Monday
18 Dec 2017

ശശികല ഇന്ന് തിരിച്ച് ജയിലിലേക്ക്

By: Web Desk | Thursday 12 October 2017 11:55 AM IST

ചെന്നൈ: എഐഎഡിഎംകെ നേതാവ്​ വി കെ ശശികല ഇന്ന്​ ബംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലിലേക്ക്​ മടങ്ങും. അഞ്ചു ദിവസത്തെ പരോൾ ബുധനാഴ്​ചയാണ് അവസാനിച്ചത്. അസുഖം ബാധിച്ച്​ ചെന്നൈ ആശുപത്രിയിൽ ചികിത്​സയിൽ കഴിയുന്ന ഭർത്താവ്​ നടരാജനെ സന്ദർശിക്കുന്നതിനു വേണ്ടിയാണ്​ ശശികലക്ക്​ അഞ്ചു ദിവസത്തെ അടിയന്തര പരോൾ അനുവദിച്ചത്​.

പൊതു പരിപാടികളിൽ പങ്കെടുക്കരുത്,​ മാധ്യമങ്ങളോട്​ സംസാരിക്കരുത്​ തുടങ്ങി കർശന ഉപാധിക​ളോ ടുകൂടിയാണ്​ പരോൾ അനുവദിച്ചു നൽകിയത്. ഭർതൃ സഹോദരിയുടെ മകളുടെ വീട്ടിലായിരുന്നു അഞ്ചു ദിവസം ശശികല താമസിച്ചിരുന്നത്​. അനധികൃത സ്വത്ത്​ സമ്പാദന കേസിൽ കുറ്റക്കാരിയാണെന്ന്​ സുപ്രീം കോടതി കണ്ടെത്തിയതിനെ തുടർന്ന്​ ഫെബ്രുവരിയിലാണ്​ ശശികല ജയിലിലായത്.