Thursday
18 Oct 2018

വയലും വീടിനും കാല്‍ നൂറ്റാണ്ട്

By: Web Desk | Sunday 1 October 2017 1:47 AM IST

സെയ്ഫ് ചക്കുവള്ളി

ഫോട്ടോ: സേതുരാജ് സ്വപ്ന

ജവഹര്‍ലാല്‍ നെഹ്രു പ്രധാനമന്ത്രിയായിരുന്ന കാലം. 1965 ആദ്യം അദ്ദേഹത്തിന്റെ സര്‍ക്കാര്‍ ഒരു സുപ്രധാന തീരുമാനം കൈക്കൊണ്ടു. അക്കാലത്തെ ഏക സര്‍ക്കാര്‍ വാര്‍ത്താ മാധ്യമമായ ആകാശവാണിയെ രാജ്യത്ത് നിലനിന്ന ഭക്ഷ്യക്ഷാമം പരിഹരിക്കാന്‍ സാര്‍ഥകമായി ഉപയോഗിക്കാനുള്ള ഒരു പദ്ധതിയായിരുന്നു അത്. സമഗ്രതലസ്പര്‍ശിയായ കൃഷിവിജ്ഞാനം നിരക്ഷരരായ കര്‍ഷകര്‍ക്ക് പകര്‍ന്നു നല്‍കാനായി രാജ്യത്തെ തെരഞ്ഞെടുക്കപ്പെട്ട 10 ആകാശവാണി നിലയങ്ങളില്‍ ‘വയലും വീടും’എന്ന പ്രക്ഷേപണ പരിപാടി ആരംഭിക്കാനെടുത്ത തീരുമാനം പിറ്റേ വര്‍ഷം പ്രാവര്‍ത്തികമായി.  അങ്ങനെയാണ് തൃശ്ശൂര്‍, കോഴിക്കോട്, തിരുവനന്തപുരം നിലയങ്ങളില്‍ ‘വയലും വീടും’ പ്രക്ഷേപണം ആരംഭിച്ചത്.  തിരുവനന്തപുരം ആകാശവാണിയുടെ ‘വയലും വീടും’ പരിപാടി അരനൂറ്റാണ്ട് പിന്നിടുമ്പോള്‍ അതിന്റെ പകുതി കാലവും ഈ പരിപാടിയുടെ അമരക്കാരനായി നിന്നതും ഇന്നും നിലകൊള്ളുന്നതും മുരളീധരന്‍ തഴക്കര എന്ന കൃഷി വിദഗ്ദ്ധനാണ്. കൃഷി വിജ്ഞാനമെന്നാല്‍ ഈ രംഗത്തെ അക്കാദമിക പണ്ഡിതന്‍മാരുടെ വരണ്ട പ്രഭാഷണങ്ങളല്ലെന്നും മറിച്ച് മണ്ണിലും മണ്ണിന്റെ വകഭേദങ്ങളിലും പണിയെടുക്കുന്ന യഥാര്‍ത്ഥ കര്‍ഷകന്റെ വിയര്‍പ്പാറാത്ത അനുഭവങ്ങളുടെ പങ്കുവയ്ക്കലാണെന്നുമുള്ള ഒരു പൊളിച്ചെഴുത്തിലേക്ക് ആകാശവാണിയെ നയിച്ചതില്‍ ഈ പ്രോഗ്രാം എക്‌സിക്യൂട്ടീവിന് ചെറുതല്ലാത്ത പങ്കാണുള്ളത്.’കൃഷി ശാസ്ത്രത്തില്‍ കേരള കാര്‍ഷിക സര്‍വ്വകലാശാലയില്‍ നിന്ന് ബിരുദം നേടിയശേഷം 10 വര്‍ഷത്തോളം ഞാന്‍ കൃഷി വകുപ്പില്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റായും കര്‍ഷികസര്‍വ്വകലാശാലയില്‍ ഫാം മാനേജരായും ജോലി നോക്കി.  ഇക്കാലത്ത് തൃശൂര്‍ ആകാശവാണിയില്‍ കൃഷിസംബന്ധമായ പരിപാടികള്‍ അവതരിപ്പിക്കാന്‍ എനിക്ക് കുറേ അവസരങ്ങള്‍ കിട്ടി. എന്‍ എസ് ഐസക്ക്, ആര്‍ വി പോറ്റി, കെ കെ കുര്യന്‍, എബ്രഹാം ജോസ് തുടങ്ങിയവരായിരുന്നു അന്നത്തെ വയലും വീടും പരിപാടിയുടെ ചുമതലക്കാര്‍. ആകാശവാണിയിലെ ഈ വിഭാഗത്തില്‍ ഒരു ജോലി അക്കാലത്തെ എന്റെ സ്വപ്നമായിരുന്നു. 1992-ല്‍ കോഴിക്കോട് ആകാശവാണിയില്‍ നിയമിച്ചു കൊണ്ട് എനിക്ക് ഉത്തരവ് ലഭിച്ച നിമിഷം ഇന്നുമെനിക്ക് ഏറെ വിലപ്പെട്ടതാണ്.  ആദ്യ നിയമനം കോഴിക്കോട് ആകാശവാണിയിലായത് ഒരു സുകൃതമായി കരുതുന്നു.  അവിടുത്തെ സഹപ്രവര്‍ത്തകരും സ്‌നേഹിക്കാന്‍ മാത്രമറിയാവുന്ന കോഴിക്കോട്കാരും മനസ്സില്‍ നന്മയുടെ ചെരാതുകള്‍ എരിയുന്ന കോഴിക്കോടന്‍ കര്‍ഷകരും എന്നിലെ തുടക്കക്കാരന് നല്‍കിയ അനുഭവങ്ങള്‍ മറക്കാവതല്ല. അഞ്ച് വര്‍ഷം ഞാനവിടെ ജോലി നോക്കി” നിറം മങ്ങാത്ത ജീവിത പേജില്‍ നിന്ന് മുരളീധരന്‍ തഴക്കര പതുക്കെ വായിച്ചു തുടങ്ങി. ഈ പരിപാടിക്ക് പില്‍ക്കാലത്ത് കൊടുത്ത പേരാണ് വയലും വീടും.   ‘റേഡിയോ ഗ്രാമരംഗം’ എന്നതായിരുന്നു ആദ്യത്തെ പേര്.  ഇന്ന് ഇന്ത്യയിലെ എല്ലാ ആകാശവാണി നിലയങ്ങളും ഈ പരിപാടി പ്രക്ഷേപണം ചെയ്യുന്നുണ്ട്. ആകാശവാണിയുടെ എഫ്എം നിലയങ്ങള്‍ക്കുമുണ്ട് കാര്‍ഷിക പരിപാടി.  പേര് കിസാന്‍വാണി.  1997-ല്‍ തിരുവനന്തപുരത്തേക്ക് മാറ്റം ലഭിച്ച് എത്തിയ മുരളീധരന്‍ തഴക്കര ഇന്നും ആ കസേരയില്‍ തുടരുന്നു.’വയലും വീടും’ പരിപാടിയുടെ സുവര്‍ണ ജൂബിലി ആഘോഷം തിരുവനന്തപുരം നിലയത്തിന്റെ നേതൃത്വത്തില്‍ വൈകാരിക മുഹൂര്‍ത്തങ്ങളോടെ ഞങ്ങള്‍ക്ക് സംഘടിപ്പിക്കാനായി.  ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തും സുവര്‍ണ ജൂബിലി ആഘോഷം ഈ രീതിയില്‍ സംഘടിപ്പിച്ചിട്ടില്ല.  സെമിനാറുകള്‍, മുഖാമുഖങ്ങള്‍ 14 ജില്ലകളില്‍ നിന്നും യഥാര്‍ത്ഥ കര്‍ഷകരെ മാത്രം പങ്കെടുപ്പിച്ചു കൊണ്ടുള്ള ജില്ലാ സംസ്ഥാനതല ക്വിസ് തുടങ്ങി നിരവധി പരിപാടികള്‍’വന്‍തുക സമ്മാനവും അതിലേറെ അംഗീകാരവുമായി നിശാഗന്ധി ആഡിറ്റോറിയത്തില്‍ നിന്ന് കര്‍ഷകന്‍ മടങ്ങുന്നേരം അവര്‍ കണ്ണീരോടെ പറഞ്ഞ യാത്രാമൊഴിയില്‍ മറ്റെവിടെ നിന്നും അവര്‍ക്ക് ലഭിക്കാത്ത ആദരവ് ആകാശവാണി വാരിക്കോരി നല്‍കിയതിനെച്ചൊല്ലിയുള്ള കൃതാര്‍ത്ഥതയുണ്ടായിരുന്നു.’വയലും വീടും’ പരിപാടി ഫീല്‍ഡ് ഓറിയന്റഡ് ആക്കാനായതാണ് ഇത്ര വലിയൊരു വിജയത്തിന് കാരണമായത്.  ക്ഷീരകര്‍ഷകരും തേനീച്ചയും മീനും വളര്‍ത്തുന്നവരും അടക്കം സമസ്തമേഖലകളിലുമുള്ള കര്‍ഷകരെ കണ്ടെത്തി അവരുടെ അനുഭവങ്ങള്‍ മറ്റുള്ളവര്‍ക്ക് പകര്‍ന്നു നല്‍കുക എന്ന ലക്ഷ്യമാണ് ഇന്ന് ആകാശവാണി ഈ പരിപാടിയിലൂടെ പ്രാവര്‍ത്തികമാക്കുന്നത്.

സ്റ്റുഡിയോയില്‍ കടലാസില്‍ എഴുതിക്കൊണ്ടു വന്ന് വായിക്കുന്ന കൃഷി വിജ്ഞാനത്തിന്റെ കാലം കഴിഞ്ഞു.  അനുഭവങ്ങളുടെ ചൂര് കര്‍ഷകരില്‍ നിന്ന് ശ്രോതാക്കളിലേക്ക് എത്തിക്കാന്‍ ആകാശവാണി ഒരു നിമിത്തമാകുന്നു.  അത്രമാത്രം’ .സംസ്ഥാനത്തെ മികച്ച കൃഷി ഭവനുകളെ തെരഞ്ഞെടുത്ത് അവിടെ നടപ്പാക്കുന്ന പദ്ധതികളെപ്പറ്റി ലോകത്തെ അറിയിക്കാന്‍  ‘വയലും വീടും’ പരിപാടിയുടെ ഭാഗമായി ‘കൃഷിഭവനുകളിലൂടെ’ എന്ന പ്രതിവാര പരിപാടി ആകാശവാണിക്കുണ്ട്.  കര്‍ഷകരുമായുള്ള അഭിമുഖങ്ങള്‍ വയലും വീടും പരിപാടിയുടെ സവിശേഷതയാണ്.  ‘വയലും വീടും’ തിരുവനന്തപുരം, കോഴിക്കോട്, തൃശൂര്‍ നിലയങ്ങള്‍ പലപ്പോഴും സംയുക്തമായും ചിലനേരങ്ങളില്‍ വേറിട്ടുമാണ് അവതരിപ്പിക്കുന്നത്.  കൃഷിക്കാര്‍ക്ക് മാത്രമായി പ്രതിദിന വാര്‍ത്തയുള്ള മാധ്യമവും ആകാശവാണിയാണ്.  1974-ലെ വിഷുദിനത്തില്‍ കര്‍ഷകര്‍ക്ക് വിഷുക്കണിയായി തുടങ്ങിയതാണ് കാര്‍ഷികമേഖലാ വാര്‍ത്തകള്‍. ‘സുഖിനോ-ഭവന്തു’ എന്നൊരു പ്രക്ഷേപണ പരമ്പര ഞങ്ങള്‍ തയ്യാറാക്കിയിരുന്നു.  നഷ്ടപ്പെട്ടു പോകുന്ന ജീവിത നന്മകളെ തിരിച്ചു പിടിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഈ പരമ്പര ശ്രോതാക്കള്‍ക്ക് ഹൃദ്യമായൊരു അനുഭവമായിരുന്നു.  വെച്ചൂര്‍പശു, ആറന്‍മുള കണ്ണാടി, ബാലരാമപുരം കൈത്തറി, കാസര്‍ഗോഡ് സാരി, മധ്യതിരുവിതാംകൂര്‍ ശര്‍ക്കര, വാഴക്കുളം പൈനാപ്പിള്‍ തുടങ്ങി നമ്മുടെ ഓരോ ദേശത്തിന്റെയും സാംസ്‌കാരിക കാര്‍ഷിക പശ്ചാത്തലങ്ങളെ ഉള്‍ക്കൊള്ളുന്ന ‘ദേശത്തനിമ ദേശപ്പെരുമ’ എന്ന പ്രക്ഷേപണ പരമ്പരയും ‘വയലും വീടും’ പരിപാടിയുടെ ഭാഗമായി അടുത്തിടെ ചെയ്തു.  എല്ലാ ശനിയാഴ്ചയും പ്രക്ഷേപണം ചെയ്യുന്ന റേഡിയോ ഗ്രാമരംഗം ഏറെ ശ്രോതാക്കളുള്ള പരിപാടിയാണ്.’വെള്ളിയാഴ്ചയും ശനിയാഴ്ചയും പ്രക്ഷേപണം ചെയ്യുന്ന ‘കുണ്ടും കുഴിയും’ എന്ന ആക്ഷേപഹാസ്യ ചിത്രീകരണത്തിന്റെ രചയിതാവും മുരളീധരന്‍ തഴക്കരയാണ്.  നാട്ടിന്‍ പുറത്തെ ഒരു ചായക്കട കേന്ദ്രീകരിച്ച് നടക്കുന്നതാണ് ഈ നാടകം.  ഈ പരിപാടി പലപ്പോഴും ഒരു സര്‍ക്കാര്‍ മാധ്യമത്തിന്റെ പരിമിതികളെ മറികടക്കുന്നുണ്ടെന്നത് എടുത്തു പറയേണ്ടതാണ്.’കൃഷിയിലെ നാട്ടറിവ് ‘, ‘വിളകള്‍ വന്ന വഴിയിലൂടെ,’ ‘നാട്ടുനന്മൊഴികള്‍’, ‘നന്മയുടെ നടവഴികള്‍-കേരളം ജീവിച്ചതിങ്ങനെ’, ഓര്‍മ്മയിലെ കൃഷിക്കാഴ്ചകള്‍ , പഴമൊഴി പെരുമ, ‘കാര്‍ഷികാചാരങ്ങള്‍-കാഴ്ചയും വിചാരവും’, ‘സ്മൃതിഗന്ധികള്‍ പൂക്കുമ്പോള്‍’, ‘നന്മയുടെ സങ്കീര്‍ത്തനം’ എന്നീ പുസ്തകങ്ങളും തഴക്കരയുടേതായുണ്ട്.  സംസ്ഥാന ബാലസാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച നന്മയുടെ നടവഴികളിലെ ‘പത്തായം ‘എന്ന അദ്ധ്യായം നാലാം ക്ലാസിലെ മലയാള പാഠാവലിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.’ആകാശവാണിയിലെ എന്റെ ജോലിയെ ഞാന്‍ കേവലം ഒരു തൊഴില്‍ എന്ന നിലയില്‍ കണ്ടിട്ടില്ല.  അതിനുമപ്പുറം ആത്മാവുള്ളള എന്തോ ഒന്നാണ് എനിക്ക്  ‘വയലും വീടും’ വിഭാഗത്തിലെ എന്റെ കസേര’ഇത് പറയുമ്പോള്‍ ഇന്‍ഡ്യന്‍ ബാങ്ക് മാവേലിക്കര ശാഖയിലെ ഉദ്യോഗസ്ഥയായ ഭാര്യ കൃഷ്ണകുമാരിയും മഹാരാഷ്ട്രയിലെ നാസിക്കില്‍ അസിസ്റ്റന്റ് കളക്ടറായ മകള്‍ മഞ്ജുലക്ഷ്മിയും തലകുലുക്കി അത് ശരിവെക്കുന്നതുണ്ടായിരുന്നു.  2013 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയാണ് മഞ്ജു.  ഭര്‍ത്താവ് ജി ശബരീഷ് കോഴിക്കോട് കസ്റ്റംസ് ആന്റ് സെന്‍ട്രല്‍ എക്‌സ്‌സൈസ് ഡപ്യൂട്ടി കമ്മീഷണറും.  പ്രശസ്ത മാനേജ്‌മെന്റ് വിദഗ്ദ്ധന്‍ ഡോ. ജി സി ഗോപാലപിള്ളയുടെ മകനാണ് ശബരീഷ്.  മകന്‍ ബാലമുരളീകൃഷ്ണ രാജപാളയത്ത് നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനിയില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍.

Related News