Friday
20 Apr 2018

വിഷു എന്ന വേനലോണം…

By: Web Desk | Saturday 14 April 2018 6:45 PM IST

ശ്രീകൃഷ്ണന്‍റെ സ്വര്‍ണ്ണവര്‍ണത്തിലുള്ള അരഞ്ഞാണമാണ് കണിക്കൊന്ന എന്നൊരു സങ്കല്‍പ്പവും വിഷുവിനോട് ചേര്‍ന്ന് കേട്ടുവന്നിരുന്നു. ഐതീഹ്യങ്ങളെന്തായാലും ഒരോണത്തിനും തരാന്‍ കഴിയാത്ത സന്തോഷമാണ് വിഷുക്കാലത്ത് കുട്ടികള്‍ക്കുണ്ടായിരുന്നത്. എല്ലാ പരീക്ഷകളും കഴിഞ്ഞതുകൊണ്ട് മനസ്സിനെ അലട്ടാന്‍ മറ്റ് സങ്കടങ്ങളൊന്നുമില്ല. ഇന്നത്തെക്കാലത്തുള്ളതുപോലെ വേക്കേഷന്‍ ക്ലാസുകളും കുട്ടികളെ ശല്യം ചെയ്തിരുന്നില്ല.

മാര്‍ച്ചില്‍ പരീക്ഷ കഴിയുന്നതിന്‍റെ അവസാനത്തോടുകൂടി പറമ്പിലെ കശുമാവിന്‍റെ ചുവട്ടില്‍ എല്ലാവരും ഒത്തുകൂടും. അതാണ് പ്രധാനകേന്ദ്രം. മരങ്ങളില്‍, കശുമാവാണ് വലിഞ്ഞുകേറാനെളുപ്പം. ശിഖരങ്ങള്‍ ചിലപ്പോള്‍ താഴേനിന്നുപോലും തുടങ്ങുന്നത് ചിലപ്പോള്‍ അതിനായിരിക്കാം. കശുഅണ്ടികള്‍ പെറുക്കിക്കൂട്ടി സൂക്ഷിച്ച് വെക്കുന്നതുമുതലാണ് വിഷുവിനുള്ള ഒരുക്കങ്ങള്‍ ഞങ്ങള്‍ തുടങ്ങുക. കശുഅണ്ടി കൊടുത്താല്‍ ഓലപ്പടക്കം കിട്ടും. തലേദിവസം മുതല്‍ ഓലപ്പടക്കങ്ങള്‍ പൊട്ടിക്കാന്‍ തുടങ്ങും.

ആഞ്ഞിലിയുടെ കായപെറുക്കി കത്തിച്ച് നടക്കുന്ന വഴിമുഴുവന്‍ പൊട്ടിക്കുക എന്നതാണ് അതിന്‍റെ ഒരു രീതി. പിന്നെയുള്ളത് പൊട്ടാസാണ്. തോക്കെടുത്തുള്ള പ്രയോഗങ്ങളാണ്…

കണിയോര്‍മ്മകള്‍ ഇവയില്‍ നിന്നും ഒരുപാട് വ്യത്യസ്തമാണ്. കണിയൊരുക്കുന്നതും മറ്റുമെല്ലാം  അമ്മയുടെയും മറ്റ് മുതിര്‍ന്നവരുടെയും വിഭാഗമാണ്… പാക്ക് ചെയ്ത് കിട്ടുന്ന കണികിറ്റ് ആണ് നമുക്കിന്നത്തെ വിഷുക്കാലം..

ദുരന്ത വാര്‍ത്തകള്‍ കേള്‍ക്കാത്ത ഒരു വിഷുവിനായി നമുക്ക് കാത്തിരിക്കാം. ദുഷ്ടവിചാരങ്ങളും ഹിംസഹത്യകളുമില്ലാത്ത ഒരു വിഷു ഇനി വരും.. അടുത്ത വര്‍ഷംമുതല്‍ അങ്ങനെ സംഭവിക്കട്ടെ എന്ന് നമുക്ക് ആശംസിക്കാം..