Monday
22 Oct 2018

മഴതോരാതെ

By: Web Desk | Sunday 22 October 2017 12:00 AM IST

മിനി സതീഷ്

ത്യത്തില്‍ എനിക്ക് ആത്മവിശ്വാസക്കുറവുണ്ട്. നിരന്തരം വായനയുള്ള ഒരാളെന്ന നിലയില്‍ പല മഹത്തായ കൃതികളും വായിക്കാറുണ്ട്. അപ്പോള്‍ അവയുമായി ഒരു താരതമ്യം നടക്കും. ഞാന്‍ എഴുതുന്നവ ശോചനീയമാണെന്ന തോന്നലുണ്ടാവും. അവയെ കുറിച്ച് അത്രയധികം അഭിമാനബോധം തോന്നാതാവും. എന്നാല്‍ മറ്റൊരുവിധത്തില്‍ ആത്മവിശ്വാസം അനുഭവിക്കാറുമുണ്ട്. ഇനിയും എവിടെയൊക്കെയോ എത്തേണ്ടതാണെന്ന തോന്നല്‍ വീണ്ടുമുണ്ടാവും.
”നീ നരന്‍, ഞാന്‍ നരി എന്നതിനപ്പുറം
നേരുകളില്ലയോ നമ്മെ ബന്ധിപ്പതായ്?”
(പുലിയിറക്കം, പുറം 36)
ഞാനൊരു ഭൗതികവാദിയാണ്. എന്നെ സംബന്ധിച്ച് ആധ്യാത്മികത എന്നതിന് സാധാരണ വിവക്ഷിക്കുന്നതിന് അപ്പുറത്ത് ചില അര്‍ഥങ്ങളുണ്ട്. എപ്പോഴും ആലോചിക്കുന്നൊരു കാര്യമുണ്ട്. മഴ പെയ്യുന്നതെങ്ങനെയെന്ന് ശാസ്ത്രത്തിനറിയാം. എന്തിനുവേണ്ടി, എന്തുകൊണ്ട് എന്നുള്ളതിനൊന്നും കൃത്യമായ ഉത്തരം പറയാന്‍ പറ്റില്ല. വേനലിന്റെ മൂര്‍ദ്ധന്യത്തില്‍ എല്ലാ ചെടികളും ദാഹിച്ച് പ്രകൃതി മുഴുവന്‍ വരണ്ടുനില്‍ക്കുന്ന സമയത്താണ് മഴ പെയ്യുന്നതെന്നൊക്കെ പറയാന്‍ പറ്റുമെങ്കിലും ഒരു സമസ്യ അതിനകത്തുണ്ട്. ഇങ്ങനെ ചില ചോദ്യങ്ങള്‍ നമ്മള്‍ നിരന്തരം നേരിടുന്നു. അപ്പോള്‍ അതിനു ഭൗതികതയില്‍ നിന്നകന്നുകൊണ്ട് ഏതെങ്കിലുമൊരു മതവിശ്വാസത്തിന്റെ അഭയത്തിലേയ്ക്ക് പോകാന്‍ എനിക്ക് പറ്റുകയില്ല.
കൃത്യമായ നിര്‍ദ്ദേശങ്ങള്‍ക്കോ താല്‍പ്പര്യങ്ങള്‍ക്കോ അനുസൃതമായി രചിച്ചിട്ടുള്ളത് സിനിമാഗാനങ്ങള്‍ മാത്രമാണ്. കവിതയുടെ കാര്യത്തില്‍ അതില്ല. ഗൗരി ലങ്കേഷിന്റെ വധത്തില്‍ അങ്ങേയറ്റത്തെ പ്രതിഷേധവും രോഷവും ദുഃഖവും എനിക്കുണ്ട്. പക്ഷേ പെട്ടെന്നത് കവിതയാകണമെന്നില്ല. കവിത പലപ്പോഴും എനിക്ക് വീണുകിട്ടുന്നതാണ്. ബോധപൂര്‍വമുള്ള ഒരു പ്രവര്‍ത്തനമല്ലത്. ‘തോരാമഴ’ ഇത്തരത്തില്‍ വളരെ സ്വാഭാവികമായി സംഭവിച്ചതാണ്. പത്തിരുപത് വര്‍ഷം മുമ്പ് നടന്നൊരുകാര്യം. ഒരു ദിവസം രാവിലെ ഇങ്ങനെ ഇരിക്കുമ്പോള്‍ ‘ഉമ്മ തനിച്ചു പുറത്തിറങ്ങി’ എന്ന വരിയാണ് ആദ്യം വരുന്നത്. പിന്നെ ആ വരിയില്‍ നിന്നുകൊണ്ട് കവിതയിലേയ്ക്ക് പോവുകയാണ്. മറ്റുചില കവിതകളില്‍ ഒരാശയമാവാം ലഭിക്കുന്നത്. ‘പ്രണയ ഗണിത’ത്തില്‍ അതാണ് സംഭവിക്കുന്നത്. ആഖ്യാന വൈചിത്ര്യങ്ങള്‍ ഇങ്ങനെ സ്വാഭാവികമായി സംഭവിക്കുന്നതാണ്. അതൊരു പരീക്ഷണമോ, കാലത്തിനനുസരണമായി രൂപത്തില്‍ സ്വീകരിക്കുന്ന മാറ്റമോ അല്ല. അങ്ങനെ മാറണം എന്നുതന്നെയാണ് എന്റെ വിശ്വാസം. എന്നാല്‍ ഞാനതിന് പറ്റിയൊരാളല്ല. ഇത്തരം വ്യത്യസ്തതകള്‍ നിലനില്‍ക്കുമ്പോഴും പദ്യത്തിന്റെ അമിതമായ സ്വാധീനം എന്റെ കവിതകളില്‍ വരുന്നതായി ഒരാരോപണം നിലനില്‍ക്കുന്നുണ്ട്. പ്രധാനപ്പെട്ടൊരു കാര്യം ഗദ്യരൂപത്തിലുള്ള കവിതകളാണ് ഏറ്റവും പുതിയതും ബൗദ്ധികവുമെന്ന് കരുതപ്പെടുന്ന ഒരു സമയത്താണ് ഞാനീ പഴയമട്ടിലുള്ള കവിതകള്‍ എഴുതുന്നത് എന്നതാണ്.
അതേസമയം തന്നെ സമൂഹമാധ്യമങ്ങള്‍ വഴി കവിതകള്‍ പ്രചരിപ്പിക്കപ്പെടുന്നുണ്ട്. ഫെയ്‌സ്ബുക്ക് പോലെയുള്ള സോഷ്യല്‍ മീഡിയകള്‍ വന്നതുകൊണ്ട് മാത്രമാണ് പല കവിതകളും പുറത്തേയ്ക്ക് വന്നുതുടങ്ങിയത്. അല്ലെങ്കില്‍ അതില്‍ പലതും ആരും അറിയുന്നുണ്ടാവില്ല. സാമൂഹിക മാധ്യമങ്ങളില്‍ ഞാന്‍ പ്രതികരണങ്ങള്‍ ഇടാറുണ്ട്. അതിരപ്പള്ളി പ്രശ്‌നത്തിലും മറ്റും ബോധപൂര്‍വം എഴുതിയതാണ്. ചിലപ്പോള്‍ കാര്‍ട്ടൂണുകള്‍ ഇടാറുണ്ട്.
തുടക്കത്തില്‍ ഞാന്‍ എന്നോടുതന്നെയാണ് കവിത ചൊല്ലി പറഞ്ഞിരുന്നത്. എന്നോടുതന്നെ സംവദിക്കാനുള്ള ഒരു മാര്‍ഗമായി ഞാനതിനെ കണ്ടു. നാം ഉള്ളിലുള്ളൊരാളോട് സംസാരിക്കുമ്പോള്‍ അതുപോലൊരാള്‍ പുറത്തും ഉണ്ടാവുകയാണ്. അങ്ങനെയാണ് ഞാനതിനെ പുറത്തോട്ട് കൊണ്ടുവരുന്നത്. ഇതൊന്നും ബോധപൂര്‍വമല്ല. കവിയാകണമെന്ന ചിന്തയോ ഇപ്പോഴത്തെ ട്രെന്‍ഡുകള്‍ക്കൊപ്പം പോകാനുള്ള ശ്രമമോ ഉണ്ടായിരുന്നില്ല. വളരെ ആത്മനിഷ്ഠമായ ഒന്നായിരുന്നു എനിക്ക് കവിത. പലപ്പോഴും പലരും എന്റെ തൃപ്തിക്കുവേണ്ടിയാണെഴുതുന്നതെന്ന് പറയാറുണ്ട്. അങ്ങനെ വരുമ്പോള്‍ പിന്നെ നീയെന്തിനാണ് പ്രസിദ്ധീകരിക്കുന്നതെന്ന് തിരിച്ചുചോദിക്കും. പക്ഷേ, ഒരര്‍ഥത്തില്‍ അവനവനോടുതന്നെ സത്യസന്ധത പുലര്‍ത്തുകയും അവനവനോടുതന്നെ സംവദിക്കുകയും ചെയ്യുന്ന സംഗതികളിലെ എനിക്ക് താല്‍പ്പര്യമുള്ളു.
ഒരു കാലഘട്ടത്തില്‍ വളരെ കലുഷമായിരുന്ന മനസിന്റെ വെളിപ്പെടലുകളായിരുന്നു കവിത. സ്വപ്നവാങ്മൂലം, നിശാചരന്‍ തുടങ്ങിയ കവിതകള്‍ വളരെ അമൂര്‍ത്തമാണ്. അവയ്ക്ക് കൃത്യമായ വ്യാഖ്യാനം തരാന്‍ എനിക്ക് കഴിയില്ല. നിശാചരന്‍ എന്ന കവിതയിലെ ‘രാവിന്റെ മച്ചുകളാരോ നടക്കുന്നു’ എന്നത് ഒരു തോന്നലാണ്. അങ്ങനെയുള്ള ചില തോന്നലുകളെ കാവ്യരൂപത്തിലേയ്ക്ക് മാറ്റുകയായിരുന്നു. ‘സ്വപ്നവാങ്മൂലം’ എന്ന പ്രയോഗം വളരെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. സ്വപ്നങ്ങളുടെയും സങ്കല്‍പ്പങ്ങളുടെയും വാക്‌രൂപമാണ് കവിതയെന്ന സങ്കല്‍പ്പം അവിടെയുണ്ട്.
കവിത എനിക്ക് ആത്മനിഷ്ഠമാണ്. കവിത തുടങ്ങുന്നതങ്ങനെയാണ്. എന്റെ മനസിലൂടെ കടന്നുപോകുന്ന ചില മായക്കാഴ്ചകളും ചില ഭയങ്ങളും സങ്കല്‍പ്പങ്ങളും ഇല്ലാത്ത ചില ഓര്‍മ്മകളും. ഇതൊക്കെത്തന്നെയാണ്. അതില്‍ നിന്ന് ചിലപ്പോള്‍ കവിതയുണ്ടാകുന്നു.
രോഗം അഭിലഷണീയമായ ഒരു കാര്യമല്ല. എന്നാല്‍ സാധാരണമനുഷ്യന് വലിയ ഉള്‍ക്കാഴ്ചകള്‍ തരുന്ന ഒന്നാണ്. നമ്മള്‍ വളരെ സ്വസ്ഥമായിട്ടിരിക്കുമ്പോള്‍ ഒരു ജലദോഷം വരുമ്പോഴാണ് നമ്മുടെ ശരീരം എന്താണെന്നതിനെക്കുറിച്ച് ഓര്‍മ്മവരുന്നത്. സാധാരണ ഗതിയില്‍ നമ്മളതറിയില്ല. ബസില്‍ കയറി പോകുന്നു, നടക്കുന്നു, ഇരിക്കുന്നു. പലതും ചെയ്യുന്നു. പെട്ടെന്നൊരു ജലദോഷം വരുമ്പോഴാണ് ഞാനൊരു ശരീരമാണെന്നും അതിങ്ങനെയൊക്കെയാണെന്നും ഒരു വെളിവുണ്ടാകുന്നത്. അതുപോലെ ശ്വാസം കഴിക്കുക എന്നത് വളരെ സ്വാഭാവികമാണ്. ആരും അതിനെക്കുറിച്ചാലോചിക്കാറില്ല. ശ്വാസം മുട്ടുമ്പോള്‍ മാത്രമാണ് ശ്വാസത്തെക്കുറിച്ചാലോചിക്കുന്നത്. അങ്ങനെ ശരിക്ക് പറഞ്ഞാല്‍ കവിതയുടെയും എല്ലാ എഴുത്തിന്റെയും ഒരടിസ്ഥാനമായ സംഗതി കാര്യങ്ങള്‍ ഫ്രഷായി കാണുക എന്നുള്ളത് തന്നെയാണ്. സ്ഥിരപരിചയം കൊണ്ട് അത്ഭുതം നഷ്ടപ്പെട്ടുപോയിട്ടുള്ള, വിസ്മയം നഷ്ടപ്പെട്ടുപോയിട്ടുള്ള ഒരുപാട് സംഗതികളുണ്ട്. അതിലേയ്ക്ക് തിരിച്ചുപോവുകയെന്നതിന് വീണ്ടും കണ്ടെടുക്കുക എന്നതിന് ഞാന്‍ ശ്രമിക്കാറുണ്ട്. എനിക്ക് രോഗമുണ്ടായിരുന്നു. ഒരു ഒന്‍പതാം ക്ലാസിലൊക്കെ പഠിക്കുന്നതുവരെയും പലഘട്ടങ്ങളിലായിട്ട് ഇങ്ങനെ ശ്വാസംമുട്ട് വരുക, സ്‌കൂള്‍ മുടങ്ങുക…. ഒക്കെ ചെയ്തിരുന്നു. നമ്മുടെ അനുഭവങ്ങള്‍ അബോധമായി കവിതയില്‍ വരും.
”മരണമെത്തുന്ന നേരത്തും നീയെന്റെ
അരികിലിത്തിരി നേരമിരിക്കണേ”
സിനിമയില്‍ വന്നശേഷമാണ് ഞാന്‍ ശ്രദ്ധിക്കപ്പെട്ടത്. എന്റെ കവിത തന്നെ വായിക്കാന്‍ തുടങ്ങിയത് എന്റെ പേരിങ്ങനെ കേള്‍ക്കുന്നതുകൊണ്ടാണ്. സിനിമാപാട്ടുകള്‍ സ്വതന്ത്ര കാവ്യമാതൃകകളായി കാണുന്നതിനുള്ള ഒരു തടസം അവ അടിമുതല്‍ മുടിവരെ സിനിമയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നതാണ്. അതിന്റേതായ പരിമിതി അതിനുണ്ട്.
സ്വതന്ത്രമായ ഒരു ഗാനശാഖയല്ലത്. പണ്ടുകാലത്ത് അന്നത്തെ മികച്ച സാഹിത്യകൃതികള്‍ സിനിമകളായി വന്നിരുന്നു. സാഹിത്യവുമായി ഗാഢബന്ധം സിനിമയ്ക്കുണ്ടായിരുന്നു. അതുകൊണ്ട് പല വിഷയവും സാമൂഹിക പരിഷ്‌കരണ പ്രശ്‌നങ്ങള്‍, സാമൂഹിക നവോത്ഥാനത്തിന്റെ വിഷയങ്ങള്‍, പോരാട്ടം എന്നിവയുടെയൊക്കെ പ്രതിഫലനം സിനിമയിലുണ്ടായി. ആ നിലയ്ക്ക്, ആ പാട്ടുകള്‍ക്ക് സിനിമയ്ക്ക് പുറത്തും പ്രാധാന്യമുണ്ട്. അല്ലാത്തനിലയ്ക്കുള്ള പാട്ടുകളധികവും പ്രണയഗാനങ്ങള്‍ മാത്രമാണ്.
ഈ സിനിമാ ഗാനങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ പ്രണയം ഇത്രയധികം നിര്‍വചിക്കപ്പെടുകയും പരിലാളിക്കപ്പെടുകയും ചെയ്യുമായിരുന്നില്ല. ഭക്തിയും അങ്ങനെ തന്നെ. തത്വചിന്താപരവും പുരോഗമനപരവുമായ കാര്യങ്ങളും സാധാരണക്കാരനിലേയ്‌ക്കെത്തിയത് സിനിമാ ഗാനങ്ങളിലൂടെയാണ്. ‘സ്പിരിറ്റി’ലെപ്പോലെയുള്ള ചില പാട്ടുകളുടെ വരവോടുകൂടി ലിറിക്‌സിന് പ്രധാന്യമുണ്ടെന്നുള്ള തിരിച്ചറിവ് ആളുകളിലുണ്ടാക്കാന്‍ കഴിഞ്ഞതായാണ് മനസിലാക്കുന്നത്. ‘മരണമെത്തുന്ന നേരത്ത് അഡിക്ഷന്‍ ഉണ്ടാക്കുന്ന പാട്ടായി പലരും പറഞ്ഞിട്ടുണ്ട്. എനിക്ക് സൈക്കിള്‍ ഉപയോഗിക്കുന്ന സ്വഭാവമുണ്ട്. സൈക്കിള്‍ വാങ്ങിക്കാനായി ഒരു കടയില്‍ എത്തിയപ്പോള്‍ എനിക്കാവശ്യമുള്ളത് അവിടെയില്ലാത്തതിനാല്‍ പിന്നെ വരാന്‍ പറഞ്ഞുവിട്ടു. ഞാന്‍ മദ്രാസിലായിരുന്ന സമയത്ത് സൈക്കിള്‍ അയാള്‍ വീട്ടിലെത്തിച്ചു. പലപ്രാവശ്യം ശ്രമിച്ചിട്ടും പൈസ വാങ്ങാന്‍ തയ്യാറായില്ല. ഈ പാട്ടെഴുതിയത് ഞാനാണെന്ന് മനസിലാക്കി സൈക്കിള്‍ സൗജന്യമായി നല്‍കുകയായിരുന്നു. പലരും ഇപ്പോഴും ആ പാട്ടിനെപ്പറ്റി പറഞ്ഞുകൊണ്ടിരിക്കുന്നു.

 

Photo Courtesy: Wiki media Commons