Monday
17 Dec 2018

വീതം   

By: Web Desk | Sunday 10 December 2017 1:26 AM IST

മധു തൃപ്പെരുന്തുറ

നാലുമക്കളും നല്ല നിലയിലായിരുന്നിട്ടും ഏലിക്കുട്ടിയെ അവര്‍ക്കാര്‍ക്കും വേണ്ട. പഞ്ചായത്ത് പ്രസിഡന്റ് സണ്ണിച്ചന്റെ കോര്‍ട്ടില്‍ കാര്യമെത്തി. മധ്യസ്ഥന്‍ എന്ന നിലയില്‍ സണ്ണിച്ചന്‍ പരാജയപ്പെട്ട ഒരു കേസും നാളിതേവരെ ഉണ്ടായിട്ടില്ല എന്നതില്‍ മാത്രമായിരുന്നു ഏലിക്കുട്ടിയുടെ പ്രതീക്ഷകളത്രയും. മക്കള്‍ക്ക് പറയാനുളളത് ആദ്യം പറയട്ടെ എന്നായി സണ്ണിച്ചന്‍.  മൂത്തമകള്‍ തുടക്കമിട്ടു. ഞങ്ങള്‍ ഏതു നിമിഷവും അമേരിക്കയ്ക്ക് പോകും. മോന്‍ ഇന്നലേം വിളിച്ചിരുന്നു. വിസ സ്റ്റാമ്പു ചെയ്തു കിട്ടിയാല്‍ മാത്രം മതി. ബാക്കി മൂന്നു പേരുണ്ടല്ലോ.അവരാരെങ്കിലും നോക്കട്ടെ. രണ്ടാമത്തെ മകനിടപ്പെട്ടു. ഈ വിസയുടെ കാര്യം കേള്‍ക്കാന്‍ തുടങ്ങീട്ട് നാളുകൊറച്ചായി എന്റെ പ്രസിഡന്റേ, ഒളളത് പറയാമല്ലോ, ഞാന്‍ കൊണ്ടുപോയേനേ. അമ്മച്ചീം ഗ്രേസിം തമ്മില്‍ ചേരുകേല. മോരും മുതിരേം പോലെ. അമ്മച്ചിക്കാണേല്‍ ലേശം വകതിരിവില്ല, അവള്‍ക്കാണേല്‍ ക്ഷമിക്കാനും കഴിവില്ല. ഇപ്പം നല്ല മനപ്പൊരുത്തത്തോടുതന്ന്യാ ഞങ്ങളും കഴിയുന്നത്. അതില്ലാണ്ടാക്കാന്‍ ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഞാന്‍ തയ്യാറല്ല. കുറെ നേരത്തേയ്ക്ക് ആരുമൊന്നും പറഞ്ഞില്ല. നീണ്ടൊരു നിശബ്ദത അവിടമാകെപ്പരന്നു. സണ്ണിച്ചന്‍ ഇടപെട്ടു സംസാരിക്കുമെന്ന് എല്ലാവരും കരുതിയെങ്കിലും അതുണ്ടായില്ല. ഊഴം കാത്തു നില്‍ക്കുന്ന മൂന്നാമത്തെ മകള്‍ അന്നയുടെ മുഖത്തേക്ക് നോക്കുക മാത്രം ചെയ്തു.  അവള്‍ അതൊരു അനുമതിയായിക്കരുതി. വീതം ചെയ്തപ്പോള്‍ റോഡ് സൈഡ് കിട്ടിയത് ബെന്നിച്ചനാണ്. എനിക്ക് മാനും മനുേഷ്യനും ചെല്ലാത്ത കാട്ടുമൂല. അന്ന് അമ്മച്ചി പറഞ്ഞതൊക്കെ ഓര്‍മ്മയുണ്ടല്ലോ. ആണായിട്ട് ഒന്നല്ലേ ഒളളു, വയസ്സാവുമ്പോള്‍ അവനല്ലേ നോക്കേണ്ടത്, നിങ്ങളെയൊക്കെ കെട്ടിച്ചു വിട്ടാല്‍ പിന്നെ പോയവഴി എന്നൊക്കെ. കൂടുതല്‍ മേടിച്ചവര്‍ കൂടുതല്‍ റിസ്‌ക് എടുത്തേ പറ്റൂ. ഹും ….ഹും ഒരു കാട്ടുമൂല ഹോ. പിന്നെ എന്റെ പങ്ക്, അതിപ്പഴും കൊടുക്കാന്‍ തയ്യാറാണ്.  ഏലിക്കുട്ടി ഒരു കുറ്റവാളിയെപ്പോലെ അന്നയുടെ മുഖത്തേക്ക് നോക്കി. അവള്‍ പറഞ്ഞതൊക്കെ ഓര്‍ത്തെടുക്കാന്‍ നോക്കിയെങ്കിലും ഒന്നും ഓര്‍മ്മയില്‍ തെളിഞ്ഞു വന്നില്ല. അന്ന ദേഷ്യം അടക്കാനാവാതെ നിന്നു കിതയ്ക്കുകയാണ്. നാലാമത്തെ മകള്‍ ജെസ്സിയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകാന്‍ തുടങ്ങി കഷ്ടം, നിങ്ങളെന്തൊക്കയാ ഈ പറേണത്, നമ്മുടെ അമ്മച്ചിയല്ലിയോ, നമ്മളെയൊക്കെ എന്തോരം കഷ്ടപ്പെട്ടാ അമ്മച്ചി വളര്‍ത്തിയത്. വല്ല അനാഥാലയത്തിലും കിടന്നു ചത്താല്‍ ആര്‍ക്കാ കുറച്ചില്? കേട്ടോ സണ്ണിച്ചായാ, ഞാന്‍ പൊന്നു പോലെ നോക്കിയേനെ. ഈ ഫ്‌ളാറ്റിലെ ജീവിതമൊക്കെ ഒരു മാതിരിയാ, അമ്മച്ചിക്കതൊന്നും പറ്റുകേലെന്നേ…. ലിഫ്ടില്‍ കേറാനും ബട്ടണ്‍ ഞെക്കാനുമൊന്നും. ഹൈക്ലാസ് ഫാമിലി താമസിക്കുന്ന ഫ്‌ളാറ്റില്‍ നമ്മള്‍ നാണം കെടണോ. സണ്ണിച്ചന്‍ തന്നെ പറ..  പറയാം. അതുവരെ നിശബ്ദനായിരുന്ന് എല്ലാം കേട്ടു കൊണ്ടിരുന്ന സണ്ണിച്ചന്‍ എഴുന്നേറ്റു. പ്രായമായ മാതാപിതാക്കളെ സംരക്ഷിക്കാത്ത മക്കള്‍ക്കെതിരെ പോലീസിന് കേസ്സെടുക്കാം. നിങ്ങളിങ്ങനെ എട്ടിക്കലും ഏഴുക്കലും അടുക്കാതിരുന്നാല്‍ ഞാനെന്റെ പാട്ടിന് പോകും. തന്റെ ആവനാഴിയിലെ അവസാനത്തെ ആയുധം സണ്ണിച്ചന്‍ പുറത്തെടുത്തു. അല്ല സണ്ണിച്ചന്‍ അങ്ങനെ പോയാലെങ്ങനാ, ഇരിക്ക് ഇതിനൊരു പരിഹാരം പറയേ ബെന്നി ഒന്നയഞ്ഞു. പരിഹാരം നിങ്ങള്‍ നാലു പേരിലാരെങ്കിലും ഏലിക്കുട്ടിച്ചേട്ടത്തിയെ നോക്കണം. മക്കള്‍ നാലുപേരും കണ്ണില്‍ കണ്ണില്‍ നോക്കിയതല്ലാതെ ആരും ഒന്നും പറഞ്ഞില്ല. ഏലിക്കുട്ടി ഓരോ മുഖത്തേയ്ക്കും പ്രതീക്ഷയോടെ മാറി മാറി നോക്കി. ആരും അയയുന്ന മട്ടില്ല. ചരടുകള്‍ മുറുകിത്തന്നെ നിന്നു.  ഇനി ഞാനൊരു തീരുമാനം പറയാം. സണ്ണിച്ചന്‍ കണ്ണട ഊരി മേശപ്പുറത്തു വെച്ചു. കാലിന്മേല്‍ കാല് കയറ്റിയിരുന്ന് വലതു കൈകൊണ്ട് ഷര്‍ട്ടിന്റെ കോളറൊന്ന് ഉയര്‍ത്തി പിന്നിലേക്കാക്കി. ജെസ്സി ഓടിച്ചെന്ന് ഫാനിന്റെ റെഗുലേറ്റര്‍ തിരിച്ചു. ഓരോരുത്തരുടെയും നെഞ്ചിടിപ്പ് കൂട്ടുന്ന രീതിയില്‍ സണ്ണിച്ചന്‍ അല്പനേരം നിശബ്ദനായി. പിന്നെ ദീര്‍ഘമായി ഒന്ന് നിശ്വസിച്ചു. സണ്ണിച്ചന്‍ തന്റെ തീരുമാനം പറഞ്ഞു. നാലുപേരും അമ്മച്ചിയെ തുല്യമായി നോക്കണം. ആദ്യത്തെ മൂന്നു മാസം ഒരാള്‍ നോക്കുക, മൂന്നു മാസം തികയുന്ന ദിവസം അടുത്തയാളിന്റെ വീട്ടില്‍ അമ്മച്ചിയെ സുരക്ഷിതമായി കൊണ്ടുചെന്ന് ഏല്‍പ്പിക്കുക. അതുകഴിഞ്ഞ് ഇതേ പോലെ അടുത്ത ആളിന്റെ വീട്ടില്‍…..തീരുമാനം അറിയിച്ചതോടെ സണ്ണിച്ചന്റെ മുഖം ഗൗരവം കൊണ്ടു. മക്കളാരും എതിര്‍പ്പു പ്രകടിപ്പിച്ചില്ല.ഇനിയാര് ആദ്യം നോക്കും എന്ന തര്‍ക്കം വേണ്ട. നമുക്ക് നറുക്കിടാം സണ്ണിച്ചന്‍ പേപ്പറെടുത്ത് നാലായി കീറി നാലു പേരുടെയും പേരെഴുതി കുപ്പിയിലിട്ട് കുലുക്കി ഏലിയാമ്മച്ചേട്ടത്തിയുടെ നേരെ നീട്ടി. ഐശ്വര്യമായിട്ടെടുത്താട്ടെ           *************************************************************

ഒരാണ്ടിനുശേഷം പളളിമുറ്റത്തു വെച്ച് സണ്ണിമോനേ എന്നൊരു വിളികേട്ടു അയാള്‍ തിരിഞ്ഞു നോക്കിയപ്പോള്‍ ഏലിയാമ്മച്ചേട്ടത്തി.  ചേട്ടത്തി ചുവന്നു തുടുത്തിട്ടുണ്ട് ഓടി വന്ന് സണ്ണിച്ചന്റെ കൈയ്യില്‍ കേറി പിടിച്ചു.മുഖത്തെ വിഷാദഭാവമൊക്കെ എവിടെയോ കളഞ്ഞുപോയിരിക്കുന്നു.. എങ്ങനുണ്ട് ചേട്ടത്തി, സുഖം തന്നെ സണ്ണിച്ചന്‍ കുശലം ചോദിച്ചു. എന്റെ മോനേ പരമസുഖം. അവരെന്നെ പൊന്നു പോലാ നോക്കുന്നെ. സ്വന്തം വീട്ടില്‍ക്കിടന്നു ചത്തുപോയാല്‍ ശവമടക്കാനുളള ചെലവിന് വീതം ഇല്ലല്ലോ. അതു കൊണ്ട് അടുത്ത ആളിന്റെ ഊഴംവരെ എനിക്കൊരു പനിപോലും വരാതിരിക്കാന്‍ അവര്‍ പ്രതേ്യകം ശ്രദ്ധിക്കുന്നു.   കുര്‍ബ്ബാന കഴിഞ്ഞ് ഓടിപ്പിടിച്ച് വന്ന മൂത്തമകള്‍ സണ്ണിച്ചായനോട് അത്ര ലോഹ്യം കൂടിയില്ല. ചിരിച്ചെന്നൊന്നുവരുത്തി.  അമ്മച്ചിയിതെവിടായിരുന്നു. മഴചാറുന്നുണ്ട് ഇന്നാ കുട മൂത്ത മകള്‍ കുട നിവര്‍ത്തി. അവര്‍ നടന്നു നീങ്ങുമ്പോള്‍ ആ സ്‌നേഹ രഹസ്യമോര്‍ത്ത് സണ്ണിച്ചന്‍ മനസ്സുനിറഞ്ഞ് ചിരിച്ചു. പിന്നെ മധ്യസ്ഥം പറയാന്‍ മറ്റൊരു വീട്ടിലേയ്ക്ക് ധൃതിയില്‍ പോയി.