Saturday
16 Dec 2017

വെര്‍ണര്‍ കാള്‍ ഹൈസന്‍ബര്‍ഗ്

By: Web Desk | Monday 4 December 2017 11:15 PM IST

ഡോ. എം ആര്‍ സുദര്‍ശനകുമാര്‍

പ്രിന്‍സിപ്പല്‍,

മഹാത്മാഗാന്ധി കോളജ്, തിരുവനന്തപുരം

1901 ഡിസംബര്‍ അഞ്ചിനാണ് വെര്‍ണല്‍ കാള്‍ ഹൈസന്‍ബര്‍ഗ് ജനിച്ചത്. ക്വാണ്ടം മെക്കാനിക്‌സിന്റെ ഉപജ്ഞാതാക്കളിലൊരാളാണ് ഹൈസന്‍ബര്‍ഗ്. അനിശ്ചിതത്വ സിദ്ധാന്തം ആവിഷ്‌കരിച്ചു. 1932 ലെ ഭൗതിക നൊബേല്‍ സമ്മാനാര്‍ഹനായി. ക്വാണ്ടം മെക്കാനിക്‌സ് രൂപപ്പെടുത്തുന്നതില്‍ പ്രധാന പങ്കുവഹിച്ചതിനാണ് നൊബേല്‍ സമ്മാനം ലഭിച്ചത്. ഫെറോമാഗ്‌നറ്റിസം, കോസ്മിക് കിരണങ്ങള്‍, ആറ്റോമിക ന്യൂക്ലിയസ്, സബ് ആറ്റോമിക കണങ്ങള്‍ എന്നീ വിവിധ മേഖലകളില്‍ നിസ്തുലമായ സംഭാവനകള്‍ നല്‍കി. രണ്ടാം ലോക മഹായുദ്ധകാലത്ത് ജര്‍മ്മന്‍ ആണവായുധ പ്രോജക്ടില്‍ പ്രധാന ശാസ്ത്രജ്ഞനായിരുന്നു. പ്രോജക്ടിനെക്കുറിച്ച് നീല്‍സ് ബോറുമായി സംസാരിച്ചിരുന്നു.
സോവര്‍ഫീല്‍ഡിന്റെ മാര്‍ഗനിര്‍ദേശത്തില്‍ 1923 ല്‍ ഡോക്ടറേറ്റ് നേടി. 1924 ല്‍ മാര്‍ഗനിര്‍ദേശത്തില്‍ ഉയര്‍ന്ന ഗവേണഷ ബിരുദത്തിനുള്ള ഗവേഷണ പ്രബന്ധം സമര്‍പ്പിച്ചു. തുടര്‍ന്ന് വിവിധ ഔദ്യോഗിക പദവികള്‍ വഹിച്ചു. 1932 ല്‍ ന്യൂട്രോണും പ്രോട്ടോണുകളുമടങ്ങുന്ന ആറ്റോമിക ന്യൂക്ലിയസിനെക്കുറിച്ച് മൂന്ന് പേപ്പറുകള്‍ പ്രസിദ്ധീകരിച്ചു. 1937 ല്‍ ഹൈസന്‍ബര്‍ഗ് എലിസബത്ത് ഷൂമാക്കറിനെ കണ്ടുമുട്ടി. അവര്‍ ഏപ്രില്‍ 29ന് വിവാഹിതരായി. പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനായ ഇ എഫ് ഷൂമാക്കറിന്റെ സഹോദരിയാണ് എലിസബത്ത്. ഇ എഫ് ഷൂമാക്കറിന്റെ ‘സ്മാള്‍ ഈസ് ബ്യൂട്ടിഫുള്‍’ എന്ന പുസ്തകം വളരെ പ്രശസ്തമാണ്. വൃക്കകളിലും പിത്താശയത്തിലും അര്‍ബുദം ബാധിച്ച് 1976 ഫെബ്രൂവരി ഒന്നിന് ഹൈസന്‍ബര്‍ഗ് അന്തരിച്ചു.

കഴിഞ്ഞ ലക്കത്തിലെ ചോദ്യത്തിനുത്തരം
ജയിംസ് ചാഡ്‌വിക്കാണ് ന്യൂട്രോണ്‍ കണ്ടുപിടിച്ചത്.
ഈ ലക്കത്തിലെ ചോദ്യം
ഏത് വര്‍ഷമാണ് നീല്‍സ് ബോറിന് ഭൗതിക നൊബേല്‍ സമ്മാനം ലഭിച്ചത്?