Monday
25 Jun 2018

വാഹന രജിസ്ട്രേഷൻ: ഫഹദിനെയും അമലയേയുംചോദ്യം ചെയ്തേക്കും

By: Web Desk | Tuesday 19 December 2017 10:48 AM IST

തിരുവനന്തപുരം: വാഹന രജിസ്ട്രേഷൻ നികുതിവെട്ടിപ്പ് കേസിൽ നടന്‍ ഫഹദ് ഫാസിലിനെയും നടി അമല പോളിനെയും ക്രൈം ബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്തേക്കും. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ഇരുവർക്കും നോട്ടിസ് നൽകിയിട്ടുണ്ട്.

കേസുമായി ബന്ധപ്പെട്ട് മൊഴിയെടുക്കുന്നതിനായി തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനത്തുള്ള ക്രൈം ബ്രാഞ്ച് ഓഫിസിൽ എത്താന്‍ ആവശ്യപ്പെട്ടാണ് ഇവർക്ക് നോട്ടിസ് നൽകിയിരുന്നത്. ഇരുവരും ഓരോ കാർ റജിസ്റ്റർ ചെയ്തിരിക്കുന്നത് പുതുച്ചേരിയിലെ വ്യാജമേൽവിലാസത്തിലാണെന്നും അതുവഴി ലക്ഷങ്ങൾ നികുതി വെട്ടിച്ചെന്നും ക്രൈം ബ്രാഞ്ച് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

അതേസമയം, വാഹന റജിസ്‌ട്രേഷൻ കേസിൽ നടൻ ഫഹദ് ഫാസിൽ കഴിഞ്ഞ ദിവസം മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നു. ജില്ലാ സെഷൻസ് കോടതിയിലാണ് അപേക്ഷ നൽകിയത്. ചോദ്യം ചെയ്യലിനു ചൊവ്വാഴ്ച ഹാജരാകണമെന്നു ക്രൈം ബ്രാഞ്ച് നോട്ടിസ് നൽകിയിരിക്കുന്ന പശ്ചാത്തലത്തിലായിരുന്നു മുൻകൂർ ജാമ്യാപേക്ഷ. ജാമ്യാപേക്ഷ ബുധനാഴ്ചയാണ് പരിഗണിക്കുന്നത്.

സമാന കേസിൽ നടനും എംപിയുമായ സുരേഷ് ഗോപിയെയും അടുത്ത ദിവസം ചോദ്യം ചെയ്യും. സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്യുന്നതു ഹൈക്കോടതി മൂന്നാഴ്ചത്തേക്കു തടഞ്ഞിരുന്നു. അതേസമയം, 21നു 10.15ന് അന്വേഷണ ഉദ്യോഗസ്ഥൻ മുൻപാകെ സുരേഷ് ഗോപി ഹാജരാകണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.