Thursday
24 Jan 2019

കേരളം നെഞ്ചേറ്റിയ വി കെ മോഹനന്‍ കാര്‍ഷിക സംസ്‌കൃതി

By: Web Desk | Friday 23 February 2018 10:48 PM IST

തൃശൂര്‍: കഴിഞ്ഞ മൂന്ന് വര്‍ഷങ്ങള്‍കൊണ്ട് കേരളം നെഞ്ചേറ്റിയ ജൈവകൃഷിയുടെ വ്യാപനത്തിന് വിത്തിട്ടത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി. 2015 ലെ ജില്ലാ സമ്മേളനത്തിനുള്ള കാര്‍ഷിക വിഭവങ്ങള്‍ സ്വയം ഉദ്പാദിപ്പിക്കുകവഴി ജൈവകൃഷിയുടെ പ്രോത്സാഹനവും വിഷരഹിത ഭക്ഷണശീലവും തുടക്കമിട്ടത് സിപിഐയുടെ നേതൃത്വത്തില്‍ തൃശൂരില്‍. അകാലത്തില്‍ അന്തരിച്ച സിപിഐ നേതാവായിരുന്ന വി കെ മോഹനന്റെ സ്മരണയ്ക്കായി രൂപം കൊടുത്ത വി കെ മോഹനന്‍ കാര്‍ഷിക സംസ്‌കൃതിയുടെ പാത പിന്നീട് മറ്റ് രാഷ്ട്രീയ സംഘടനകളും ഇന്ന് സംസ്ഥാന സര്‍ക്കാരും ഏറ്റെടുത്തിരിക്കുന്നു.
ഇന്നത്തെ കൃഷി മന്ത്രി വി എസ് സുനില്‍ കുമാര്‍ എംഎല്‍എ ചെയര്‍മാനും ഡോ.രഞ്ജന്‍ എസ് കരിപ്പായി കണ്‍വീനറുമായാണ് വി കെ മോഹനന്‍ കാര്‍ഷിക സംസ്‌കൃതിക്ക് തുടക്കം കുറിച്ചത്. മണലൂര്‍ താനാംപാടത്ത് നെല്ലും നാട്ടിക, ഇരിങ്ങാലക്കുട മണ്ഡലങ്ങളില്‍ പച്ചക്കറിയും വിളയിച്ചുകൊണ്ടായിരുന്നു തുടക്കം. മൂപ്പതോളം ക്ലസ്റ്ററുകള്‍ രൂപീകരിച്ച് സിപിഐ തുടങ്ങിയ കാര്‍ഷിക പദ്ധതി ഗ്രാമങ്ങള്‍ ഏറ്റെടുക്കുകയായിരുന്നു. ഒരു പാര്‍ട്ടിയുടെ ചിന്തകളില്‍ ഉടലെടുത്ത് നടപ്പിലാക്കാന്‍ തുടങ്ങിയപ്പോള്‍ ഗ്രാമങ്ങളെല്ലാം കൂടെ നില്‍ക്കുന്ന ആഹ്ലാദകരമായ അനുഭവമാണ് വി കെ മോഹനന്‍ കാര്‍ഷിക സംസ്‌കൃതിക്ക് പറയാനുള്ളത്.
നാട്ടിക, അന്തിക്കാട്, പഴുവില്‍, താന്ന്യം, ആമ്പല്ലൂര്‍, മണലൂര്‍, എളവളളി, വടക്കാഞ്ചേരി, ഒല്ലൂര്‍, ഇരിങ്ങാലക്കുട, ചേര്‍പ്പ്, പെരിങ്ങോട്ടുകര, കുന്നംകുളം തുടങ്ങിയ സ്ഥലങ്ങളിലായി, കാര്‍ഷിക സര്‍വ്വകലാശാലയില്‍ വികസിപ്പിച്ചെടുത്ത ഇരുപതിനായിരത്തോളം പച്ചക്കറി തൈകള്‍ കൃഷിയിറക്കി. ഇരുപത് അംഗങ്ങള്‍ വീതമുളള ഓരോ ഗ്രൂപ്പിനും കൃഷിക്കാവശ്യമായ പരീശിലനം നല്‍കി. ഈ കൃഷിയിടങ്ങളില്‍ വിളഞ്ഞ ജൈവ പച്ചക്കറികള്‍ ഓണക്കാലത്ത് വിലക്കുറവില്‍ ജനങ്ങളിലേക്ക് എത്തിക്കാനും കഴിഞ്ഞു. സമ്മേളനത്തിന്റെ പേരില്‍ തുടങ്ങിയ വി കെ മോഹനന്‍ കാര്‍ഷിക സംസ്‌കൃതി പിന്നിട് ഓണം – വിഷുക്കാലത്ത് ജില്ലയില്‍ ജൈവപച്ചക്കറികളുടെ വിപണരംഗത്ത് സജീവമായി. തൃശ്ശൂര്‍ ടൗണ്‍, ചാഴൂര്‍, അന്തിക്കാട്, താന്ന്യം, ഇരിങ്ങാലക്കുട, തൃപ്രയാര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ അത്തം മുതല്‍ വില്പനശാലകള്‍ തുറന്നു. പയര്‍, വെണ്ട, പാവയ്ക്ക, വെളളരി, തക്കാളി, വഴുതനങ്ങ, കുമ്പളങ്ങ, മത്തങ്ങ, പച്ചമുളക്, പടവലം, ചീര, ബീന്‍സ് എന്നീ പത്തിനം പച്ചക്കറികളാണ് വില്‍പനയ്ക്ക് എത്തിക്കുകയും ചെയ്തു.
ചെയര്‍മാനായിരുന്ന വി എസ് സുനില്‍കുമാര്‍ മന്ത്രിയുടെ ചുമതല ഏറ്റെടുക്കുകയും, ഡോ. രഞ്ജന്‍ എസ് കരിപ്പായി വിദേശത്തേക്ക് പോവുകയും ചെയ്‌തെങ്കിലും കാര്‍ഷിക പദ്ധതി ഇപ്പോഴും തുടരുന്നുണ്ട്. നാട്ടികയില്‍ അഞ്ച്, ഇരിങ്ങാലക്കുട നാല്, മണലൂര്‍ മൂന്ന്, കൊടുങ്ങല്ലൂര്‍, പുതുക്കാട്, ഒല്ലൂര്‍, കയ്പമംഗലം രണ്ട് വീതം, വടക്കാഞ്ചേരി, ഗുരുവായൂര്‍, തൃശൂര്‍ ഒന്ന് വീതം ക്‌ളസ്റ്ററുകളാണ് സജീവമായിട്ടുള്ളത്. ജില്ലാ സെക്രട്ടറി കെ കെ വത്സരാജ്, അസിസ്റ്റന്റ് സെക്രട്ടറിമാരായ പി ബാലചന്ദ്രന്‍, അഡ്വ. ടി ആര്‍ രമേഷ് കുമാര്‍ എന്നിവര്‍ വേണ്ട മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നു.
പദ്ധതിക്ക് തുടക്കമിട്ട നാട്ടികയിലെ താനാപാടത്ത് രണ്ടേക്കര്‍ സ്ഥലത്ത് ഇപ്പോഴും ജൈവകൃഷിയിറക്കിയിട്ടുണ്ട്. ഇരിങ്ങാലക്കുട മണ്ഡലം കമ്മറ്റി ഓഫീസ് അങ്കണത്തില്‍ പച്ചക്കറികളും നിറഞ്ഞു നില്‍ക്കുന്നു. കൂടുതല്‍ സ്ഥലങ്ങളില്‍ വിഷരഹിത കൃഷി വ്യാപിപ്പിക്കാനും വി കെ മോഹനന്‍ കാര്‍ഷിക സംസ്‌കൃതി കൂടുതല്‍ ശക്തമാക്കാനും ജനുവരി 24 ന് അവസാനിച്ച പാര്‍ട്ടി തൃശൂര്‍ ജില്ലാ സമ്മേളനം തീരുമാനമെടുത്തിട്ടുണ്ട്.

Related News