Monday
23 Jul 2018

പ്രതിഫലം ഉയര്‍ത്തണമെന്ന് വിരാട് കോലിയും സംഘവും

By: Web Desk | Tuesday 28 November 2017 11:03 PM IST

ന്യൂഡല്‍ഹി:

ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ പ്രതിഫലം ഉയര്‍ത്തണമെന്ന് നായകന്‍ വിരാട് കോലി ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. വെള്ളിയാഴ്ച ഡല്‍ഹിയില്‍ ചേരുന്ന ബിസിസിഐ യോഗത്തില്‍ താരങ്ങള്‍ ഇക്കാര്യം ആവശ്യപ്പെടും.
ഐപിഎല്‍ തുടങ്ങാനിരിക്കെ ബിസിസിഐയുടെ വരുമാനത്തിലും വന്‍വര്‍ധനയുണ്ടാകും. സ്റ്റാര്‍ ഇന്ത്യ 2018 മുതല്‍ 2022 വരെയുള്ള മത്സരങ്ങളുടെ സംപ്രേഷണാവകാശം വാങ്ങിക്കുന്നത് 2.5 ബില്യണ്‍ ഡോളറിനാണ്. ഇതിനാല്‍ തന്നെ പുതിയ കരാറില്‍ കളിക്കാരുടെ പ്രതിഫലത്തിലും വര്‍ധനവുണ്ടാവണമെന്നാണ് ആവശ്യം. ഈ വര്‍ഷമാണ് മുന്‍നിര ക്രിക്കറ്റ് താരങ്ങളുടെ അടിസ്ഥാന വാര്‍ഷിക ശമ്പളം 3 ലക്ഷം ഡോളര്‍(ഏകദേശം 2 കോടി രൂപ) ആക്കി ഉയര്‍ത്തിയത്.
നിലവില്‍ മൂന്ന് പ്രതിഫല നിരക്കാണ് ഇന്ത്യന്‍ താരങ്ങള്‍ക്കുള്ളത്. ഇതില്‍ ഏറ്റവും മുകളിലത്തെ നിരയിലാണ് കോലി അടക്കമുള്ള മുന്‍നിര താരങ്ങളുടെ സ്ഥാനം. എ ഗ്രേഡ് കരാറുള്ള കളിക്കാര്‍ക്ക് രണ്ടുകോടിയും ബി ഗ്രേഡ് താരങ്ങള്‍ക്ക് ഒരു കോടിയും സി ഗ്രേഡ് താരങ്ങള്‍ക്ക് അമ്പത് ലക്ഷവുമാണ് ഇപ്പോള്‍ ലഭിക്കുന്നത്.
ബിസിസിഐയും കളിക്കാരും തമ്മില്‍ നിലവിലുള്ള കരാര്‍ സെപ്റ്റംബര്‍ 30ന് അവസാനിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വിരാട് കോലിയുടെ നേതൃത്വത്തില്‍ നിലവിലെ പരിശീലകനായ രവിശാസ്ത്രി, മഹേന്ദ്രസിംഗ് ധോണി എന്നിവരും പ്രതിഫല വര്‍ധനവ് ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്.
വെള്ളിയാഴ്ച ഡല്‍ഹിയില്‍ താരങ്ങളും ബിസിസിഐയും കരാര്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്യുമെന്ന് ഇടക്കാല ഭരണസമിതി അധ്യക്ഷന്‍ വിനോദ് റായി സ്ഥിരീകരിച്ചിട്ടുണ്ട്. നേരത്തെ അനില്‍ കുംബ്ലെ കോച്ചായിരുന്ന സമയത്ത് ഇന്ത്യന്‍ ടീം ഇക്കാര്യം ഉന്നയിച്ചിരുന്നു. ഇതുവരെ രണ്ടുതവണ ഇക്കാര്യത്തില്‍ കൂടിക്കാഴ്ച നടത്തിയെന്നും അടുത്ത ദിവസം ചേരുന്ന യോഗത്തിലും ഇക്കാര്യം ചര്‍ച്ചചെയ്യുമെന്നും വിനോദ് റായി പറഞ്ഞു.
യോഗത്തിന് മുമ്പായി വിരാട് കോലി, ധോണി, രവി ശാസ്ത്രി എന്നിവര്‍ വിനോദ് റായിയെ കണ്ട് വേതനവര്‍ധനവ് ആവശ്യം ഉന്നയിക്കും. പ്രതിഫലക്കാര്യവും മത്സരങ്ങളുടെ ഷെഡ്യൂള്‍ സംബന്ധിച്ചും ചര്‍ച്ച നടത്തും.