Thursday
19 Apr 2018

അഭ്യൂഹങ്ങള്‍ ബൗണ്ടറി കടത്തി കൊഹ്ലിയ്ക്കും അനുഷ്‌കയ്ക്കും പ്രണയസാഫല്യം

By: Web Desk | Monday 11 December 2017 7:45 PM IST

മിലാന്‍ :താരക്കല്യാണങ്ങള്‍ എന്നും അഭ്യൂഹങ്ങള്‍ക്ക് വഴിയൊരുക്കാറുണ്ട്. ഇന്ത്യന്‍ സിനിമാ മേഖലയും ക്രിക്കറ്റ് മേഖലയും ഇക്കാലമത്രയും കാത്തിരുന്ന കോഹ്ലിയും അനുഷ്‌കയും വിവാഹിതരായി.

അഭ്യൂഹങ്ങള്‍ക്കും ഊഹാപോഹങ്ങള്‍ക്കും വിരാമമിട്ട് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലിയും ബോളിവുഡ് താരം അനുഷ്‌ക ശര്‍മയും വിവാഹിതരായി. ഇറ്റലിയിലെ മിലാനിലായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം സന്നിഹിതരായ ചടങ്ങില്‍ തിങ്കളാഴ്ച രാവിലെയാണ് കോഹ്‌ലി അനുഷ്‌കയ്ക്കു മിന്നു ചാര്‍ത്തിയത്. നാലു വര്‍ഷത്തോളം നീണ്ട പ്രണയത്തിനു ശേഷമാണ് ഇവരുടെ വിവാഹം.

ട്വന്റി-20 പരമ്പരയ്ക്ക് ശേഷം വിവാഹത്തിന്റെ വാര്‍ത്തകള്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ടു. ഇറ്റലിയിലെ ബോര്‍ഗോ ഫിനോക്കിയേത്തോ റിസോര്‍ട്ടിലായിരുന്നു വിവാഹചടങ്ങുകള്‍ നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞദിവസം പുലര്‍ച്ചെ അനുഷ്‌കയെയും കുടുംബാംഗങ്ങളെയും മുംബൈ രാജ്യാന്തര വിമാനത്താവളത്തില്‍ കണ്ടതോടെ വിവാഹ വാര്‍ത്ത ആരാധകര്‍ ഏകദേശം ഉറപ്പിക്കുകയും ചെയ്തു. വിവാഹത്തിന്റെ നിമിഷങ്ങള്‍ കൊഹ്ലി ട്വിറ്ററില്‍ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു.