര്‍ഡുകള്‍. അവയില്‍ മോഡിയുടെയും ഗംഗാസഭാ രക്ഷാധികാരി യോഗി ആദിത്യനാഥിന്റെയും ചിത്രങ്ങള്‍. ആ നദിയുടെ മാറിടത്തിലാണ് ഗോമാംസ വിഭവങ്ങളുടെ കച്ചവടത്തിന് ആഡംബര നൗകാ സര്‍വീസ് തുടങ്ങുന്നത്. മദ്യവും മാംസവും വിളമ്പുന്ന ബോട്ട് സര്‍വീസ് തുടങ്ങരുതെന്നാവശ്യപ്പെട്ട് ഗംഗാമഹാസഭാ സെക്രട്ടറി സ്വാമിജി തേജാനന്ദ സരസ്വതിയും സന്യാസിമാരും സമരരംഗത്തിറങ്ങിക്കഴിഞ്ഞു. ഇന്ദ്രന്റെ ഇഷ്ടഭോജ്യം ഗോമാംസമായിരുന്നുവെന്നും കാശീപുരാധീശ്വരനായ ശ്രീപരമേശ്വരന്‍ മാംസാഹാരിയായിരുന്നുവെന്നും ശ്രീരാമന്‍ വനവാസത്തിനിടയില്‍ കഴിച്ചിരുന്ന പലലം ഉണക്കിയ മാനിറച്ചിയായിരുന്നുവെന്നുമൊക്കെ പറഞ്ഞ് ഗംഗാസഭാസെക്രട്ടറി സ്വാമിയുടെ നാവടക്കാവുന്നതല്ലേയുള്ളൂ. ജില്‍ജില്ലായി ആരോഗ്യം നിലനിര്‍ത്താന്‍ കിലോയ്ക്ക് 80,000 രൂപയുടെ കൂണ്‍ ഭക്ഷിക്കുന്ന മോഡിയോടാണ് സരസ്വതിസ്വാമിയുടെ കളി.

കഥാപ്രസംഗ സമ്രാട്ട് വി സാംബശിവന്‍ ‘അനീസ്യ’ എന്ന തന്റെ വിശ്രുത കഥാപ്രസംഗത്തില്‍ ‘ഭ്രാന്താണ് സ്‌നേഹിതാ സ്വബോധം കെടാറുള്ള ഭ്രാന്താണ് സ്‌നേഹിതാ പ്രേമം, തെല്ലൊന്നസഹ്യപ്പെടുത്തിയാല്‍ പിന്നൊരു കണ്ണീര്‍ക്കടലാണ് പ്രേമം, മാറ്റമില്ലാത്ത മധുരിമയെങ്കിലും നീറ്റും മുറിവാണ് പ്രേമം’ എന്നൊക്കെ പാടിയപ്പോള്‍ അതു കഥാപ്രസംഗമല്ലേ എന്നേ തോന്നിയുള്ളു. എന്നാല്‍ കഴിഞ്ഞ ദിവസം ഒരു വാര്‍ത്ത വായിച്ചപ്പോഴല്ലേ സാംബശിവന്റെ പാട്ടിനെത്ര അര്‍ഥസമ്പുഷ്ടി എന്നു തോന്നിപ്പോയത്. ഒരു പയ്യന്‍ ട്രെയിനില്‍ വച്ച് സുന്ദരിയായ ഒരു ചെറുതരക്കാരിയെ കണ്ടുമുട്ടുന്നു. അവളോട് പ്രണയാഭ്യര്‍ഥന നടത്തിയപ്പോള്‍ കറക്കാന്‍ സമ്മതിക്കാത്ത പശുവിനെപോലെ പെണ്ണ് കുതറിമാറുന്നു. അറയ്ക്കല്‍ ബീബിയെ കെട്ടാന്‍ അരസമ്മതം എന്ന മട്ടില്‍ തീവണ്ടിയിറങ്ങിയ പയ്യന്‍ തീവണ്ടി പോയ പാതയുടെ ഇരുവശവും പെണ്ണിന്റെ പടവും പ്രണയാഭ്യര്‍ഥനയുമായി നാലായിരം ബഹുവര്‍ണ പോസ്റ്ററുകള്‍ ഒട്ടിക്കുന്നു. പോരാഞ്ഞ് നവമാധ്യമങ്ങളിലൂടെ പ്രണയിനിയുടെ ചിത്രം സഹിതം പോസ്റ്റിങ്, സമ്മതിച്ചിരിക്കുന്നു. സാംബശിവന്‍ സാര്‍ അങ്ങ് പറഞ്ഞത്; ഭ്രാന്താണ് സ്‌നേഹിതാ സ്വബോധം കെടാറുള്ള ഭ്രാന്താണ് സ്‌നേഹിതാ പ്രേമം.