Friday
19 Oct 2018

വയനാട്ടുകുലവന് ഓര്‍മ്മ പുതുക്കി വെള്ളച്ചാല്‍ വയലില്‍ കൃഷിയിറക്കി

By: Web Desk | Monday 6 November 2017 8:48 PM IST

പത്മേഷ് കെ വി

കാസര്‍കോട്: വിളിച്ചാല്‍ വിളിപ്പുറത്ത് എത്തുന്ന ദേവനാണ് വയനാട്ടുകുലവന്‍. പ്രകൃതി ക്ഷോഭത്തിലും കൃഷി നാശത്തിലും വടക്കിന്റെ മക്കള്‍ക്ക് എന്നും തുണയായ ദൈവം. വിളയിറക്കലും വിളവെടുപ്പുമെല്ലാം ദേവന്റെ പേരിലാണ് മലബാറില്‍ നടക്കുന്നത്. വേട്ടയാടി ഉപജീവനം കഴിച്ച ഒരു സമൂഹത്തിന്റെ ദേവനായ വയനാട്ടുകുലവന്‍ ദേവന്‍ കൃഷിയിറങ്ങുകയും കൃഷി സ്ഥലം സംരക്ഷിക്കുകയും ചെയ്ത ഐതീഹ്യത്തിന്റെ ഓര്‍മ്മപുതുക്കലും കൂടിയായി മാറി തുളിച്ചേരി വെള്ളച്ചാല്‍ വയലുകളില്‍ വയനാട്ടുകുലവന്‍ ക്ഷേത്ര കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ കൃഷിയിറക്കല്‍. കാഞ്ഞങ്ങാട് 2018 മെയ് മാസത്തില്‍ നടക്കുന്ന വയനാട്ടുകുലന്‍ മഹോല്‍സവത്തിന്റെ ഭാഗമായി നടന്ന വിത്തിറക്കല്‍ ഉദ്ഘാടനം ചെയ്യാന്‍ കൃഷി മന്ത്രി വി എസ് സുനില്‍കുമാര്‍ നേരിട്ടെത്തിയപ്പോള്‍ പുത്തന്‍ കാര്‍ഷിക സംസ്‌കൃതിക്ക് തന്നെ വേരോട്ടമായി മാറി. കാഞ്ഞങ്ങാട് കിഴക്കുംകര ശ്രീ പുള്ളിക്കരിങ്കാളി അമ്മ ദേവസ്ഥാനം കോട്ടച്ചേരി പട്ടറെ കന്നിരാശി വയനാട്ടുകുലവന്‍ തെയ്യംകെട്ട് മഹോത്സവത്തിന് ക്ഷേത്രത്തിലെത്തുന്ന രണ്ടു ലക്ഷത്തിലേറെ പേര്‍ക്ക് അന്നദാനത്തിനുള്ള അരി ശേഖരിക്കാനാണ് ഉത്സവാന്തരീക്ഷത്തില്‍ കഴിഞ്ഞ ദിവസം കൃഷി മന്ത്രി ഞാറു നടല്‍ ഉദ്ഘാടനം ചെയ്തത്. മന്ത്രിക്കൊപ്പം കാര്‍ഷികോത്സവത്തിന്റെ പ്രതീതിയുമായി സ്ത്രീകളും കുട്ടികളും ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ ഞാറ് നടാന്‍ വയലിലിറങ്ങി.

21 വര്‍ഷത്തിന് ശേഷം നടക്കുന്ന വയനാട്ടുകുലവന്‍ ദൈവംകെട്ട് മഹോത്സവത്തിന് എത്തുന്ന ഭക്തര്‍ക്ക് അന്നദാനം നല്‍കുന്നതിനാണ് ഇരുവര്‍ഷത്തോളമായി തരിശ്ശായി കിടന്ന 25 ഏക്കര്‍ സ്ഥലത്താണ് ശാസ്ത്രീയമായ രീതിയില്‍ നെല്‍കൃഷിയിറക്കിയത്. 2018 മെയ് മാസം മൂന്നു മുതല്‍ ആറുവരെ നടക്കുന്ന തെയ്യം കെട്ടിന്റെ മുന്നോടിയായാണ് ഞാര്‍ നടല്‍ നടന്നത്. ഫെബ്രുവരി രണ്ടാം വാരത്തില്‍ വിളവെടുക്കാന്‍ തക്ക പാകത്തിലാണ് കൃഷി. ഇതിന് ശേഷം ഇതേ പാടക്ക് ഉത്സവത്തിനായി പച്ചക്കറി കൃഷി നടത്തും. ഉത്സവത്തിന്റെ ഭാഗമായി മൂന്നു ദിവസങ്ങളിലായി എത്തുന്ന രണ്ടു ലക്ഷത്തിലധികം ആളുകള്‍ക്ക് അന്നദാനം ഒരുക്കാനാണ് കൃഷി. സംസ്ഥാന സര്‍ക്കാരിന്റെ തരിശുനിലം കൃഷി യോഗ്യമാക്കുക എന്ന പദ്ധതിയുടെ ഭാഗമായി കൂടിയാണ് ക്ഷേത്ര കമ്മറ്റി ഈ ഉദ്യമം ഏറ്റെടുത്തത്. ആധുനിക രീതിയില്‍ നൂറുശതമാനം യന്ത്രവല്‍കൃതമായാണ് കൃഷി ഇറക്കുക എന്ന പ്രത്യേകതയുമുണ്ട്. ഡിസ്‌ക്ക് പ്ലോവിങ്ങ് യന്ത്രം ഉപയോഗിച്ചുള്ള സംസ്ഥാനത്തെ ആദ്യ കൃഷിയാണ് ഇവിടെ ഞാറ് നട്ടുകൊണ്ട് മന്ത്രി നിര്‍വ്വഹിച്ചത്. ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള ലൂയിസ് ബേജര്‍ എന്ന കമ്പനിയുടെ ജിയോ ടെക്‌നിക്കല്‍ എഞ്ചിനീയര്‍ വിനോദ് കുമാറിന്റെ നേതൃത്വത്തിലാണ് കൃഷി. മണ്ണിന്റെ രാസഘടന പരിശോധിച്ച് മനസ്സിലാക്കിയതിന് ശേഷമാണ് കൃഷി ആരംഭിച്ചത്. ഈ പ്രദേശത്തെ 22 വ്യക്തികളുടെ ഉടമസ്ഥതയിലുള്ള നെല്‍വയലുകളിലാണ് കൃഷി. കഴിഞ്ഞ ഒക്‌ടോബര്‍ പത്തിന് തന്നെ മണ്ണ് പരിശോധിച്ചിരുന്നു. മണ്ണില്‍ അമ്‌ളത്വവും വിഷാംശവും കൂടുതലുള്ളതിനാല്‍ കുമ്മായം ചേര്‍ത്ത് ഇളക്കുകയായിരുന്നു ആദ്യപടി. ഉഴുത്ത് യന്ത്രത്തിന്റെ സഹായത്തോടെ 45 മുതല്‍ 60 സെന്റീമീറ്റര്‍ ആഴത്തിലാണ് നിലം ഉഴുതത്. ഇതിന് ശേഷം നൈട്രജന്‍, പോസ്ഫറസ്, പൊട്ടാസ്യം എന്നിവ മണ്ണില്‍ കലര്‍ത്തി. കേരള കര്‍ഷക ക്ഷേമ വകുപ്പിന്റെയും കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിന് കീഴിലുള്ള കൃഷി വിജ്ഞാന കേന്ദ്രയുടെയും നിര്‍ദ്ദേശ പ്രകാരമാണ് വളം ചെയ്തത്. മൊത്തം കൃഷിക്ക് 15 ലക്ഷം രൂപയോളം ചിലവ് പ്രതീക്ഷിക്കുന്നുണ്ട്.25 ഏക്കറില്‍ നിന്നും 100 ടണ്‍ നെല്ല് ഉല്‍പ്പാദിപ്പിക്കാമെന്നാണ് കണക്ക് കൂട്ടുന്നത്. 28 ലക്ഷം മുതല്‍ 30 ലക്ഷം രൂപ വരെ കൃഷിയില്‍ നിന്ന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വിനോദ് കുമാര്‍ പറഞ്ഞു. മാങ്കോമ്പിലെ നെല്ല് ഗവേഷണ കേന്ദ്രത്തില്‍ നിന്നുള്ള ഏറ്റവും പുതിയ ഇനം നെല്‍വിത്തായ ശ്രേയസ്സാണ് ഇവിടെ പരീക്ഷിക്കുന്നത്.

ഒരേക്കറില്‍ സാധാരണ ഞാറ് നടുന്നതിന് 13000 രൂപ ചിലവ് വരുമെങ്കില്‍ ഞാറ് നടീല്‍ യന്ത്രം ഉപയോഗിക്കുന്നതിനാല്‍ 5000 രൂപവരെ മാത്രമേ ചിലവുണ്ടാവുകയുള്ളു. തെയ്യംകെട്ടിന്റെ ഭാഗമായി സംസ്ഥാനത്ത് തന്നെ ആദ്യമായാണ് തരിശു നിലത്ത് നെല്‍കൃഷി ഒരുക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ തരിശുനില കൃഷിക്ക് ഹെക്ടറിന് 30,000 രൂപ സബ്‌സിഡി നല്‍കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം 15,000 ഹെക്ടര്‍ തരിശു നിലത്ത് കൃഷി നടത്തിയെന്നും ഈ വ്ര്‍ഷം അത് ഇരട്ടിയാക്കാനാണ് പദ്ധതിയെന്നും കൃഷി മന്ത്രി വി എസ് സുനില്‍കുമാര്‍ പറഞ്ഞു. മൂന്ന് വര്‍ഷം കൊണ്ട് പച്ചക്കറിയില്‍ സ്വയം പര്യാപ്തയിലെത്തിക്കാനാണ് ശ്രമിക്കുന്നത്. തരിശു ഭൂമിയില്‍ നെല്‍കൃഷി ചെയ്യുന്നവര്‍ക്ക് നിശ്ചിത തുക റോയിലിറ്റി നല്‍കുമെന്നും, ഭൂമി തരിശിടുന്നവര്‍ക്ക് എതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. വിശ്വാസത്തിന്റെ പേരില്‍ ജനങ്ങള്‍ കൃഷിയിലേക്ക് തിരിയുന്നത് അംഗീകരിക്കപ്പെടേണ്ടതാണ് മന്ത്രി കൂട്ടിചേര്‍ത്തു.

കാഞ്ഞങ്ങാട് കിഴക്കുംകര ശ്രീ പുള്ളിക്കരിങ്കാളി അമ്മ ദേവസ്ഥാനം കോട്ടച്ചേരി പട്ടറെ കന്നിരാശി വയനാട്ടുകുലവന്‍ തെയ്യംകെട്ട് മഹോത്സവത്തിന്റെ ഭാഗമായി നടക്കുന്ന നെല്‍കൃഷിക്ക് ഞാറു നടല്‍ കൃഷി മന്ത്രി വിഎസ് സുനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

Related News