Sunday
24 Jun 2018

‘ഉന്നിന്‍റെ മാനസിക നില പരിശോധിക്കണം’

By: Web Desk | Thursday 4 January 2018 10:37 AM IST

വാഷിങ്ടണ്‍: ഉത്തരകൊറിയന്‍ പ്രസിഡന്‍റ് കിങ് ജോങ് ഉന്നിന്‍റെ മാനസിക നില പരിശോധിക്കണമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സാറാ സാന്‍ഡേഴ്സ്. അമേരിക്കയെ തകര്‍ക്കാനായുള്ള ആണവായുധത്തിന്‍റെ സ്വിച്ച് തന്‍റെ കയ്യിലാണെന്നും ഉത്തരകൊറിയക്കെതിരെ യുദ്ധം തുടങ്ങാന്‍ അമേരിക്കയ്ക്ക് കഴിയില്ലെന്നും കിങ് ജോങ് ഉന്‍ കഴിഞ്ഞ ദിവസം പ്രസ്താവനയിറക്കിയിരുന്നു. ഇതുസംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു സാന്‍ഡേഴ്‌സ്.

“കിങ് ജോങ് ഉന്നിന്‍റെ മാനസിക നില പരിശോധിക്കാന്‍ ജനങ്ങള്‍ തയ്യാറാവണം. കഴിഞ്ഞ നാല് വര്‍ഷമായി നിരവധി തവണയാണ് കിങ് ജോങ് ഉന്‍ മിസൈല്‍ പരിശീലനം നടത്തുകയും രാജ്യത്തിനെതിരെ ഭീഷണി മുഴക്കുകയും ചെയ്യുന്നത്. ഇയാളുടെ തുടരെത്തുടരെയുള്ള ഭീഷണിയിൽ ട്രംപ് ആശങ്കയിലാണ്. ഈ ആശങ്ക അമേരിക്കയിലേക്കും മറ്റുള്ള രാജ്യത്തേക്കും അയാൾ സൃഷ്ടിച്ചിരിക്കുന്നു.ഇത് തുടരാൻ ട്രംപ് അനുവദിക്കില്ല.  ട്രംപിന്റെ സ്ഥാനം എന്താണെന്നത് വളരെ വ്യക്തമാണ്. ഉത്തരകൊറിയയോടുള്ള അമേരിക്കയുടെ നിലപാട് ആദ്യം മുതൽ എങ്ങനെയോ അത് തുടർന്നും അങ്ങിനെ തന്നെയാകും. അമേരിക്കക്കാരെ സംരക്ഷിക്കുന്നതിൽ പ്രതിജ്ഞാബദ്ധനായ ഒരു പ്രസിഡന്റാണ് ട്രംപ്. ഈ രാജ്യത്തെ ജനങ്ങളെ സംരക്ഷിക്കുക എന്നതാണ് അദ്ദേഹത്തിൻറെ ഉത്തരവാദിത്വം. അതിൽ നിന്ന് അദ്ദേഹം വ്യതിചലിക്കുകയില്ല” സാറാ സാന്ഡേഴ്സ് പറഞ്ഞു.

കിങ് ജോങ് ഉന്നുമായി അടുത്ത് നില്‍ക്കുന്ന ആരെങ്കിലും ഉണ്ടെങ്കില്‍ അല്ലെങ്കില്‍ അദ്ദേഹത്തിന് ഭക്ഷണം വിളമ്പിക്കൊടുക്കുന്ന ആരെങ്കിലും ഉണ്ടെങ്കില്‍ തന്‍റെ കയ്യില്‍ അതിലും ശക്തിയേറിയ ആണവ ബട്ടണ്‍ ഉണ്ടെന്ന കാര്യം അറിയിക്കണമെന്ന് കഴിഞ്ഞ ദിവസം ഡൊണാള്‍ഡ് ട്രംപും പ്രതികരിച്ചിരുന്നു.

Related News