Sunday
24 Jun 2018

കൊള്ളക്കാരായ കുബേരന്മാര്‍ക്ക് കേന്ദ്രം കാവലിരിക്കുന്നു: പന്ന്യന്‍

By: Web Desk | Friday 16 February 2018 11:04 PM IST

പി എസ് പരമേശ്വരന്‍നായര്‍ നഗര്‍(കറുകച്ചാല്‍):

കേന്ദ്രത്തില്‍ തുടരുന്ന മതാധിഷ്ഠിത ഭരണം ഫാസിസത്തിന്റെ വഴികളിലേക്ക് രാജ്യത്തെ അതിവേഗം കൊണ്ടുപോകുന്നുവെന്ന് സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. സിപിഐ ജില്ലാ സമ്മേളനത്തിന് സമാപനം കുറിച്ച് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മതവും രാഷ്ട്രീയവും കൂടിച്ചേര്‍ന്നാല്‍ വളരുന്നത് വര്‍ഗ്ഗീയതയാണ്. ഇതിന്റെ ബീഭത്സതയാണ് കേന്ദ്രഭരണകൂടത്തിന്റെ ചെയ്തികള്‍. കേന്ദ്രഭരണം കുബേരന്മാര്‍ക്കു വേണ്ടിയാണ്. അവര്‍ക്ക് പൊതുസ്വത്ത് ധൂര്‍ത്തടിക്കാന്‍ വഴിയൊരുക്കുകയാണ് കേന്ദ്രഭരണാധികാരികള്‍. കുബേരന്മാര്‍ പൊതുസ്വത്ത് ധൂര്‍ത്തടിക്കുമ്പോള്‍ ഭരണനേതൃത്വം കൃത്യമായ വിഹിതം കൈപ്പറ്റുന്നു, പന്ന്യന്‍ വ്യക്തമാക്കി.

പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് ഉള്‍പ്പെടെയുള്ളവ ഇതിന്റെ തുടര്‍ച്ചയാണ്.ബാങ്കുകളുടെ നിയന്ത്രണത്തിന് റിസര്‍വ് ബാങ്ക് കൃത്യമായ ചട്ടങ്ങളുണ്ട്.കുത്തക മുതലാളിമാര്‍ക്കുവേണ്ടി റിസര്‍വ്വ് ബാങ്ക് അടങ്ങുന്ന സംവിധാനങ്ങളെ കേന്ദ്രം നോക്കുകുത്തിയാക്കുന്നു. ബിജെപി സംഘപരിവാര്‍ ഭരണത്തിന്റെ ചെയ്തികള്‍ക്കെതിരെയും ഫാസിസത്തിന്റെ കടന്നുകയറിയുള്ള യാത്രക്കെതിരെയും പോരാട്ടങ്ങള്‍ ഉയരണം.അതിനായി വിശാല ഇടതുപക്ഷ മതേതര കൂട്ടായ്മ രൂപപ്പെടണം.എന്നാല്‍ ഇതൊരു തെരഞ്ഞെടുപ്പ് സഖ്യമോ രാഷ്ട്രീയ കൂട്ടുകെട്ടോ അല്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിപിഐ പാര്‍ട്ടി കോണ്‍ഗ്രസ്സ് ഇക്കാര്യത്തില്‍ സമൂര്‍ത്തമായ ചിത്രം രൂപീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജില്ലാ സെക്രട്ടറി സി കെ ശശിധരന്‍ അദ്ധ്യക്ഷത വഹിച്ചു.

Related News