Sunday
23 Sep 2018

ജെയ്റ്റ് ലൈ (കള്ളം): രാഹുലിനെതിരെ അവകാശ ലംഘനം

By: Web Desk | Saturday 6 January 2018 7:50 PM IST

അരുൺ ജെയ്റ്റ്ലിയുടെ പേര് ട്വീറ്റ് ചെയ്തപ്പോൾ ജെയ്റ്റ് ലൈ (കള്ളം) എന്ന് പരാമര്ശിച്ചതിനു കോൺഗ്രസ്
അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെയുള്ള അവകാശ ലംഘന നോട്ടീസ് രാജ്യസഭാ ചെയർമാൻ എം വെങ്കയ്യ നായിഡു ലോക്സഭാ സ്‌പീക്കർക്ക് കൈമാറുന്നു. പാര്ലമെന്റിന്റെ ശീതകാല സമ്മേളനത്തെ അസ്വസ്ഥമാക്കിയ പ്രശ്നങ്ങൾ ഈ മാസം അവസാനം ആരംഭിക്കുന്ന ബജറ്റ് സമ്മേളനത്തിലും തുടരാനിത് വഴി വയ്ക്കുമെന്ന് കരുതപ്പെടുന്നു.
രാഹുൽ ഗാന്ധിയുടെ പരാമർശത്തിൽ പ്രഥമ ദൃഷ്ട്യാ തെറ്റുണ്ടെന്ന് വെങ്കയ്യ നായിഡു പറഞ്ഞു. അതിനാൽ, രാഹുൽ അംഗമായിട്ടുള്ള ലോക്‌സഭയുടെ സ്പീക്കർ സുമിത്ര മഹാജന് നോട്ടീസ് കൈമാറുകയാണ്. മുതിർന്ന ബിജെപി എം പി ഭുപേന്ദ്ര യാദവ് കഴിഞ്ഞ മാസമാണ് രാഹുലിനെതിരെ അവകാശ ലംഘന നോട്ടീസ് നൽകിയത്. ജെയ്റ്റ്ലിയുടെ പേര് മാറ്റി (കള്ളം) എന്നെഴുതിയത് അങ്ങേയറ്റം അപമാനകരമെന്നാണ് നോട്ടീസ്.

ഗുജറാത്ത് തെരെഞ്ഞെടുപ്പ് കാലത്ത് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനെതിരെ പ്രധാന മന്ത്രി നരേന്ദ്ര മോഡി നടത്തിയ ആക്ഷേപകരമായ പരാമർശങ്ങളെക്കുറിച്ചു ജെയ്റ്റ്ലി സഭയിൽ വിശദീകരണം നൽകിയതിനെ തുടർന്ന് “പ്രിയ ജെയ്റ്റ് ലൈ, നമ്മുടെ പ്രധാനമന്ത്രി ഒരിക്കലും പറയുന്നത് ഉദ്ദേശിക്കാറില്ലെന്നും ഉദ്ദേശിക്കുന്നത് പറയാറില്ലെന്നും ഇന്ത്യയെ ഓര്മിപ്പിച്ചതിനു നന്ദി” എന്ന് രാഹുൽ ട്വീറ്റ് ചെയ്തതാണ് അവകാശ ലംഘന നോട്ടീസിനു വഴി വച്ചത്.