Saturday
23 Jun 2018

ചിന്തയുടെ സ്വാതന്ത്ര്യം

By: എം സി അഞ്ജലി | Saturday 26 August 2017 11:37 PM IST

വാക്കുകളും അക്ഷരങ്ങളും പരാജയപ്പെടുന്നിടത്ത് ചലച്ചിത്രങ്ങള്‍ വിജയിച്ച ചരിത്രമുണ്ട് നമുക്കുമുന്നില്‍. വലിയൊരു സമൂഹത്തെയാണ് ചലച്ചിത്രം അഭിസംബോധന ചെയ്യുന്നത്. അതുകൊണ്ടാണ് സാമൂഹ്യപ്രതിബദ്ധതയുള്ള കലാകാരന്മാര്‍ സമൂഹത്തോട് സംവദിക്കാനുള്ള മാധ്യമമായി ചലച്ചിത്രത്തെ ഉപയോഗിക്കുന്നത്. നമുക്കു ചുറ്റുമുള്ള ജീവിതത്തെ, സംസ്‌കാരത്തെ, രാഷ്ട്രീയത്തെ, പരിസ്ഥിതിയെ അഭ്രപാളിയില്‍ അവതരിപ്പിക്കുമ്പോള്‍ അതിലൂടെ അവര്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ ഒരു ചാട്ടുളിപോലെ പ്രേക്ഷകനില്‍ വന്നു പതിക്കും. ഇത്തരം പ്രമേയങ്ങളുള്ള ഡോക്യുമെന്ററികളുടെ പ്രദര്‍ശനമാണ് ‘വിബ്ജിയോര്‍’ ഡോക്യുമെന്ററി ഫെസ്റ്റിനെ വ്യത്യസ്തമാകുന്നത്. ഇന്നു മുതല്‍ ഇരുപത്തി നാലു വരെ തൃശൂര്‍ സംഗീത നാടക അക്കാഡമി റീജിയണല്‍ ഹാളിലാണ് ഫെസ്റ്റ്.
പെരുമ്പടവം ശ്രീധരന്‍ എന്ന കഥാകാരനും റഷ്യന്‍ സാഹിത്യകാരന്‍ ദസ്‌തേവ്‌സ്‌കിയും തമ്മിലുള്ള ബന്ധത്തിന്റെയും, പെരുമ്പടവം ആദ്യമായി റഷ്യകണ്ടപ്പോഴുണ്ടായ അനുഭവത്തിന്റെയും നേര്‍ക്കാഴ്ചയൊരുക്കുന്ന ‘പകരം ഒരു പുസ്തകം മാത്രം’ എന്ന ചിത്രത്തിന്റെ പ്രദര്‍ശനത്തോടെയാണ് വിബ്ജിയോറിന്റെ തിരശ്ശീല ഉയരുന്നത്. ഇവിടെ ദസ്‌തേവ്‌സ്‌കി മാത്രമല്ല, കാലം കവര്‍ന്നെടുത്ത ഓര്‍മ്മയുടെ അതിര്‍വരമ്പുകള്‍ തേടിയുള്ള സുദേഷ് ബാലന്റെ ‘ഓര്‍മ്മയുടെ അതിര്‍വരമ്പുക’ളും, ഒരു വള്ളക്കാരന്റെ ജീവിതത്തിലുണ്ടായ അപ്രതീക്ഷിത ജീവിത സാഹചര്യങ്ങള്‍ ദൃശ്യാവിഷ്‌കരിച്ച ഗിരീഷ്‌കുമാറിന്റെ ‘രണ്ട് കുറിപ്പുക’ളും പ്രദര്‍ശന വേദിയെ ഉണര്‍ത്തുന്നു.
പ്രദര്‍ശനത്തിനുമപ്പുറം
സാധാരണ ഫിലിം ഫെസ്റ്റിവല്‍പോലെ ചിത്രങ്ങളുടെ വെറും പ്രദര്‍ശനത്തില്‍ മാത്രം ഒതുങ്ങില്ല വിബ്ജിയോര്‍. പ്രദര്‍ശനത്തിന് ശേഷം കാണികള്‍ക്ക് സംവിധായകരുമായി സംവദിക്കാനും ആനുകാലിക പ്രസക്തിയുള്ള വിഷയങ്ങളെ ആസ്പദമാക്കി ചര്‍ച്ച നടത്താനും, പ്രകൃതിയേയും സമൂഹത്തില്‍ ധ്വംസിക്കപ്പെടുന്ന അവകാശങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്താനുമുള്ള വേദികൂടിയാണ് വിബ്ജിയോര്‍. വിബ്ജിയോര്‍ ഫിലിം കളക്ടീവ് ആണ്. ഇവിടെ എല്ലാവര്‍ക്കും തുല്യ പ്രാധാന്യമുണ്ട്. രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മില്‍ വേര്‍തിരിവില്ല. ജാതിമത വര്‍ണ്ണ ഭേദങ്ങള്‍ ഇല്ല. ആര്‍ക്കും വിബ്ജിയോറിന്റെ ഭാഗമാകാം. ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും പിരിഞ്ഞുപോകാം. എല്ലാവര്‍ക്കും അഭിപ്രായ സ്വാതന്ത്ര്യം. ഈ സ്വാതന്ത്ര്യത്തില്‍ നിന്നും പിറവിയെടുത്തതാണ് 12 വര്‍ഷം തുടര്‍ച്ചയായി നടത്തിയ ഓരോ ചലചിത്രമേളകളും.
ഏഴ് നിറം ഏഴ് വിഷയങ്ങള്‍
ഓരോ വര്‍ഷവും വ്യത്യസ്തമായ കാലിക പ്രസക്തിയുള്ള വിഷയങ്ങളെ മുന്‍ നിര്‍ത്തിയാണ് വിബ്ജിയോര്‍ സംഘടിപ്പിക്കുന്നത്. ഈ വര്‍ഷം വിമതം എന്ന വിഷയത്തിന് ഊന്നല്‍ നല്‍കിയാണ് ചര്‍ച്ചകളും കാംപയിനുകളും നടക്കുക. ഇന്ന് ഇന്ത്യന്‍ സമൂഹത്തില്‍ നിലനില്‍ക്കുന്ന അവകാശ ധ്വംസനങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയാണ് ഭിന്നത എന്ന വിഷയത്തെ തെരഞ്ഞെടുത്തിരിക്കുന്നത്. ഇന്ന് ജനതയെ കാര്‍ന്ന്് തിന്നുന്ന വര്‍ഗീയതയ്‌ക്കെതിരെയും പ്രകൃതിയെ ഹനിക്കുന്ന ആധുനിക വല്‍ക്കരണത്തിനെതിരെയും ഇവര്‍ വലിയ പോര്‍മുഖങ്ങള്‍ തുറക്കുന്നു. ഓരോ മേളയിലും വെള്ളം, പ്രകൃതി, മനുഷ്യാവകാശം എന്നിവയെ അസ്പദമാക്കി കാംപയിനുകളും നടത്തിയിരുന്നു. ഏകത, അവകാശം, വൈവിധ്യം, ലിംഗസമത്വം, രാജ്യം, സംസ്ഥാനം, സംസ്‌കാരം, പ്രകൃതി സംരക്ഷണം എന്നീ വിഷയങ്ങള്‍ മുന്‍ നിര്‍ത്തിയാണ് മേളയില്‍ പ്രദര്‍ശിപ്പിക്കാനുള്ള ഡോക്യുമെന്ററികളും ഹ്രസ്വ ചിത്രങ്ങളും തെരഞ്ഞെടുത്തത്.
സൗത്ത് ഏഷ്യന്‍ ഫെസ്റ്റിവല്‍
വിബ്ജിയോര്‍ കേരളത്തിന്റെ മാത്രം ഫെസ്റ്റ് അല്ല. ദക്ഷിണ ഏഷ്യന്‍ മേഖലയിലെ ചിത്രങ്ങളെയും ഉള്‍പ്പെടുത്തി നടത്തുന്ന ചെറുചിത്രമേളയാണ്. ഇതില്‍ പങ്കെടുക്കുന്നവരില്‍ ശ്രീലങ്കയില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നുമുള്ള കലാകാരന്‍മാരും കലാകാരികളുമുണ്ട്. അവര്‍ അവരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നു. പലേ കാരണങ്ങളാല്‍ തങ്ങളുടെ രാജ്യത്ത് പ്രദര്‍ശിപ്പിക്കാന്‍ പറ്റാതെപോയ ചിത്രങ്ങള്‍ അവതരിപ്പിക്കാനുള്ള വേദിയായി പലരും വിബ്ജിയോറിനെ കാണുന്നു. അതുതന്നെയാണ് ഈ മേളയുടെ പ്രത്യേകതയും.
പന്ത്രണ്ട് വര്‍ഷത്തെ പ്രയാണം
2006ല്‍ ആരംഭിച്ചതാണ് വിബ്ജിയോര്‍ ഫിലിം കൂട്ടായ്മ. തുടക്കത്തില്‍ തന്നെ വര്‍ഗീയതയ്‌ക്കെതിരെയും മതതീവ്രവാദത്തിനെതിരെയും നടത്തിയ ചിത്രപ്രദര്‍ശനത്തിന് വലിയ സ്വീകാര്യത ലഭിച്ചു. ജനാധിപത്യബോധവും മാനുഷിക മൂല്യവും കാത്തുസൂക്ഷിക്കുന്ന സംഘടന, ഓരോ വര്‍ഷവും പ്രദര്‍ശിപ്പിക്കാന്‍ തെരഞ്ഞെടുക്കുന്നതും വ്യത്യസ്തമായ വിഷയങ്ങളാണ്. സമകാലിക സമൂഹത്തിന് നേരെ തിരിച്ചുപിടിച്ച കണ്ണാടിയാണ് പ്രദര്‍ശിപ്പിക്കുന്ന ഓരോ ചിത്രങ്ങളും. ഇവ ചില ചോദ്യങ്ങള്‍ ഉന്നയിക്കുന്നു. ഇത് പലയിടങ്ങളിലും ഒരു ചാട്ടുളിപോലെ ചെന്നു തറയ്ക്കുന്നു. അതുകൊണ്ടുതന്നെയാണ് പ്രദര്‍ശനത്തിനെതിരെ വലിയ എതിര്‍പ്പുകള്‍ ഉണ്ടായതും. ആദ്യ പ്രദര്‍ശനത്തെ എതിര്‍ത്തവരും ധാരാളമായിരുന്നു. മധുരയില്‍ തോട്ടിപ്പണി ചെയ്യുന്ന സ്ത്രീകളെ ആസ്പദമാക്കി ‘വന്ദേമാതരം’ എന്ന ഹ്രസ്വ ചിത്രം പ്രദര്‍ശിപ്പിച്ചതിനെതിരെ പ്രതിഷേധവും മുദ്രവാക്യങ്ങളുമായി തടിച്ചുകൂടിയവരെ വകവെയ്ക്കാതെ തങ്ങളുടെ അഭിപ്രായസ്വാതന്ത്ര്യത്തെ പൂര്‍ണമായി വിനിയോഗിക്കുകയായിരുന്നു വിബ്ജിയോര്‍ കൂട്ടായ്മ.
വിബ്ജിയോര്‍ ചെറുചിത്ര പ്രദര്‍ശനത്തിന് 12 വയസ് പൂര്‍ത്തിയാകുകയാണ്. ഈ കൂട്ടായ്മയ്ക്ക് ചെയ്ത് തീര്‍ക്കാന്‍ ഇനിയും ഒരുപാടുകാര്യങ്ങള്‍. പ്രതിഷേധങ്ങള്‍ വകവയ്ക്കാതെ ഇവര്‍ക്ക് കൂട്ടായി നില്‍ക്കുന്നത് അവകാശത്തിന് വേണ്ടി പോരാടുന്ന സംഘടനകളും കൂട്ടായ്മകളുമാണ്. ഇവര്‍ ഒരുക്കുന്ന ഓരോ മേളയും ദളിതര്‍ക്ക് വേണ്ടിയുള്ളതാകുന്നു. അടിച്ചമര്‍ത്തപ്പെട്ട വിഭാഗത്തിനു വേണ്ടിയുള്ളതാകുന്നു. വരാനിരിക്കുന്ന ജനതയുടെ ഭാവിക്കും അവകാശത്തിനും വേണ്ടിയുള്ളതാകുന്നു. ഇനിയും ശിരഛേദം ചെയ്യപ്പെടാത്ത ബുദ്ധിയും അടിയറവ് വയ്ക്കാത്ത ചിന്തയും വിബ്ജിയോര്‍ നമ്മോട് ആവശ്യപ്പെടുന്നു. സ്വതന്ത്ര ചിന്തയുടെ വലിയ ആകാശത്തെ ഇത് വാഗ്ദാനം ചെയ്യുന്നു.

Related News