Monday
16 Jul 2018

ഹൈക്കോടതി ഉത്തരവ് ലംഘിച്ച് റവന്യൂ പട്ടയഭൂമിയില്‍ നിര്‍മ്മാണ പ്രവര്‍ത്തനം

By: ബിജുകിഴക്കേടത്ത് | Friday 18 August 2017 4:16 PM IST

മാനന്തവാടി:

ഹൈകോടതി ഉത്തരവ് ലംഘിച്ച് വയനാട് ജില്ലയില്‍ റവന്യൂ പട്ടയഭൂമിയില്‍ വ്യാപകമായി റിസോര്‍ട്ട്-സ്ലിപ് ലൈന്‍ നിര്‍മ്മാണങ്ങള്‍ . മാനന്തവാടി താലുക്കിലെ പയ്യംപള്ളി വില്ലേജില്‍ കുറുവ ദ്വീപിന് സമിപത്താണ് നിര്‍മ്മാണങ്ങള്‍ നടക്കുന്നത്. ട്രാവന്‍കൂര്‍ കൊച്ചിന്‍ ലാന്റ് അസെയിമെന്റ് റൂള്‍സ് റൂള്‍ 4 ലെ കേരള ലാന്റ് അസെയിമെന്റ് റൂള്‍ 1964 ചട്ടം പ്രകാരം അനുവദിച്ച റവന്യൂ പട്ടയഭൂമിയില്‍ നിര്‍മ്മാണങ്ങള്‍ പാടില്ലന്ന വ്യവസ്ഥകളുണ്ട്. ഇത് ലംഘിച്ചാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്.

കൃഷിക്കായി അനുവദിച്ച ഭൂമിയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പാടില്ലന്ന് പട്ടയം നല്‍കുമ്പോള്‍ തന്നെ വ്യവസ്ഥ ചെയ്യുന്നുണ്ട്. ഇത് മറച്ച് വെച്ചാണ് മാനന്തവാടി നഗരസഭയില്‍ നിന്ന് കെട്ടിട നിര്‍മ്മണത്തിന് അനുമതി കരസ്ഥമാക്കിയത്. സ്ലിപ്പ് ലൈന്‍ നിര്‍മ്മാണത്തിനായി പയ്യംപള്ളി വില്ലേജ് ഓഫിസില്‍ കൈവശരേഖയ്ക്ക് അനുമതി ആവശ്യപ്പെട്ടിരുന്നു. ഇതിനെത്തുടര്‍ന്ന് കൃഷിയും വീടും ഒഴികെയുള്ള നിര്‍മ്മാണങ്ങളൊന്നും പാടില്ലന്ന് വ്യവസ്ഥ രേഖപ്പെടുത്തി  കൈവശരേഖ നല്‍കി. റവന്യൂ വകുപ്പിന്റെയോ മാനന്തവാടി നഗരസഭയുടെയോ അനുമതിയില്ലാതെയാണ് നിര്‍മ്മാണങ്ങള്‍ തുടങ്ങിയത്.
പഞ്ചായത്ത്‌, നഗരസഭ എന്നിവിടങ്ങളില്‍ നിന്നും നല്‍കിയ വ്യവസായവാണിജ്യ ആവശ്യത്തിനുള്ള പെര്‍മിറ്റുകള്‍ റദ്ദ് ചെയ്യാനും നടക്കുന്ന നിര്‍മ്മാണങ്ങള്‍ നിര്‍ത്തിവയ്ക്കാനും നിലവില്‍ അനുവദിച്ച ലൈസന്‍സുകള്‍ പുതുക്കാതിരിക്കാനും ഹൈക്കോടതി ഉത്തരവില്‍ പറയുന്നുണ്ട്. ഇപ്രകാരമുള്ള ഭൂമിയില്‍ വ്യവസായ വാണിജ്യ ആവശ്യങ്ങള്‍ക്ക് നിര്‍മ്മാണ പ്രവര്‍ത്തനത്തിനായി ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും വായ്‌പ്പകള്‍ അനുവദിക്കരുതെന്നുമുണ്ട്. ഇത് ലംഘിച്ചാണ് പലരും റവന്യൂ പട്ടയഭൂമിയില്‍ കോടി കണക്കിന് രൂപ വായ്‌പ്പകള്‍ എടുത്ത് നിര്‍മ്മാണങ്ങള്‍ നടത്തുന്നത്.
ടുറിസം കേന്ദ്രങ്ങളില്‍ റവന്യൂ പട്ടയ ഭൂമിയില്‍ വ്യാപകമായി നിര്‍മ്മാണങ്ങള്‍ നടന്നുവരുന്നുണ്ട്. റിയല്‍ എസ്റ്റേറ്റ് മാഫിയകളാണ് ജില്ലയ്ക്ക് പുറത്തുള്ളവര്‍ക്ക് ഇത്തരം ഭൂമി വന്‍ വിലയ്ക്ക് വാങ്ങി നല്‍കുന്നത്. പലരും നിര്‍മ്മാണങ്ങള്‍ തുടങ്ങിയതിന് ശേഷമാണ് കബളിപ്പിക്കപ്പെട്ട വിവരം അറിയുന്നത്.  റവന്യൂ പട്ടയഭൂമിയിലെ റിസര്‍വ്വ് ചെയത മരം പോലും മുറിച്ചുമാറ്റുന്നുണ്ട്. പ്രകൃതി ചൂഷണം നടത്തിയുള്ള നിര്‍മ്മാണങ്ങള്‍ക്ക് എതിരെ നടപടി വേണമെന്ന ആവശ്യവും ശക്തമാണ്.

Related News