Monday
23 Jul 2018

വിരാട് കോലി ട്വന്റി20യിലും കളിച്ചേക്കില്ല

By: Web Desk | Tuesday 28 November 2017 11:08 PM IST

നാഗ്പൂര്‍:

ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി20 പരമ്പരയിലും നായകന്‍ വിരാട് കോലിക്ക് വിശ്രമം നല്‍കിയേക്കുമെന്ന് സൂചന. ഈയാഴ്ച അവസാനത്തോടെ ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. കോലിക്ക് വിശ്രമം അനുവദിച്ച് ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു.
ഡിസംബര്‍ 12 വരെ വ്യക്തിപരമായ തിരക്കുകളിലാണ് ഇന്ത്യന്‍ നായകന്‍. അതുകൊണ്ടാണ് കഴിഞ്ഞദിവസം ട്വന്റി20 ടീമിനെ പ്രഖ്യാപിക്കാതിരുന്നതെന്ന് ബിസിസിഐ പ്രതിനിധി പറഞ്ഞു. ഡിസംബര്‍ 20, 22, 24 തീയതികളിലാണ് മത്സരങ്ങള്‍ നടക്കുന്നത്.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയുള്ള ടെസ്റ്റ് ടീമിനെ തെരഞ്ഞെടുക്കുന്നതിനായി ഈയാഴ്ച അവസാനം യോഗം ചേരുന്നുണ്ട്. സെലക്ഷന്‍ കമ്മിറ്റി രവിശാസ്ത്രിയും കോലിയുമായി ആലോചിച്ച് ട്വന്റി20 ടീമില്‍ ഉള്‍പ്പെടുത്തുന്നതിനെക്കുറിച്ച് തീരുമാനമെടുക്കുമെന്നും ബിസിസിഐ വൃത്തങ്ങള്‍ പറയുന്നു. ദക്ഷിണാഫ്രിക്കക്കെതിരായ മത്സരങ്ങള്‍ക്കായി വേണ്ടത്ര സമയം ലഭിച്ചിട്ടില്ലെന്ന കോലി കഴിഞ്ഞദിവസം പരാതിപ്പെട്ടിരുന്നു.
അതേസമയം ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ടെസ്റ്റ് മത്സരത്തിലും വിരാട് കോലിക്ക് വിശ്രമം അനുവദിക്കാനാണ് ടീം മാനേജ്മന്റ് ആലോചിക്കുന്നതെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. മൂന്ന് മത്സരങ്ങളുള്ള ഏകദിന, ട്വന്റി20 പരമ്പരയില്‍ രോഹിത് ശര്‍മ ടീമിനെ നയിക്കുമെന്ന് നേരത്തെ തന്നെ തീരുമാനമറിയിച്ചിരുന്നു.
കോലിക്ക് വിശ്രമം അനുവദിച്ചാല്‍ വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയായിരിക്കും മൂന്നാം ടെസ്റ്റില്‍ ഇന്ത്യയെ നയിക്കുക. ഡിസംബര്‍ രണ്ടിന് ഡല്‍ഹിയിലാണ് മൂന്നാം ടെസ്റ്റ് തുടങ്ങുക. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0 ന് മുന്നിലാണ്.
മൂന്നാം ടെസ്റ്റ് ടീം: വിരാട് കോലി(ക്യാപ്റ്റന്‍), അജിങ്ക്യ രഹാനെ (വൈസ് ക്യാപ്റ്റന്‍), മുരളി വിജയ്, കെ എല്‍ രാഹുല്‍, ശിഖര്‍ ധവാന്‍, ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ, രോഹിത് ശര്‍മ, വൃദ്ധിമാന്‍ സാഹ, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ഇഷാന്ത് ശര്‍മ, വിജയ് ശങ്കര്‍.