Thursday
24 May 2018

ഒ.എൻ.വി.കവിതകളുമായി കുട്ടികളും സബ്‌കളക്റ്ററും എത്തിയപ്പോൾ

By: Web Desk | Tuesday 13 February 2018 2:05 PM IST

തിരുവനന്തപുരം: മലയാളത്തിന്റെ പ്രിയ കവി ഒ.എൻ.വിയുടെ രണ്ടാം ചരമവാർഷിക  ദിനത്തിൽ കവിയെ മറക്കാതെ ഒ.എൻ.വി.കവിതകളുമായി വിദ്യാർത്ഥികൾ കവിയുടെ വസതിയായ വഴുതക്കാട് ‘ഇന്ദീവര’ത്തിൽ രാവിലെ തന്നെ എത്തിയപ്പോൾ സരോജിനി ഒ.എൻ.വിയുടെ ഹൃദയം നിറഞ്ഞു. പാഥേയം മുതൽ ഭൂമിക്കൊരു ചരമ ഗീതം വരെയുള്ള പത്തു കവിതകൾ കുട്ടികൾ ചൊല്ലി.

2009 -ൽ ഒ.എൻ.വി.കുറുപ്പ് ഉത്‌ഘാടനം ചെയ്ത കവിതാ സ്നേഹികളുടെ കൂട്ടായ്മയായ ‘കാവ്യകേളി’ യുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഒ.എൻ.വി.ഗുരുസ്മരണാ ചടങ്ങു കെ.എസ്.ശബരീനാഥ്‌ എം.എൽ.എ ഉത്‌ഘാടനം ചെയ്തു.

കാവ്യകേളി സെക്രട്ടറി ജെ.എം.റഹിം അധ്യക്ഷത വഹിച്ചു. മുൻ സ്പീക്കർ എം.വിജയകുമാർ മുഖ്യാതിഥി ആയി പങ്കെടുത്തു.തിരുവനന്തപുരം ഡെപ്യൂട്ടി കലക്റ്റർ ഡോ.ദിവ്യ.എസ്.അയ്യർ ‘കറുത്ത പക്ഷിയുടെ പാട്ടു ‘ എന്ന കവിത ചൊല്ലി ഒ.എൻ.വി.കാവ്യാർച്ചന ഉത്‌ഘാടനം ചെയ്തു.

ഒ.എൻ.വിയുടെ ഛായാ ചിത്രത്തിൽ കുട്ടികൾ പുഷ്‌പാർച്ചന നടത്തി. കവിയുടെ പ്രിയ പത്നി സരോജിനി ഒ.എൻ.വിയെ കുട്ടികൾ പൊന്നാട ചാർത്തി ആദരിച്ചു .പാദ നമസ്കാരം നടത്തി അനുഗ്രഹം വാങ്ങി .

“കവിതയെ കൂടുതൽ സ്നേഹിക്കണം എന്നും മത്സരങ്ങൾക്ക് വേണ്ടിയല്ലാതെ തന്നെ കവിതകൾ വായിച്ചു ചൊല്ലി പഠിക്കണം”എന്നും സരോജിനി ഒ.എൻ.വി കുട്ടികളോട് പറഞ്ഞു.ഒ.എൻ.വിയുമായുള്ള ഓർമകളും കുട്ടികളുമായി അവർ പങ്കു വെച്ചു.

  തുടർന്ന് തിരുവനന്തപുരം ജില്ലയിലെ വിവിധ സ്‌കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ ഒ.എൻ.വിയുടെ പ്രശസ്തമായ കവിതകൾ ചൊല്ലി.ചിന്മയ വിദ്യാലയത്തിലെ നഴ്‌സറി വിദ്യാർത്ഥി മഹിമ.എൻ.പിള്ള ‘ഒരു വട്ടം കൂടിയെൻ…’ എന്ന ഗാനം ആലപിച്ചു.കണിയാപുരം കരിച്ചാറ ഗവ.എൽ.പി.സ്‌കൂൾ വിദ്യാർത്ഥി ഉമർ അബ്ദുള്ള ‘ഗോതമ്പു മണികൾ’ ,കാർമൽ സ്‌കൂളിലെ മഹിമ.കെ.ജെ.’ഏകലവ്യൻ’ , ചിന്മയ വിദ്യാലയത്തിലെ രുദ്ര .നായർ ‘പാഥേയം’ ,ആര്യനാട് ലൂഥർ ഗിരി സ്‌കൂളിലെ അപർണ .കെ.എസ്  ‘എവിടെയെൻ മുത്തച്ഛൻ ‘ കാർമൽ സ്‌കൂളിലെ പ്രണത കൃഷ്ണ  ‘മലയാളം ,ചിന്മയ വിദ്യാലയത്തിലെ പ്രജിത.കെ.പി ‘എന്റെ മലയാളം’ ചെമ്പഴന്തി എസ്.എൻ.പബ്ലിക് സ്‌കൂളിലെ മീനു .എം ‘കുഞ്ഞേടത്തി’ ,കരിച്ചാറ ഗവ.എൽ.പി.സ്‌കൂളിലെ നസ്രീൻ ഫാത്തിമ ‘ ഭൂമിക്കൊരു ചരമ ഗീതം’ ,’ ,കാർമൽ സ്‌കൂളിലെ വൈദേഹി ‘പാഥേയം ‘ എന്നീ കവിതകളാണ് ആലപിച്ചത്.  ഒ.എൻ.വിയുടെ മകൻ രാജീവ് ഒ.എൻ.വി, ചെറുമകളും ഗായികയുമായ അപർണ രാജീവ്  മറ്റു കുടുംബാംഗങ്ങൾ എന്നിവർ കുട്ടികളെയും അതിഥികളെയും സ്വീകരിച്ചു. ഒ.എൻ.വി.കാവ്യാർച്ചനയിൽ പങ്കെടുത്ത കുട്ടികൾക്ക് സരോജിനി ഒ.എൻ.വി കാവ്യകേളിയുടെ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.