Tuesday
19 Jun 2018

മലയാള സിനിമകളിലെ വിഷുഗാനങ്ങള്‍

By: Web Desk | Sunday 15 April 2018 5:14 PM IST

രമ്യ

ഓണക്കാലം മാത്രമല്ല, വിഷുക്കാലവും കവികള്‍ക്ക് വിഷയങ്ങളായിട്ടുണ്ട്.മലയാള ചലച്ചിത്ര ഗാനശാഖയില്‍ നിരവധി ഗാനങ്ങളില്‍ വിഷുക്കാലത്തിന്റെ നൈര്‍മ്മല്യവും സമ്പല്‍സമൃദ്ധിയും വന്നുപോയി.

പൂന്താനം രചിച്ച കണികാണും നേരമാണ് വിഷുക്കാലത്തെ ഏറ്റവും പ്രചാരമേറിയ ഗാനം. ഇത് പില്‍ക്കാലങ്ങളില്‍ മലയാള സിനിമയിലും വന്നു.
ജി ദേവരാജന്റെ ഈണത്തില്‍ പി ലീല, രേണുക എന്നിവര്‍ ചേര്‍ന്ന് ആലപിച്ച ഈ ഗാനം വിഷുക്കാലങ്ങളില്‍ ഒഴിച്ചുനിര്‍ത്താനാവാത്തതാണ്.

വയലാര്‍ ഗാനങ്ങളില്‍ വിഷുക്കാലം

ചുക്ക് എന്ന ചിത്രത്തിലെ സംക്രമ വിഷുപക്ഷി എന്ന ഗാനം- ദേവരാജന്റെ സംഗീതത്തില്‍ പി ലീലയാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. വിഷുക്കാല ഗാനങ്ങളില്‍ പ്രിയപ്പെട്ടതാണ്.
സമ്മാനം എന്ന ചിത്രത്തില്‍ വി ദക്ഷിണാമൂര്‍ത്തി സംഗീതം നല്‍കി വാണിജയറാം ആലപിച്ച എന്റെ കൈയില്‍ പൂത്തിരി മറ്റൊരു വിഷു ഓര്‍മ്മ സമ്മാനിക്കുന്നു.

ഗിരീഷ് പുത്തഞ്ചേരിയിലൂടെ..

മേടപ്പൊന്നണിയും കൊന്നപ്പൂക്കണിയായ്.. വിഷു ഗാനങ്ങളില്‍ ഇന്നേറ്റവും പ്രചാരമുള്ള ഈ ഗാനം ദേവാസുരം എന്ന ചിത്രത്തിലേതാണ്. എം ജി ശ്രീകുമാറും അരുന്ധതിയും ചേര്‍ന്ന് ആലപിച്ചതാണീ ഗാനം.

ശ്രീകൃഷ്ണനെ ആരാധിക്കുന്നവരുടെ മനസ്സില്‍ ആദ്യമെത്തുന്ന നന്ദനത്തിലെ എല്ലാ ഗാനങ്ങളും വിഷുക്കാലത്തോട് ചേര്‍ത്ത് നിര്‍ത്താവുന്നതാണ്. ഗിരീഷ് പുത്തഞ്ചേരിയുടെ വരികള്‍ക്ക് ഈണം നല്‍കി അനശ്വരമാക്കിയതാകട്ടെ രവീന്ദ്രന്‍ മാഷും. ചിത്ര, യേശുദാസ്, എംജി ശ്രീകുമാര്‍, സുജാത, രാധികാ തിലക്, ജയചന്ദ്രന്‍ എന്നിവരാണ് ഇതിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.

പി ഭാസ്‌കരന്റെ മഴമുകിലൊളിവര്‍ണന്‍

ആഭിജാത്യം എന്ന ചിത്രത്തിലെ മഴമുകിലൊളിവര്‍ണന്‍ ഗോപാല കൃഷ്ണന്‍ എന്ന ഗാനവും വിഷുക്കാലങ്ങളിലെ പ്രിയ ഗാനങ്ങളിലൊന്നാണ്. എ ടി ഉമ്മറിന്റെ സംഗീതത്തില്‍ എസ് ജാനകിയാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.

കൊന്നപ്പൂവെ കിങ്ങിണിപ്പൂവെ എന്ന ഗാനവും ഭാസ്‌കര രചനകളിലെ മികച്ച വിഷുഗാനങ്ങളിലൊന്നാണ്. കെ രാഘവന്റെ സംഗീതത്തെ അനശ്വരമാക്കി ഈ ഗാനം ആലപിച്ചിരിക്കുന്നത് എസ് ജാനകിയാണ്.

വയലാര്‍ ശരത്ചന്ദ്ര വര്‍മ്മയുടെ വരികളില്‍


കൈ നിറയേ വെണ്ണ തരാം.. ജി വേണുഗോപാലിന്റെ സ്വരമാധുരിയില്‍ കേരളത്തിന് പ്രീയപ്പെട്ട മറ്റൊരു കൃഷ്ണഗാനമാണിത്. ബാബാ കല്യാണി എന്ന ചിത്രത്തിലെ ഈ ഗാനത്തിന് ഈണം നല്‍കിയിരിക്കുന്നത് അലക്‌സ് പോളാണ്.

കൈതപ്രത്തിന്റെ വിഷുവരികള്‍

മൈനാകപ്പൊന്‍മുടിയില്‍ പൊന്നുരുകി തൂവിപ്പോയ്..

മഴവില്‍ കാവടിയിലെ ഈ ഗാനത്തിന് ഈണം നല്‍കിയിരിക്കുന്നത് ജോണ്‌സണാണ്. ജി വേണുഗോപാലാണ് ആലപിച്ചിരിക്കുന്നത്.

മധു ആലപ്പുഴ മേടമാസപ്പുലരിയെക്കുറിച്ച് എഴുതുമ്പോള്‍

മേടമാസ പുലരി കായലില്‍ എന്ന ഗാനം അതിന്റെ സംഗീതത്താലും വരികളാലും ഗ്രാമീണ്യത വര്‍ധിപ്പിക്കുന്നതാണ്.

രവീന്ദ്ര സംഗീത്തിന്റെ മാസ്മരികതയ്ക്ക് മിഴിവേകിയിരിക്കുന്ന ഗാനാലാപനം യേശുദാസിന്റേതുമാണ്..

ഷിബു ചക്രവര്‍ത്തിയുടെ വരികളില്‍ കൃഷ്ണഭക്തി

എന്തേ നീ കണ്ണാ.. കൃഷ്ണഭക്തി നിറഞ്ഞൊഴുകുന്ന ഈ ഗാനം സസ്‌നേഹം സുമിത്ര എന്ന ചിത്രത്തിലേതാണ്. ഔസേപ്പച്ചന്റെ സംഗീതത്തില്‍ ഗായത്രി ആലപിച്ചിരിക്കുന്നതാണ് ഈ ഗാനം.