Wednesday
22 Nov 2017

തലപ്പന്തുകളി

By: Web Desk | Monday 11 September 2017 9:57 PM IST

മറവിയിലായ ഗ്രാമീണ കളികള്‍

തെങ്ങോലകൊണ്ടുണ്ടാക്കിയ പന്തുപയോഗിച്ചുള്ള ഒരു കളിയാണു തലപ്പന്തുകളി. തലമപ്പന്തുകളി എന്ന പേരിലും അറിയപ്പെടുന്നു. ഓണക്കാലത്താണ് പൊതുവെ തലപ്പന്തുകളി നടത്തുന്നത്. പല സ്ഥലങ്ങളിലും വ്യത്യസ്തമായ കളിനിയമങ്ങളാണ് നിലവിലുള്ളത്. ഒരാള്‍ കളിക്കുമ്പോള്‍ മറ്റുള്ളവര്‍ മറുപുറത്ത് നില്ക്കും. അതിനെ കാക്കുക എന്നാണ് പറയുന്നത്. ഒരു കല്ല് (സ്റ്റമ്പ്) നിലത്ത് കുത്തി നിര്‍ത്തി അതിനടുത്തു നിന്നാണ് കളിക്കുന്നത്. ഈ കല്ലിനെ ചൊട്ട എന്നു ചിലയിടങ്ങളില്‍ പറയും. എറിയുന്ന പന്ത് നിലം തൊടാതിരിക്കുമ്പോള്‍ മറു ഭാഗക്കാര്‍ പിടിച്ചെടുക്കുകയാണെങ്കില്‍ കളിക്കാരന് കളി നഷ്ടപ്പെടും. പന്ത് നിലം കുത്തി വരുമ്പോള്‍ പിടിച്ചെടുത്തിട്ട് ചൊട്ടയിലെറിഞ്ഞു കൊള്ളിച്ചാലും അയാളുടെ കളി തീരും. കളിക്കാരന്‍ പല രീതിയില്‍ പന്തെറിഞ്ഞ് ഒരു ചുറ്റു പൂര്‍ത്തിയാക്കണം. നാടു നീങ്ങിക്കൊണ്ടിരിക്കുന്ന ഇത്തരം വിനോദങ്ങള്‍ അപൂര്‍വമായെങ്കിലും ഇപ്പോഴും നാട്ടിന്‍ പുറങ്ങളില്‍ കളിക്കാറുണ്ട്.
കളിയുടെ രീതി
അഞ്ചോ ആറോ ആളുകള്‍ക്ക് കളിക്കാം. ഒറ്റക്കൊറ്റക്ക് കളിക്കുന്നതായതു കൊണ്ട് ആളുകളുടെ എണ്ണം പ്രശ്‌നമില്ല. ആദ്യം ഒരാള്‍ കളി ആരംഭിക്കുന്നു. ചൊട്ടക്ക് മുന്നില്‍ പുറം തിരിഞ്ഞ് നിന്ന് ഇടതു കൈയില്‍ നിന്ന് വലതു കൈയിലേക്ക് തട്ടിക്കൊടുത്ത് വലതു കൈ കൊണ്ട് തലയ്ക്ക് മുകളിലൂടെ തലമ്മ ഒന്ന് എന്ന് പറഞ്ഞ് അടിക്കണം. ചുറ്റു’ഭാഗത്തും പന്ത് പിടിക്കാനിരിക്കുന്നവരുടെ കണ്ണ് വെട്ടിച്ചായിരിക്കണം അടി. പിടിച്ചാല്‍ ഔട്ട്. പിടിച്ചില്ലെങ്കില്‍ പന്ത് വീണ സ്ഥലത്തുനിന്ന് സ്റ്റമ്പിലേക്കെറിയണം. സ്റ്റമ്പില്‍ തട്ടിയാലും ഔട്ട്. ഇനി കൈയില്‍ തട്ടുകയും പിടിക്കാനാവാതെ നിലത്തു വീഴുകയും ചെയ്താല്‍ സ്റ്റമ്പിന് നേരെ നിന്ന് എറിയാം. ഔട്ടായില്ലെങ്കില്‍ തലമ്മ രണ്ടും ശേഷം മൂന്ന് അടിക്കാം. പിന്നീട് താഴെ കാണൂന്ന ക്രമത്തില്‍ മൂന്ന് അടികള്‍ വീതമുള്ള ഓരോ റൗണ്ടുകളാണ്.
എറിയുന്ന വിധങ്ങള്‍, തലമ, ഒറ്റ, ഇരട്ട, ഊര, കള്ളന്‍, ചുണ്ടിറുക്കി, തൊഴുതുകളി, തപ്പോട്ടി, നിട്ട, പൊട്ടന്‍ എന്നിങ്ങനെയാണ്. ചില സ്ഥലങ്ങളില്‍ തലമ, ഒറ്റ, പെട്ട, പിടിച്ചാന്‍, തുടേത്താളം (താളം), കാലിന്‍കീഴ്, ഇണ്ടാ(ട്ട)ന്‍, ചക്കരക്കൈ എന്നിങ്ങനെയാണ് അറിയപ്പെടുക. കളിക്കാന്‍ ഓലകൊണ്ട് മെടഞ്ഞ പന്താണ് ഉപയോഗിക്കാറ്. റബര്‍ പന്ത് വ്യാപകമായതോടെ തലപ്പന്ത് കളിക്ക് റബ്ബര്‍ പന്തും ഉപയോഗിക്കുന്നു.