Monday
16 Jul 2018

പടക്കവിപണിയില്‍ തിരക്കേറി: താരം ചൈനീസ് പടക്കങ്ങള്‍

By: Web Desk | Friday 13 April 2018 10:30 PM IST

സ്വന്തം ലേഖിക

കൊച്ചി: വിഷുവിന് ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെ പടക്കവിപണിയില്‍ വന്‍ തിരക്കാണനുഭവപ്പെടുന്നത്. ശബ്ദത്തേക്കാള്‍ വര്‍ണ്ണ വിസ്മയങ്ങള്‍ തീര്‍ക്കുന്ന ചൈനീസ് പടക്കങ്ങള്‍ക്കാണ് ഇത്തവണ വിപണിയില്‍ ഏറെ പ്രിയം. തീപ്പൊരി ദേഹത്ത് വീണാലും പൊള്ളാത്ത തരം ചൈനീസ് പടക്കങ്ങളാണ് ഇത്തവണത്തെ ആകര്‍ഷണമെന്ന് ജില്ലയിലെ പടക്കവില്‍പ്പനയുടെ മുഖ്യകേന്ദ്രമായ ചെറായിയിലെ പടക്ക വിപണന കേന്ദ്രത്തിലെ ജീവനക്കാര്‍ പറയുന്നു. ചെറിയ ശബ്ദത്തില്‍ കണ്ണഞ്ചിപ്പിക്കുന്ന വര്‍ണങ്ങള്‍ വാനില്‍ വാരി വിതറുന്ന പടക്കങ്ങള്‍ വിഷു വിപണിയെ സജീവമാക്കുന്നു.
തമിഴ്‌നാട്ടിലെ ശിവകാശി,കോവില്‍പട്ടി എന്നീ സ്ഥലങ്ങളില്‍ നിന്നാണ് കേരളത്തിലെ വിഷു വിപണിയിലേക്ക് പടക്കങ്ങള്‍ എത്തുന്നത്. ചൈനീസ് പടക്കങ്ങള്‍ക്കൊപ്പം തമിഴ്‌നാട്ടില്‍ നിന്നും വരുന്ന വടിവേല്‍, ആല്‍ഫാ ബീറ്റാ ഫാന്‍സി പടക്കങ്ങളും കേരളത്തില്‍ തന്നെ നിര്‍മിക്കുന്ന അയ്യന്‍സുമെല്ലാം വിപണിയിലുണ്ട്. വിവിധ വര്‍ണങ്ങള്‍ വിരിയിക്കുന്ന ഷോര്‍ട്ടുകളുടെ ഒരു പാക്കറ്റിന് 3200 രൂപയാണ് വില. 25 തവണ പൊട്ടുന്ന സെറ്റ് ഔട്ടും വിപണിയില്‍ ഉയര്‍ന്ന വിലയുള്ളതാണ്. ഈ സെറ്റിന് 4,000 രൂപയാണ് വില. ഏഴര സെന്റിമീറ്റര്‍ മുതല്‍ 75 സെന്റി മീറ്റര്‍ വരെയുള്ള കമ്പിത്തിരിയും വിപണിയില്‍ എത്തിയിട്ടുണ്ട്.തീപ്പെട്ടി രൂപത്തിലുള്ള മത്താപ്പൂ ഇത്തവണ കുറവാണ്. പകരം നീളത്തിലുള്ള മത്താപ്പൂ പാക്കറ്റുകളാണ് എത്തിയിട്ടുള്ളത്. കുട്ടികളെ ലക്ഷ്യം വച്ച് വിലകുറവുള്ള ഒട്ടേറെ ഐറ്റങ്ങള്‍ ഇത്തവണയും വിപണിയിലുണ്ട്. കമ്പിത്തിരിക്ക് പാക്കറ്റിന് 10 മുതല്‍ 60 രൂപ വരെയാണ് വില. കയര്‍പിരിയുടെ പെട്ടിക്ക് 35 രൂപയാണ് വില. പൂത്തിരി ആറു രൂപ മുതല്‍ 55 രൂപ വരെയും നിലച്ചക്രത്തിന് അഞ്ചു മുതല്‍ 20 രൂപ വരെയുമാണ് വില.