Wednesday
23 Jan 2019

പശ്ചിമബംഗാള്‍: പഞ്ചായത്ത് തെരഞ്ഞെടുപ്പെന്ന ദുരന്തനാടകം

By: Web Desk | Sunday 13 May 2018 10:34 PM IST

ജനാധിപത്യ ഇന്ത്യയുടെ ചരിത്രത്തിലെ അത്യഭൂതപൂര്‍വമായ ഒരു തെരഞ്ഞെടുപ്പായിരിക്കും പശ്ചിമബംഗാളില്‍ ഇന്ന് നടക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പ്. സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകളിലെ 58,692 സീറ്റുകളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ 20,000ത്തിലധികം സീറ്റുകളില്‍ നിര്‍ദിഷ്ട സമയത്തിനുള്ളില്‍ ഒരു സ്ഥാനാര്‍ഥിക്കു വീതമെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനായുള്ളു. ഫലത്തില്‍ 34 ശതമാനം സീറ്റുകളിലും സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ വിജയിച്ചതായി പറയാം. ആ സീറ്റുകളില്‍ ഫലപ്രഖ്യാപനം തടഞ്ഞുകൊണ്ടുള്ള സുപ്രിം കോടതിവിധി മാത്രമാണ് അതിന് വിഖാതമായി നില്‍ക്കുന്നത്. ഇന്നു നടക്കുന്ന തെരഞ്ഞെടുപ്പിന്റെ ഗതി എന്തായിരിക്കുമെന്നത് പ്രവചനാതീതമാണ്. പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രക്രിയയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നാളിതുവരെ അരങ്ങേറിയ അക്രമങ്ങളുടെയും കൊലപാതകങ്ങളുടെയും പൊതുക്രമസമാധാന തകര്‍ച്ചയുടെയും കൊട്ടിക്കലാശമായിരിക്കും അതെന്ന് ഭയപ്പെടുന്നവര്‍ ഏറെയാണ്. ഭരണകൂട ഒത്താശയോടെ നടക്കുന്ന അതിക്രമങ്ങളെ നിയന്ത്രിക്കാന്‍ ആവശ്യമായ പൊലീസ് സന്നാഹം സംസ്ഥാനത്തില്ലെന്ന് വ്യക്തം. കേന്ദ്രസേനയെ വിന്യസിക്കുന്നതിനെ എതിര്‍ക്കുന്നത് മുഖ്യമന്ത്രി മമതാ ബാനര്‍ജി തന്നെയാണ്. പകരം അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും പൊലീസ് സേനയെ ലഭ്യമാക്കാനുള്ള തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പ്രഖ്യാപിത ശ്രമം എത്രത്തോളം വിജയിച്ചുവെന്നതിന് ഇന്നത്തെ തെരഞ്ഞെടുപ്പ് പ്രക്രിയ തന്നെയായിരിക്കും ഏറ്റവും വലിയ അനുഭവസാക്ഷ്യം. പൊലീസിനും സുരക്ഷാസേനയ്ക്കും പകരം യുവസന്നദ്ധപ്രവര്‍ത്തകരെ നിയോഗിക്കാനാണ് സംസ്ഥാന ഭരണകൂടം ശ്രമിക്കുന്നത്. അതായത് ഭരണകക്ഷിയുടെ പ്രാദേശിക ഗുണ്ടാസംഘങ്ങളുടെ നിയന്ത്രണത്തിലായിരിക്കും തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഏറ്റവും പ്രധാനപ്പെട്ട വോട്ട് രേഖപ്പെടുത്തല്‍ നടക്കുക എന്നര്‍ഥം. സ്വതന്ത്രവും നിര്‍ഭയവുമായി വോട്ട് രേഖപ്പെടുത്താനുള്ള അന്തരീക്ഷം പശ്ചിമബംഗാളില്‍ നിലവിലില്ലെന്നതാണ് വസ്തുത. പശ്ചിമബംഗാള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് അക്ഷരാര്‍ഥത്തില്‍ ദുരന്തനാടകമായി മാറിയിരിക്കുന്നു. അത് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ തന്നെ ദുരന്താധ്യായങ്ങളില്‍ ഒന്നായി ചരിത്രം രേഖപ്പെടുത്തും.
പശ്ചിമ ബംഗാളില്‍ ഭരണം നടത്തുന്ന മമതാബാനര്‍ജിയുടെ ത്രിണമൂല്‍കോണ്‍ഗ്രസ് ഭരണകൂട ഒത്താശയോടെ ആസൂത്രിതമായി നടത്തിയ പ്രവര്‍ത്തനങ്ങളാണ് തെരഞ്ഞെടുപ്പ് പ്രക്രിയയുടെ നിയമസാധുതയെ വെല്ലുവിളിക്കുന്നത്. സംസ്ഥാനത്തെ പ്രതിപക്ഷ പാര്‍ട്ടികളായ സിപിഐഎം അടക്കം ഇടതുപക്ഷ മുന്നണിക്കോ കോണ്‍ഗ്രസിനോ കേന്ദ്രഭരണം കയ്യാളുന്ന ഭാരതീയ ജനതാപാര്‍ട്ടിക്കു പോലുമോ സ്വതന്ത്രവും നിര്‍ഭയവുമായി തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കെടുക്കാനായിട്ടില്ല. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ പോലും കഴിയാത്ത വിധം പ്രതിപക്ഷ പാര്‍ട്ടി സ്ഥാനാര്‍ഥികളെ ആക്രമിക്കുന്നതും വനിതാ സ്ഥാനാര്‍ഥികളെ കയ്യേറ്റം ചെയ്യുന്നതും വസ്ത്രാക്ഷേപത്തിന് ഇരയാക്കുന്നതുമായ നൂറുകണക്കിന് സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയുണ്ടായി. ത്രിണമൂല്‍ കോണ്‍ഗ്രസിന്റെ പ്രാദേശിക ഗുണ്ടാസംഘങ്ങളാണ് വരണാധികാരികളുടെ ഓഫീസുകളെയും പൊലീസിനെയും നിയന്ത്രിക്കുന്നതെന്നാണ് അവസ്ഥ. അക്രമസംഭവങ്ങള്‍ പൊലീസ് സാന്നിധ്യത്തിലാണ് അരങ്ങേറുന്നത്. കല്‍ക്കത്ത ഹൈക്കോടതിയുടെ ഉത്തരവിനെ തുടര്‍ന്ന് ഇ-മെയിലായും വാട്‌സ്ആപ് വഴിയും നാമനിര്‍ദേശ പത്രികകള്‍ സമര്‍പ്പിക്കാന്‍ അവസരം ലഭിച്ചിരുന്നു. അത്തരം പത്രികകളുടെ നിയമസാധുത ചോദ്യം ചെയ്യപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് 34 ശതമാനം സീറ്റുകളിലെ ഫലപ്രഖ്യാപനം തടഞ്ഞുകൊണ്ടുള്ള സുപ്രിംകോടതി ഉത്തരവ്. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വയംഭരണ പ്രവര്‍ത്തനമാണ് തകര്‍ക്കപ്പെട്ടിരിക്കുന്നത്. പശ്ചിമബംഗാള്‍ തെരഞ്ഞെടുപ്പ് സംബന്ധിച്ച നിയമയുദ്ധം ഇനിയും അവസാനിച്ചിട്ടില്ല. ഒരു സംസ്ഥാനത്തിന്റെ പ്രാദേശിക ഭരണകൂടങ്ങളുടെ പ്രവര്‍ത്തനമാണ് അനിശ്ചിതത്വത്തെ നേരിടുന്നത്. ഈ സ്ഥിതിവിശേഷത്തെ നേരിടാന്‍ ദേശീയതലത്തില്‍ ശത്രുപാളയങ്ങളില്‍ നിലയുറപ്പിച്ചിട്ടുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രാദേശികതലത്തില്‍ പൊതുശത്രുവിനെ നേരിടാന്‍ കൈകോര്‍ക്കുന്നതായുള്ള അസ്വസ്ഥജനകമായ വാര്‍ത്തകളും പുറത്തുവരുന്നുണ്ട്.
ത്രിണമൂല്‍ കോണ്‍ഗ്രസിന്റെ ജനാധിപത്യവിരുദ്ധമായ പ്രവര്‍ത്തനം ജനാധിപത്യ മതനിരപേക്ഷ രാഷ്ട്രീയ പാര്‍ട്ടികളുടെ അവസ്ഥ ചെകുത്താനും കടലിനും നടുവിലെന്ന ആംഗലേയ മൊഴിയെ അനുസ്മരിപ്പിക്കുന്നതാണ്. ദേശീയതലത്തില്‍ വര്‍ഗീയതയെയും ഫാസിസ്റ്റ് പ്രവണതകളെയും ചെറുക്കാന്‍ പ്രതിജ്ഞാബദ്ധമായ പാര്‍ട്ടികളുടെ അതിനെതിരായ വിശാലവേദി എന്ന ആശയത്തെത്തന്നെ സംസ്ഥാനത്ത് അര്‍ഥരഹിതമാക്കി മാറ്റില്ലേയെന്ന ആശങ്ക ഉയരുന്നുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസ് പശ്ചിമ ബംഗാളില്‍ നടപ്പാക്കിയ പരാജയപ്പെട്ട പാര്‍ട്ടി ആക്രമിച്ചു കീഴ്‌പെടുത്തുക, നശിപ്പിക്കുക എന്ന തന്ത്രമാണ് ത്രിപുരയില്‍ ബിജെപി അസംബ്ലി തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് നടപ്പാക്കിയത്. ഇവിടെ സ്വതന്ത്രവും സമാധാനപരവുമായി തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കെടുക്കാനുള്ള ജനങ്ങളുടെയും രാഷ്ട്രീയപാര്‍ട്ടികളുടെയും അവകാശവും ആശയവുമാണ് ആക്രമിക്കപ്പെടുന്നതും തകര്‍ക്കപ്പെടുന്നതും. ഇത് രാജ്യത്താകെ നടപ്പാക്കാന്‍ മടിക്കാത്ത ശക്തികള്‍ ജനാധിപത്യത്തിനുമേല്‍ മേല്‍ക്കൈ നേടാന്‍ അനുവദിച്ചുകൂട. അങ്ങനെ വന്നാല്‍ അത് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഇരുണ്ട അധ്യായത്തിനായിരിക്കും തുടക്കം കുറിക്കുക.