Friday
25 May 2018

മാറ്റങ്ങള്‍ സൃഷ്ടിച്ച് ഇടതു സര്‍ക്കാര്‍, വെറ്ററിനറി സര്‍ജന്മാര്‍ക്ക് ആശ്വാസം

By: Web Desk | Sunday 18 February 2018 1:43 PM IST

ബിജു കിഴക്കേടത്ത്
ബത്തേരി: സംസ്ഥാനത്ത് വർദ്ധിച്ചു വരുന്ന വന്യമൃഗശല്യത്തിനും ജനവാസ മേഖലയിറങ്ങുന്ന വന്യമൃഗങ്ങളെ  വനത്തിലേക്ക് തുരുത്തുന്നതിന്‍റെ ഭാഗമായി സംസ്ഥാനത്ത് വനം വകുപ്പിൽ ഒരു ചിഫ് ഫോറസ്റ്റ് വെറ്ററിനറി ഓഫിസർ തസ്തികകയും 11 അസിസ്റ്റൻറ് ഫോറസ്റ്റ് വെറ്ററിനറി ഓഫിസർമാരുടെയും  തസ്തിക പുതിയതായി സൃഷ്ടിച്ചു ഇടതു മുന്നണി സർക്കാർ. നിലവിലുണ്ടയിരുന്ന തേക്കടി, വയനാട്, കോന്നി എന്നിവയ്ക്ക് പുറമെയാണ് പുതിയ തസ്തികൾ സൃഷ്ടിച്ചത്.
കാസർകോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂർ, എറണകുളം, ഇടുക്കി, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകളിലെ വനം ഡിവിഷനുകളിലാണ്  അസ്സിസ്റ്റന്റ് ഫോറസ്റ്റ് വെറ്ററിനറി ഓഫിസർമാരുടെ നിയമനത്തിന് നടപടി പൂർത്തിയായത്. മൃഗസംരക്ഷണ വകുപ്പിൽനിന്ന് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിലാണ് നിയമനം നൽകുന്നത്. ഇവർക്ക് അരിപ്പയിലെ ഫോറസ്റ്റ് ട്രെയിനിങ്ങ് ഇൻസ്റ്റ്യൂട്ടിലും തിരുവന്തപുരം മൃഗശാലയിൽ വെച്ചും സംസ്ഥാന വെറ്ററിനറി കൗൺസിലിന്‍റെ സഹായത്തോടെ പ്രത്യേക പരിശീലനവും ജനവാസ കേന്ദ്രത്തിലിറങ്ങുന്ന മൃഗങ്ങളെ നിയന്ത്രിക്കുന്നതിനും മയക്ക് വെടിവെച്ച് പിടിക്കുന്നതിനുള്ള പരിശീലനവും പൂർത്തിയായി കഴിഞ്ഞു. വനം വകുപ്പിൽ വെറ്ററിനറി ഡോക്ടർമാരെ ഒറ്റയടിക്ക് തസ്തിക സൃഷ്ടിച്ച് നിയമന നടപടി പൂർത്തികരിച്ചത് ഇന്ത്യയിൽ തന്നെ ആദ്യമാണന്നും അസിസ്റ്റന്‍റ് ഫോറസ്റ്റ് വെറ്റനറി ഓഫിസർമാരുടെ നിയമന നടപടികൾ പല ജില്ലകളിലും പുർത്തിയായതായും പൂർത്തിയാകാത്ത ജില്ലയിൽ ഉടൻ പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രിയുടെയും വനം മന്ത്രിയുടെയും ഇടപ്പെടലാണ് നിയമനം വേഗത്തിൽ പൂർത്തിയാക്കാൻ കഴിഞ്ഞതെന്നും കേരള സംസ്ഥാന വെറ്ററിനറി കൗൺസിൽ സിവിഇ ചെയർമാൻ ഡോ കെ ആർ ബിനു പ്രശാന്ത് ജനയുഗത്തോട് പറഞ്ഞു. ചിഫ് ഫോറസ്റ്റ് വെറ്ററിനറി ഓഫിസിർ തിരുവനന്തപുരത്തായിരിക്കും പ്രവർത്തിക്കുക.
നിലവിൽ വന്യമൃഗങ്ങൾ നാട്ടിലിറങ്ങിയാലും അപകടത്തിൽപ്പെട്ടാലും വെറ്ററിനറി ഓഫിസർമാരുടെ സേവനം ലഭ്യമാക്കാൻ മണിക്കൂറുകൾ കഴിയണമായിരുന്നു. ഇത് പല സ്ഥലത്തും ജനങ്ങളും വനപാലകരും തമ്മിലുള്ള സംഘർഷത്തിനും ഇടവന്നിരുന്നു. ഇതോടെ ഈ പ്രശ്നത്തിന് പരിഹാരമാവുമെന്ന പ്രതിക്ഷയിലാണ് സർക്കാർ.