Thursday
24 Jan 2019

സ്‌നേഹം മതിയാകാതെ വരുമ്പോള്‍… മുന്‍ഗണന

By: Web Desk | Monday 9 April 2018 10:05 PM IST

ഡോ. ചന്ദന ഡി കറത്തുള്ളി

വൈവാഹികജീവിതം സന്തോഷകരമായി മുന്നോട്ടു കൊണ്ടുപോകണമെങ്കില്‍ എല്ലായ്‌പോഴും ഭാര്യാഭര്‍ത്താക്കന്മാരുടെ മുന്‍ഗണന അവരുടെ വിവാഹബന്ധം ആയിരിക്കണം. വളരെ തിരക്കേറിയ ജീവിതത്തിനിടയില്‍, പല കടമകള്‍ക്കും ഉത്തരവാദിത്തങ്ങള്‍ക്കും സന്തോഷങ്ങള്‍ക്കുമിടയില്‍ പരസ്പരമുള്ള സ്‌നേഹബന്ധം നഷ്ടപ്പെടാതെ സൂക്ഷിക്കാന്‍ ഭാര്യാഭര്‍ത്താക്കന്മാര്‍ ശ്രദ്ധിക്കണം. വിവാഹദിനം മുതല്‍ വര്‍ഷങ്ങളായി അത്തരം അടുപ്പവും വിശ്വാസവും പരിഗണനയും കാത്തുസൂക്ഷിക്കുന്ന വിവാഹിതര്‍ ഒരുപാടുണ്ട്. വെറും ഭാഗ്യംകൊണ്ട് മാത്രമല്ല അവര്‍ക്കതിന് സാധിക്കുന്നത്. ഓരോ ദിവസവും വളരെ ശ്രദ്ധയോടെ അവര്‍ അവരുടെ വൈവാഹികബന്ധം ഊട്ടിയുറപ്പിച്ച് പണികഴിക്കുന്നതിനാലാണത്. അതിനായി അവരെ സഹായിക്കുന്നത് അവര്‍ പരസ്പരം നല്‍കുന്ന മുന്‍ഗണനയാണ്. ഏത് പ്രതിസന്ധിയിലും എനിക്ക് ഏറ്റവും പ്രധാനം എന്റെ ജീവിതപങ്കാളിയാണ് എന്ന മുന്‍ഗണന. അങ്ങനെയാകുമ്പോള്‍ മാത്രമേ സ്വാര്‍ഥത വെടിഞ്ഞ്, ഈഗോ ഉപേക്ഷിച്ച് നമ്മുടെ പങ്കാളിയുടെ വൈകാരിക ആവശ്യങ്ങള്‍കൂടെ പരിഗണിച്ച് പെരുമാറാന്‍ നമുക്ക് സാധിക്കൂ.
നാമെല്ലാം ജീവിക്കുന്നത് വളരെ തിരക്കുപിടിച്ച ലോകത്തിലാണ്. ഔദേ്യാഗികവും വ്യക്തിപരവുമായ ഒരുപാട് ഉത്തരവാദിത്തങ്ങള്‍ നമുക്കുണ്ട്. എന്നാല്‍ വൈവാഹികബന്ധം പലപ്പോഴും ഈ തിരക്കുകള്‍ക്കിടയില്‍ നാം മറന്നുപോകുന്നു. ജീവിതപങ്കാളിക്ക് വേണ്ടി മാത്രം കുറച്ചുസമയം മാറ്റിവയ്ക്കാനോ, ഒന്നിച്ചിരുന്ന് നമ്മുടെ ഇരുപതുകളിലെന്ന പോലെ സംസാരിക്കാനോ നാം മെനക്കെടാറില്ല. സ്‌നേഹം പ്രകടിപ്പിക്കാന്‍ നാം മെനക്കെടാതെ വരുമ്പോള്‍ മച്ചിന്‍പുറത്ത് പൊടിപിടിച്ചിരിക്കുന്ന ഓട്ടുപാത്രങ്ങള്‍ പോലെ പരസ്പരമുണ്ടായിരുന്ന പ്രണയവും ആര്‍ക്കും വേണ്ടാതെ ഉപേക്ഷിക്കപ്പെട്ടുപോകും. ഫലമോ, വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ ഭാര്യയും ഭര്‍ത്താവും റൂംമേറ്റുകള്‍ പോലെ വ്യത്യസ്ത ജീവിതങ്ങള്‍ നയിക്കുന്നവരായിത്തീരും.
വൈവാഹികബന്ധത്തിന് മുന്‍ഗണന കൊടുത്തുകൊണ്ടുള്ള പെരുമാറ്റം പങ്കാളികളിരുവരും ബോധപൂര്‍വം തെരഞ്ഞെടുക്കേണ്ടതാണ്. അഭിപ്രായവ്യത്യാസങ്ങള്‍ക്കിടയില്‍ പോലും പ്രണയിക്കാനുള്ള സന്മനസ് ഇരുവരും കാണിച്ചാല്‍ മാത്രമേ വര്‍ഷങ്ങള്‍ക്കപ്പുറവും ശക്തമായ ഒരു കുടുംബബന്ധം നയിക്കാന്‍ സാധിക്കൂ. പലരും പറയുന്ന ഒരു കാര്യമാണ് സ്‌നേഹം പ്രകടിപ്പിക്കാന്‍ എനിക്കറിയില്ലെന്ന്. സ്‌നേഹപ്രകടനം എന്നാല്‍ സിനിമയിലെപോലെ പാട്ടുപാടുന്നതോ മരം ചുറ്റി ഡാന്‍സുകളിക്കുന്നതോ ആണെന്ന തെറ്റിദ്ധാരണ മൂലമാണത്.
ബന്ധങ്ങള്‍ തിളക്കത്തോടെ സൂക്ഷിക്കണമെങ്കില്‍ നിത്യവും നാം അവ തേച്ചുമിനുക്കേണ്ടതു തന്നെയാണ്. ഇല്ലെങ്കില്‍ അവ പ്രഭയില്ലാതെയും നിറം കെട്ടും പോകുമെന്നതിന് സംശയമില്ല. എങ്ങനെ നമുക്ക് വൈവാഹികബന്ധം ശോഭയോടെ സൂക്ഷിക്കാം. ചില നിര്‍ദേശങ്ങളിതാ.
മനസുകള്‍ തമ്മിലുള്ള അടുപ്പം കാത്തുസൂക്ഷിക്കാം
ഒന്നിച്ച് ജീവിക്കുന്നതുകൊണ്ടോ, കിടക്ക പങ്കിടുന്നതുകൊണ്ടോ മാനസികമായ അടുപ്പം ഉണ്ടാവണമെന്നില്ല. കുടുംബകാര്യങ്ങളും സാമ്പത്തികകാര്യങ്ങളും കുട്ടികളെക്കുറിച്ചുള്ള കാര്യങ്ങളും മാത്രമേ പരസ്പരം സംസാരിക്കാനുള്ളുവെങ്കില്‍ പങ്കാളികള്‍ തമ്മിലുള്ള അടുപ്പം കുറവാണ് എന്നു വേണം മനസിലാക്കാന്‍. ഇവയ്ക്കും അപ്പുറം സ്വന്തം മനസുതുറന്ന് വൈകാരികമായ ഇഴയടുപ്പം വളര്‍ത്തിയെടുക്കാന്‍ ഇരുവരും മുന്‍കൈ എടുക്കേണ്ടതാണ്. മനസു തുറന്നുള്ള ഒരു ചേര്‍ത്തുപിടിക്കല്‍ എത്രമാത്രം പങ്കാളികളെ പരസ്പരം അടുപ്പിക്കുന്നു എന്നത് എടുത്തുപറയേണ്ടതാണ്. കുറ്റങ്ങള്‍ മാത്രം നിരത്താതെ പരസ്പരം നല്ല കാര്യങ്ങള്‍ പങ്കുവയ്ക്കുന്നതും മനസുതുറന്ന് അഭിനന്ദിക്കുന്നതും ഉള്ളിന്റെയുള്ളിലെ ആശകളും വിഷമങ്ങളും പങ്കുവയ്ക്കുന്നതുമെല്ലാം പരസ്പരമുള്ള ഇഴയടുപ്പം വര്‍ധിപ്പിക്കും. വ്യവസ്ഥകളില്ലാത്ത സ്‌നേഹം തന്നെയാണ് ഇത്തരമൊരു മനോഭാവത്തിനും പെരുമാറ്റത്തിനും ആധാരം. നിത്യവും ഒരു പതിനഞ്ചു മിനിറ്റെങ്കിലും മനസുതുറന്നുള്ള ഇടപെടലിന് പങ്കാളികള്‍ തയാറായാല്‍ അത് അവരുടെ വൈവാഹികബന്ധത്തില്‍ ഒരുപാട് നല്ല മാറ്റങ്ങള്‍ സൃഷ്ടിക്കും.
അത്ര സമയം പോലും ചെലവഴിക്കാന്‍ സാധിക്കില്ല എന്നാണെങ്കില്‍ ഒരു മിനിറ്റ് മാറ്റിവയ്ക്കാന്‍ ശ്രമിക്കാം. മനസു തുറന്നൊരു മെസേജ്, ആരും കാണാതെ ഒരു മുത്തം, ചേര്‍ന്നുനിന്നൊരു പുഞ്ചിരി, ഹൃദയത്തില്‍ നിന്നൊരു ആശംസ – ഇതിനൊന്നും കാശോ സമയയോ ബാധകമല്ലല്ലോ.
സ്മാര്‍ട്ട്‌ഫോണുകള്‍ മാറ്റിവയ്ക്കാം
നമ്മുടെ നിത്യജീവിതത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ സൃഷ്ടിച്ച ഒന്നാണ് സ്മാര്‍ട്ട്‌ഫോണുകള്‍. ടെക്‌നോളജിയുടെ വളര്‍ച്ച കൊണ്ടുതന്നെ ആശയവിനിമയവും പണമിടപാടുകളും വിനോദവുമെല്ലാം നമ്മുടെ വിരല്‍ത്തുമ്പില്‍ എത്തി. എന്നാല്‍ ഭാര്യയും ഭര്‍ത്താവും ഫോണില്‍ വ്യാപൃതരാവുമ്പോള്‍ പരസ്പരമുള്ള ഇഴയടുപ്പം കുറഞ്ഞേക്കാം. ഫോണിനും സോഷ്യല്‍ മീഡിയയ്ക്കും മുന്‍ഗണന നല്‍കുമ്പോള്‍ പങ്കാളിയെ ശ്രദ്ധിക്കാതെ പോകുന്ന സന്ദര്‍ഭങ്ങള്‍ നിരവധിയാണ്.
പരസ്പരം സംസാരിക്കാതെ ഗെയിമുകളിലും സോഷ്യല്‍ മീഡിയയിലും വ്യാപൃതരാവാതെ നോക്കാം. നിശ്ചിതസമയം കുടുംബത്തിനും നിശ്ചിതസമയം ഫോണിനും മാറ്റിവച്ചാല്‍ ഫോണിനുമാത്രം മുന്‍ഗണന നല്‍കുന്നു എന്ന പരാതി ഒഴിവാക്കാം.
വിവാഹജീവിതത്തിന് തടസം നില്‍ക്കുന്ന ബന്ധങ്ങള്‍ ഒഴിവാക്കാം
സ്മാര്‍ട്ട്‌ഫോണുകളുടെ വ്യാപകമായ ഉപയോഗം പല വ്യക്തിബന്ധങ്ങളും വളരാന്‍ ഇടയാവുന്നുണ്ട്. ജീവിതപങ്കാളിയില്‍ നിന്നും ലഭിക്കാത്ത സ്‌നേഹവും പരിഗണനയും വേറൊരാളില്‍ നിന്നും ലഭിക്കുമ്പോള്‍ അവരുമായി വൈകാരിക അടുപ്പം വളരാന്‍ ഇടയായേക്കാം. അത്തരം ബന്ധങ്ങള്‍ വിവാഹേതര ബന്ധങ്ങളായി വളരാന്‍ അധികം താമസമില്ല. ഇന്ന് തകര്‍ച്ചയുടെ വക്കിലെത്തിനില്‍ക്കുന്ന മിക്ക
ദാമ്പത്യങ്ങളിലെയും പ്രധാന വില്ലന്‍ ഇതു തന്നെയാണ്. ഭാര്യയ്‌ക്കോ, ഭര്‍ത്താവിനോ നല്‍കാത്ത മുന്‍ഗണന വേറൊരാള്‍ക്ക് നല്‍കുന്നത് ദാമ്പത്യതകര്‍ച്ചയ്ക്ക് കാരണമാവുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ അത്തരം ബന്ധങ്ങള്‍ക്ക് കടിഞ്ഞാണിടുകയും സ്വന്തം ജീവിതപങ്കാളിക്കും കുടുംബത്തിനും പ്രാധാന്യം നല്‍കികൊണ്ട് ഒരുതിരിച്ചുവരവിന് വേണ്ടി പ്രയത്‌നിക്കുന്നതും വലിയ ഗുണം ചെയ്യും.
പങ്കാളിയുടെ സ്വപ്‌നങ്ങള്‍ക്ക് പിന്തുണ നല്‍കാം
ഏതൊരു വ്യക്തിക്കും മുന്നോട്ടുകുതിക്കാനും സ്വന്തമായി നേടിയെടുക്കാനും ചില സ്വപ്‌നങ്ങള്‍ ഉണ്ടാവും. തന്റെ ജീവിതപങ്കാളി തന്റെ സ്വപ്‌നങ്ങള്‍ക്ക് യാതൊരു വിലയും നല്‍കുന്നില്ല എന്ന തോന്നല്‍ പങ്കാളികള്‍ തമ്മില്‍ അകലാന്‍ കാരണമായേക്കാം. ആഗ്രഹങ്ങളെയും സ്വപ്‌നങ്ങളെയുംകുറിച്ച് തമ്മില്‍ തുറന്നു സംസാരിക്കുന്നതും രണ്ടുപേര്‍ക്കും സ്വീകാര്യമായ രീതിയില്‍ പ്രവര്‍ത്തിക്കുന്നതും ഇവിടെ ഒരു പരിഹാരമാണ്.
ഏതു സാഹചര്യത്തിലും പരസ്പരമുള്ള വൈകാരിക അടുപ്പം കാത്തുസൂക്ഷിക്കുന്നത് ഏത് കൊടുങ്കാറ്റിനേയും അതിജീവിക്കുന്ന വടവൃക്ഷമായി മാറാന്‍ വൈവാഹികബന്ധങ്ങളെ സഹായിക്കുന്നു. പങ്കാളിയോട് കരുതലോടെ പെരുമാറുക എന്നത് നിത്യവും ചെയ്യേണ്ട ഒരു ദിനചര്യയാക്കി മാറ്റാന്‍ നമുക്ക് സാധിക്കണം. സന്തോഷകരമായ കുടുംബജീവിതത്തിന് തടസമായി നില്‍ക്കുന്ന ഘടകങ്ങളെ തിരിച്ചറിയുകയും അവ നിയന്ത്രിക്കുകയും ചെയ്യുന്നത് വലിയ ഗുണം ചെയ്‌തേക്കാം. മുന്‍ഗണന നല്‍കിക്കൊണ്ടുള്ള പെരുമാറ്റം വൈവാഹിക ജീവിതത്തില്‍ വലിയ ഗുണങ്ങള്‍ കൊണ്ടുവരും. അതിനായുള്ള പ്രതിബദ്ധതയും പരിശ്രമവും നമ്മിലുണ്ടാവണമെന്നു മാത്രം.

ലേഖിക: ആയുര്‍വേദ ഫിസിഷ്യന്‍,
കണ്‍സള്‍ട്ടന്റ് സൈക്കോളജിസ്റ്റ്.
ഫോണ്‍ 7907198263