Friday
21 Sep 2018

അണ്ടനും മൊശകൊടനും കോൺഗ്രസ് നേതൃസ്ഥാനത്ത്: വീക്ഷണം

By: Web Desk | Saturday 2 June 2018 12:51 PM IST

തിരുവനന്തപുരം: ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിന് കനത്ത പരാജയമേറ്റതിന്റെ പശ്ചാത്തലത്തിൽ പാര്‍ട്ടി നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണം. നേതൃത്വത്തിന്റെ വീഴ്ചകളും സംഘടനാ പ്രവര്‍ത്തനത്തിലെ പാളിച്ചകളും എടുത്തുപറയുന്ന മുഖപ്രസംഗത്തില്‍ നേതാക്കളെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുകയും പരിഹസിക്കുകയും ചെയ്യുന്നു.  മുഖപ്രസംഗത്തിലെ പ്രസക്ത ഭാഗങ്ങൾ:

അണ്ടനും മൊശകൊടനും ഗ്രൂപ്പിസമാണ് പ്രധാന പ്രശ്‌നം. ഗ്രൂപ്പിന്റെ പേരില്‍ അണ്ടനും മൊശകൊടനും നേതൃസ്ഥാനത്ത് എത്തുന്നതിനാലാണ് പരാജയപ്പെടുന്നത്. കെപിസിസി, ഡിസിസി പുനസംഘടനയില്‍ മാത്രമാണ് നേതാക്കളുടെ താല്‍പ്പര്യം. താഴേ തട്ട് മരിച്ചപോലെയാണ്.
കമ്മിറ്റികള്‍ ജഡാവസ്ഥയില്‍ പാര്‍ട്ടിയുടെ നട്ടെല്ലായ മണ്ഡലം, ബൂത്ത് കമ്മിറ്റികള്‍ ജഡാവസ്ഥയിലാണ്. പാര്‍ട്ടി പുനസംഘടന രാമേശ്വരത്തെ ക്ഷൗരം പോലെയാണെന്ന് മുഖപ്രസംഗം വിമര്‍ശിക്കുന്നു. നേതാക്കളെ പുകഴ്ത്തുന്നവര്‍ക്ക് അമിതമായ പ്രാധാന്യം ലഭിക്കുന്നു. നേതാക്കള്‍ക്ക് ഛത്രവും ചാമരവും വീശുന്നവരുടെ തള്ളാണ് പാര്‍ട്ടിയുടെ മുന്‍നിരയിലെന്നുള്ള വിമര്‍ശനവും വീക്ഷണം നടത്തുന്നു.
നേതൃത്വം കൈമാറണം കര്‍മശേഷിയുള്ള നേതാക്കളെ കണ്ടെത്തണം. അതു താഴേ തട്ട് മുതല്‍ ആരംഭിക്കണം. അല്ലാത്തിടത്തോളം കാലം കോണ്‍ഗ്രസിന് ശ്രേയസുണ്ടാകില്ല. രാഷ്ട്രീയ പ്രതിബദ്ധതയുള്ള യുവതലമുറയ്ക്ക് കോണ്‍ഗ്രസിന്റെ നേതൃത്വം കൈമാറണം. ജൂബിലികള്‍ ആഘോഷിച്ച നേതാക്കള്‍ അവര്‍ക്ക് ഉപദേശികളായി മാറിനില്‍ക്കണo.
അന്നും പാഠംപഠിച്ചില്ല കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭരണത്തുടര്‍ച്ചയ്ക്ക് സാധ്യതയുണ്ടായിരുന്നു. എന്നാല്‍ അത് കളഞ്ഞുകുളിച്ചു. ആ വീഴ്ചയില്‍ നിന്ന് യുഡിഎഫ് പാഠംപഠിച്ചില്ല. ഇനിയും ഗ്രൂപ്പുകളുടെ പോരാട്ടം മാത്രമായാല്‍ പാര്‍ട്ടി കൂടുതല്‍ ക്ഷയിക്കുമെന്ന മുന്നറിയിപ്പും നേതാക്കള്‍ക്ക് വീക്ഷണം നല്‍കുന്നു.
ആവണക്കെണ്ണ കുടിച്ച വയര്‍ പ്രതിയോഗികള്‍ ശക്തരാണ്. അവരോട് ഏറ്റുമുട്ടാന്‍ ആവണക്കെണ്ണ കുടിച്ച വയറുമായി രംഗത്തിറങ്ങിയിട്ട് കാര്യമില്ല. ആധുനിക അടിതടകള്‍ പ്രയോഗിച്ചേ തീരൂ. കാടിയും പുല്ലും കൊടുക്കാത്ത പശു എങ്ങനെ കൂടുതല്‍ പാൽ ചുരത്തുo  ?

 

 

Related News