Friday
19 Jan 2018

വിദ്യാഭാരതി സ്‌കൂളുകള്‍ക്ക് വിദ്യാഭ്യാസ വകുപ്പ് അംഗീകാരമില്ല:പൊതുവിദ്യാഭ്യാസ വകുപ്പ്

By: Web Desk | Thursday 2 November 2017 5:34 PM IST

തിരുവനന്തപുരം: വിദ്യാഭാരതി സ്‌കൂളുകള്‍ക്ക് വിദ്യാഭ്യാസ വകുപ്പ് അംഗീകാരം നല്‍കിയെന്ന നവമാധ്യമ പ്രചാരണങ്ങള്‍ തള്ളി പൊതുവിദ്യാഭ്യാസ വകുപ്പ്. സംസ്ഥാനത്ത് പുതുതായി 900 വിദ്യാഭാരതി സ്‌കൂളുകള്‍ക്ക് അംഗീകാരം നല്‍കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് നീക്കം നടത്തുന്നതായാണ് നവമാധ്യമങ്ങളുടെ പ്രചരിക്കുന്നത്. ഇത് അടിസ്ഥാന രഹിതമാണെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.
എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഒരു സിബിഎസ്‌സി, ഐസിഎസ്, അണ്‍എയ്ഡഡ് സ്‌കൂളുകള്‍ക്കുപോലും അംഗീകാരം നല്‍കുകയോ അംഗീകാരത്തിനായി അപേക്ഷ ക്ഷണിക്കുകയോ ചെയ്തിട്ടില്ല. മുന്‍കാലങ്ങളില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്ന അനധികൃത സ്‌കൂളുകള്‍ക്കും അംഗീകാരം നല്‍കാന്‍ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ വി മോഹന്‍കുമാര്‍ അറിയിച്ചു.
അംഗീകാരമില്ലാതെ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളുടെ പ്രവര്‍ത്തനം നിര്‍ത്തലാക്കുന്നതിന് കര്‍ശന നടപടികളാണ് വിദ്യാഭ്യാസ വകുപ്പ് കൈക്കൊണ്ടത്. മുഴുവന്‍ ജില്ലാ വിദ്യാഭ്യാസ ആഫീസര്‍മാര്‍ മുഖേന ഇതു സംബന്ധിച്ച നോട്ടീസ് നല്‍കി തുടര്‍ നടപടികള്‍ സ്വീകരിച്ചു വരികയുമാണ്. അടുത്ത അധ്യായന വര്‍ഷം അംഗീകാരമില്ലാത്ത ഒറ്റ സ്‌കൂള്‍ പോലും സംസ്ഥാനത്ത് പ്രവര്‍ത്തിപ്പിക്കാന്‍ പാടില്ലെന്ന സംസ്ഥാന സര്‍ക്കാരിന്റെ കര്‍ശന നിര്‍ദ്ദേശം നടപ്പാക്കാനുള്ള നടപടികളുമായാണ് വിദ്യാഭ്യാസ വകുപ്പ് മുന്നോട്ടു പോകുന്നത്. വസ്തുതകള്‍ ഇതായിരിക്കെ, നവമാധ്യമങ്ങളിലൂടെ വിദ്യാഭ്യാസ വകുപ്പിനെതിരെ നടത്തുന്ന വ്യാജപ്രചരണങ്ങളില്‍ ജനങ്ങള്‍ വിശ്വസിക്കരുതെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.