Thursday
22 Nov 2018

ട്രാക്ടർ മത്സരം കാണുന്നതിനിടെ മേൽക്കൂര തകർന്ന് 17 പേർക്ക് പരിക്ക്

By: Web Desk | Monday 30 July 2018 12:57 PM IST

ജയ്പൂർ: ട്രാക്ടർ മത്സരം കാണുന്നതിനിടെ മേൽക്കൂര തകർന്ന് 17 പേർക്ക് പരിക്ക്. ഇതിൽ ഏഴ് പേരുടെനില ​ഗുരുതരം. രാജസ്ഥാനിലെ ശ്രീ ഗംഗാനഗർ ജില്ലയിലാണ് സംഭവം. പാഡപുർ മേഖലയിലെ ആനാസ് മന്ദിവിൽവച്ചാണ് ട്രാക്ടർ മത്സരം നടന്നത്. എല്ലാ വർഷവും മുടങ്ങാതെ നടക്കുന്ന ആഘോഷങ്ങളിൽ ഒന്നാണ് ട്രാക്ടർ മത്സരം. ആയിരകണക്കിന് ആളുകളാണ് ഒാരോ തവണയും മത്സരം കാണാൻ എത്തുക. മത്സരം കാണുന്നതിനുവേണ്ടി ആളുകൾ തകര ഉപയോ​ഗിച്ച് നിർമ്മിച്ച ഷെഡിനു മുകളിൽ നുഴഞ്ഞ് കയറുകയും ഭാരം താങ്ങാനാകാതെ മേൽക്കൂര തകരുകയുമായിരുന്നു.

നൂറുകണക്കിന് ആളുകളാണ് മത്സരം കാണുന്നതിനുവേണ്ടി ടിൻ ഷെഡിന്റെ മുകളിൽ കയറിയത്. എന്നാൽ ഭാരം കൂടിയതോടെ ഷെഡ് തകരുകയും ആളുകൾ നിലത്തേക്ക് വീഴുകയുമായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.  ഷെഡിന് താഴെയും നൂറുകണക്കിന് ആളുകൾ മത്സരം കാണുന്നതിനായി നിന്നിരുന്നു. അവരുടെ മേലാണ് ഷെഡ് മറിഞ്ഞ് വീണത്. ഇതുവരെ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഗംഗാനഗർ പൊലീസ് സൂപ്രണ്ട് യോഗേഷ് യാദവ് പറഞ്ഞു. അതേസമയം, മത്സരം നടത്താൻ സംഘാടകർ സർക്കാരിൽനിന്നും അനുമതി തേടിയിരുന്നില്ലെന്ന് ഉദ്യോ​ഗസ്ഥർ അറിയിച്ചു.

Related News