Tuesday
16 Oct 2018

മമ്മൂട്ടി നഷ്ടപ്പെടുത്തിയ സൂപ്പര്‍ സിനിമയില്‍ മോഹന്‍ലാല്‍

By: Web Desk | Thursday 4 October 2018 4:42 PM IST

കെഎസ്ആര്‍ പല്ലിശ്ശേരി

ഒരു നല്ല കഥ കിട്ടിക്കഴിഞ്ഞാല്‍ രഞ്ജിത്ത് ആദ്യം വിളിക്കുക മമ്മൂട്ടിയെയാണ്. കഥകേള്‍ക്കാനും അഭിപ്രായം പറയാനും മമ്മൂട്ടിക്ക് പ്രത്യേക കഴിവുതന്നെയുണ്ട്. എന്നാല്‍ പലപ്പോഴും സ്വന്തം സിനിമയില്‍ മാത്രം ആ കഴിവ് നടക്കാറില്ല.
പുതിയ കഥ പറയാന്‍വേണ്ടി രഞ്ജിത്ത് പലപ്രാവശ്യം മമ്മൂട്ടിയെ വിളിച്ചു. തിരക്കിനിടയില്‍ മമ്മൂട്ടി, ‘പിന്നെ കേള്‍ക്കാം, പിന്നെ കേള്‍ക്കാം’ എന്നു പറഞ്ഞ് ഒഴിഞ്ഞുമാറി. ഒടുവില്‍ രഞ്ജിത്ത് മുന്‍കൂട്ടി പറയാതെ മമ്മൂട്ടിയെ കണ്ടു. ഈ കഥ പെട്ടെന്നു സിനിമയാക്കണം. അതുകൊണ്ട് മമ്മൂട്ടി കഥ കേള്‍ക്കണം എന്നു രഞ്ജിത് പറഞ്ഞെങ്കിലും മമ്മൂട്ടി അത്ര കാര്യമായി എടുത്തില്ല.
‘മമ്മൂട്ടിക്ക് താല്‍പ്പര്യമില്ലെങ്കില്‍ ഞാന്‍ ഈ കഥ ലാലിനുകൊടുക്കട്ടെ.’
‘നമുക്ക് അടുത്ത പടം ചെയ്യാം. ഇപ്പോ കഥ കേട്ടാലും നമുക്കു പറ്റില്ല. മാറ്റിവെക്കാന്‍ പറ്റാത്ത കുറേ പ്രോജക്ടുകള്‍ ഉണ്ട്. അതുകൊണ്ട് അടുത്ത കഥ നമുക്കു ചെയ്യാം.’ അങ്ങനെ ഇരുവരും പിരിഞ്ഞു. മമ്മൂട്ടിയോടു പറയാനിരുന്ന കഥ ഐ വി ശശിയോടു പറഞ്ഞു. ശശിക്കു കഥ വളരെയധികം ഇഷ്ടമായി. കഥ കേട്ട ലാലിനും സന്തോഷം. തിരക്കഥ പൂര്‍ത്തിയാക്കി. വായിച്ചു. ഒരു നല്ല സിനിമ ജനിക്കുന്നു എന്ന സന്തോഷം എല്ലാവരിലും ഉണ്ടായി.
ചെന്നൈയില്‍ പാട്ട് റിക്കാര്‍ഡിങ്. ഗിരീഷ് പുത്തഞ്ചേരിയാണ് ഗാനരചന നിര്‍വഹിച്ചത്. എം ജി രാധാകൃഷ്ണന്‍ സംഗീതവും.
അങ്ങനെ പൂജയുടെ ദിവസം വന്നെത്തി. ക്ഷണിച്ചവര്‍ ഭൂരിഭാഗവും എത്തി. എല്ലാം ഭംഗിയായി അവസാനിച്ചു. പൂജ കഴിഞ്ഞ് തിരക്കഥാകൃത്തായ രഞ്ജിത് ഹോട്ടലിലേയ്ക്ക് മടങ്ങി. ഹോട്ടലില്‍ ചെന്നു മമ്മൂട്ടിയുടെ വീട്ടിലേക്കു വിളിച്ചു. ‘എവിടെ താമസിക്കുന്നു.’ രഞ്ജിത്ത് താമസസ്ഥലം പറഞ്ഞു.
‘തിരക്കില്ലെങ്കില്‍ വീട്ടിലേക്കുവാ. ഞാന്‍ ഫ്രീയാണ്. നമുക്കു സംസാരിച്ച് ഫുഡും കഴിച്ച് പിരിയാം.’
മമ്മൂട്ടിയെ മുഴുവനായും കിട്ടുന്ന അസുലഭ നിമിഷങ്ങളായിരുന്നു. അതുകൊണ്ട് രഞ്ജിത് സമ്മതിച്ചു.
‘ഇന്നെന്താ പരിപാടി’ മമ്മൂട്ടി ചോദിച്ചു.
‘ഐ വി ശശിയുടെ സിനിമയുടെ പൂജയായിരുന്നു. ലാലാണു നായകന്‍.’
‘ഓ, ആ ചിത്രത്തിന്റെ പൂജ ഇന്നായിരുന്നോ? ഞാന്‍ മറന്നു. എന്താ സിനിമയുടെ പേര്’
‘ദേവാസുരം’
‘നല്ല പേരാണല്ലൊ. എന്താ കഥ’
രഞ്ജിത് ദേവാസുരത്തിന്റെ കഥ പറഞ്ഞു. എല്ലാം ശ്രദ്ധിച്ചുകേട്ട മമ്മൂട്ടി.
”ഈ സിനിമ സൂപ്പര്‍ ഹിറ്റാകും.” രഞ്ജിത്തിന് ചിരിവന്നെങ്കിലും നിയന്ത്രിച്ചു. അവര്‍ സിനിമയെക്കുറിച്ച് കുറെ കാര്യങ്ങള്‍ സംസാരിച്ചു.
”ഊണു കഴിക്കണ്ടേ”
”ഇവിടെ വന്നിട്ട് ഊണുകഴിച്ചില്ലെങ്കില്‍ വന്‍ നഷ്ടമാകും.”
മമ്മൂട്ടിയും രഞ്ജിത്തും ഊണുമേശയ്ക്കരുകില്‍ ഇരുന്നു. മമ്മൂട്ടിയുടെ പ്രിയ ഭാര്യസുലു ഊണു വിളമ്പി. കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ ഭാര്യയോടായി മമ്മൂട്ടി: ”കേട്ടോ സുലു… ഇവന് ചോറും കറീം ഇവിടെ നിന്ന്. നല്ല കഥയും കഥാപാത്രങ്ങളും വരുമ്പോള്‍ ലാലിനു കൊടുക്കും.”
സാധാരണ രീതിയിലാണ് മമ്മൂട്ടി പറഞ്ഞതെങ്കിലും രഞ്ജിത്തിനു കൊണ്ടു. നനയാതെ ഈറന്‍ ചുമക്കുന്ന അവസ്ഥ. ഊണുകഴിക്കാതെ എണീക്കാനൊരുങ്ങിയപ്പോള്‍ തോളത്തുപിടിച്ചിരുത്തി മമ്മൂട്ടി പറഞ്ഞു: ”കഴിക്കട, ഞാനൊരു തമാശപറഞ്ഞതല്ലെ.”
”എനിക്കിതു തമാശയായിട്ടല്ല തോന്നിയത്. ഭാര്യയുടെ മുന്നില്‍ വച്ച് എന്നെ കൊച്ചാക്കുകയായിരുന്നില്ലെ.”