Friday
14 Dec 2018

അപേക്ഷകരെ വട്ടംചുറ്റിച്ച് വില്ലേജ് അധികാരികള്‍

By: Web Desk | Sunday 26 November 2017 8:44 PM IST

ശാസ്താംകോട്ട: വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ക്കായി ഓണ്‍ലൈന്‍ അപേക്ഷ നല്‍കുന്നവരെ പടിഞ്ഞാറേകല്ലട വില്ലേജധികാരികള്‍ വലയ്ക്കുന്നതായി പരാതി. അക്ഷയകേന്ദ്രങ്ങള്‍ വഴി അപേക്ഷ അയച്ചുകഴിഞ്ഞാലും അപേക്ഷകള്‍ നേരിട്ടെത്തിക്കണമെന്നാണ് അധികൃതര്‍ പറയുന്നത്. അല്ലാത്തപക്ഷം അപേക്ഷ നിരസിച്ചതായുള്ള സന്ദേശങ്ങളാണ് തിരികെ കിട്ടുന്നത്. നിരവധി ആവശ്യങ്ങള്‍ക്കായി ഒട്ടേറെ പേരാണ് ഓണ്‍ലൈന്‍ അപേക്ഷകള്‍ നല്‍കുന്നത്. അപേക്ഷയുടെ അടിസ്ഥാനത്തില്‍ വിവരങ്ങള്‍ തിരക്കി വരുമാനം നിശ്ചയിക്കേണ്ട ഉദ്യോഗസ്ഥര്‍, അപേക്ഷകള്‍ നേരിട്ടെത്തിയില്ലായെങ്കില്‍ അപേക്ഷ തന്നെ നിരസിക്കുകയാണ്. വിവരങ്ങള്‍ തിരക്കാതെ ഇത്തരത്തില്‍ നിരസ്സിക്കുന്നതിനാല്‍ വിദ്യാര്‍ത്ഥികളും ഉദ്യോഗാര്‍ത്ഥികളും ഉള്‍പ്പെടെയുള്ളവര്‍ക്ക് നിരവധി ആനുകൂല്യങ്ങള്ക്കും‍ തൊഴിലിനും വേണ്ടി അപേക്ഷ സമയത്ത് നല്‍കുവാന്‍ കഴിയാത്ത അവസ്ഥയുണ്ടാകുന്നു. സര്‍ട്ടിഫിക്കറ്റിന് അപേക്ഷിച്ചാല്‍ സമുദായ സംഘടനകളില്‍ അംഗമല്ലാത്തവര്‍ക്കും അംഗമായവര്‍ക്കും ഈ നിബന്ധനകള്‍ ബുദ്ധിമുട്ടുകളാണ് ഉണ്ടാക്കുന്നത്. മറ്റൊരിടത്തും ഇല്ലാത്ത ഇത്തരം നിബന്ധനകള്‍ വയ്ക്കുന്ന വില്ലേജ് അധികാരികളുടെ നടപടിയില്‍ എഐവൈഎഫ് പടിഞ്ഞാറെകല്ലട വില്ലേജ് കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി. റവന്യൂഉദ്യോഗസ്ഥരുടെ നടപടിയില്‍ പ്രതിഷേധിച്ച് പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് എഐവൈഎഫ് ഭാരവാഹികളായ കൃഷ്ണകമാരും പ്രവീണും മുന്നറിയിപ്പ് നല്‍കി.

Related News