Friday
25 May 2018

ഫേസ്ബുക്ക് വഴി ആദ്യമലയാളം വെബ് സീരീസ്

By: Web Desk | Tuesday 27 March 2018 6:54 PM IST

സ്വന്തം ലേഖകന്‍

ഇടുക്കി: ഫേസ്ബുക്ക് വഴി ആദ്യമായി സംപ്രേക്ഷണം ചെയ്യുന്ന മലയാളം വെബ് സീരീസ്        ‘സപ്ലിമേറ്റ്‌സ് ‘റിലീസ് ചെയ്തു. നാല് എഞ്ചിനീയറിങ് വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റല്‍ ജീവിതത്തെ ആധാരമാക്കിയാണ് സപ്ലിമേറ്റ്സിന്‍റെ കഥ പുരോഗമിക്കുന്നത്. മാധ്യമ രംഗത്തുള്ള കുരുവിള ചാക്കോയാണ് സപ്ലിമേറ്റ്സിന്‍റെ രചനയും, സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്.

ഇന്ത്യയില്‍ വെബ് സീരീസുകള്‍ അധികം സുപരിചിതമല്ല. ചെറിയ കഥയെ ചുരുങ്ങിയ സമയത്തിലൊതുക്കാതെ ഓരോ എപ്പിസോഡുകളാക്കി അവതരിപ്പിക്കുന്നതാണ് വെബ് സീരീസ് എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. ആദ്യ സീസണില്‍ ഏഴ് എപ്പിസോഡുകളായാണ് സപ്ലിമേറ്റ്‌സ് എത്തുക. ഒരു എപ്പിസോഡിന് 20 മിനിറ്റ് ദൈര്‍ഘ്യമുണ്ടാകും. സിനിമ മോഹവുമായി ഒത്തുചേര്‍ന്ന നവാഗതരാണ് സപ്ലിമേറ്റ്സിന്‍റെ പിന്നില്‍ അണിനിരക്കുന്നത്.
അഖില്‍ വിഷ്ണു, റോജിന്‍ മലയാറ്റൂര്‍, ആകാശ് സത്യ, വിപിന്‍ മംഗലശ്ശേരി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം വിഷ്ണു പുതിയപറമ്പത്ത്, എഡിറ്റിങ് മഹേഷ് രവീന്ദ്രനും നിര്‍വഹിച്ചിരിക്കുന്നു. സൗത്ത് ഇന്ത്യന്‍ ഫ്രെയിംസ് അക്ഷയ് പ്രകാശാണ് ഓണ്‍ലൈന്‍ പ്രമോഷന്‍ കൈകാര്യം ചെയ്യുന്നത്.

ഇതിനോടകം മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ഈ വെബ് സീരീസിന് ലഭിച്ച് കൊണ്ടിരിക്കുന്നത്. വെബ് സീരീസെന്ന ആശയത്തെ പ്രോല്‍സാഹിപ്പിച്ച് സംവിധായകന്‍ ഡിജോ ജോസ് ആന്‍റണി, നടന്‍ ഷൈന്‍ ടോം ചാക്കോ എന്നിവരുള്‍പ്പെടെ മലയാള സിനിമയിലെ നിരവധി പ്രമുഖര്‍ രംഗത്തെത്തിക്കഴിഞ്ഞു.