Monday
19 Nov 2018

കോലി വീണ്ടും നമ്പര്‍ വണ്‍

By: Web Desk | Friday 24 August 2018 3:42 PM IST

ദുബായ്:

ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലെ മിന്നും പ്രകടനത്തിന്റെ മികവില്‍ ഐസിസി ടെസ്റ്റ് ബാറ്റിങ് റാങ്കിങ്ങില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലി വീണ്ടും ഒന്നാം സ്ഥാനത്തെത്തി. ലോര്‍ഡ്‌സില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ പരാജയത്തോടെ കോലി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. എന്നാല്‍, ട്രെന്റ്ബ്രിഡ്ജില്‍ നടന്ന മൂന്നാം ടെസ്റ്റിലെ മികച്ച പ്രകടനമാണ് ഇന്ത്യന്‍ നായകനെ വീണ്ടും ഒന്നാമനാക്കിയത്.

മൂന്നാം ടെസ്റ്റില്‍ ആദ്യ ഇന്നിംഗ്‌സില്‍ 97 റണ്‍സ് നേടിയ കോലി രണ്ടാം ഇന്നിംഗ്‌സില്‍ സെഞ്ച്വറി (103) നേടിയിരുന്നു. കോഹ്ലിക്ക് പുറമേ ആറാം സ്ഥാനത്തുള്ള ചേതേശ്വര്‍ പൂജാരയാണ് ആദ്യ പത്തിലുള്ള ഇന്ത്യന്‍ താരം. അജിങ്ക്യ രഹാനെ 19ാം സ്ഥാനത്തും ശിഖര്‍ ധവാന്‍ 22ാം സ്ഥാനത്തുമുണ്ട്. ഓസ്‌ട്രേലിയയുടെ സ്റ്റീവന്‍ സ്മിത്താണ് രണ്ടാമത്. ന്യൂസിലന്‍ഡ് താരം കെയിന്‍ വില്യംസണാണ് മൂന്നാമത്.

മൂന്നാം ടെസ്റ്റിലെ പ്രകനത്തോടെ വിജയിച്ച ടെസ്റ്റുകളില്‍ ഏറ്റവുമധികം തവണ 200ലേറെ റണ്‍സ് നേടുന്ന ക്യാപ്റ്റന്‍ എന്ന നേട്ടത്തിലെത്തി കോലി. ഈ റെക്കോഡില്‍ ഓസ്‌ട്രേലിയന്‍ ഇതിഹാസങ്ങളിയ ഡോണ്‍ ബ്രാഡ്മനേയും റിക്കി പോണ്ടിങ്ങിനെയുമാണ് കോലി മറികടന്നത്. ഏഴ് തവണയാണ് കോലി ടീം വിജയിച്ച ടെസ്റ്റുകളില്‍ 200 ലേറെ റണ്‍സ് നേടിയത്. ബ്രാഡ്മാനും പോണ്ടിങ്ങും ആറ് തവണയാണ് ഈ നേട്ടത്തിലെത്തിയത്.

അതേസമയം, വിരാടിനെ മറ്റൊരു അതുല്യ നേട്ടവും കൂടി കാത്തിരിക്കുന്നുണ്ട്. ഒരു പോയിന്റും കൂടെ നേടിയാല്‍ വിരാട് ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ പോയിന്റ് നേടിയ ആദ്യ പത്തു പേരില്‍ എത്തും. നിലവില്‍ 937 പോയിന്റാണ് വിരാടിനുള്ളത്. വിരാടിന്റെ കരിയറിലെ ഏറ്റവും ഉയര്‍ന്ന പോയിന്റാണിത്.

ബ്രാഡ്മാന്‍ തലപ്പത്തുള്ള പട്ടികയില്‍ രണ്ടാമതാണ് സ്മിത്തുള്ളത്. ബ്രാഡ്മാന് 961 പോയിന്റും സ്മിത്തിന് 947 പോയിന്റുമാണുള്ളത്. 938 പോയന്റുമായി കുമാര്‍ സംഗക്കാരയും വിവിയന്‍ റിച്ചാര്‍ഡ്‌സും ഗാരി സോബേഴ്‌സും വാല്‍ക്കോട്ടുമാണ് പത്താമതുളളത്. ലിസ്റ്റില്‍ ഒരു ഇന്ത്യന്‍ താരം പോലുമില്ല.