Saturday
17 Nov 2018

ട്രംപിനോട് ചോദ്യം ചോദിച്ച്‌ ബുദ്ധിമുട്ടിച്ച മാധ്യമപ്രവര്‍ത്തകന്റെ പ്രസ് പാസ് റദ്ദാക്കി

By: Web Desk | Thursday 8 November 2018 1:01 PM IST

വാഷിങ്ടണ്‍: പത്രസമ്മേളനത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോട് തുടർച്ചയായി ചോദ്യം ചോദിച്ച്‌ ബുദ്ധിമുട്ടിച്ച മാധ്യമപ്രവര്‍ത്തകന്റെ പ്രസ് പാസ് വൈറ്റ് ഹൗസ് റദ്ദാക്കി. അന്താരാഷ്ട്ര മാധ്യമം സി എന്‍ എന്നിന്റെ വൈറ്റ് ഹൗസ് പ്രതിനിധി ജിം അകോസ്റ്റയുടെ പ്രസ് പാസാണ് ബുധനാഴ്ച വൈറ്റ് ഹൗസ് റദ്ദാക്കിയത്. അമേരിക്കന്‍ ഇടക്കാല തിരഞ്ഞെടുപ്പിന്റെ പിറ്റേന്ന് നടന്ന വാര്‍ത്താസമ്മേളനത്തിലായിരുന്നു സംഭവം.

മധ്യഅമേരിക്കന്‍ രാജ്യങ്ങളില്‍നിന്നുള്ളവരുടെ അമേരിക്കയിലേക്കുള്ള കുടിയേറ്റവുമായി ബന്ധപ്പെട്ട വിഷയത്തിലാണ്‌ ജിം ട്രംപിനോട് ചോദ്യങ്ങള്‍ ചോദിച്ചത്. ജിമ്മിന്റെ ചോദ്യങ്ങളില്‍ ട്രംപ് അസ്വസ്ഥനാവുകയും അദ്ദേഹത്തോട് മതി,മതി എന്നു പറഞ്ഞ ട്രംപ്  മൈക്ക് താഴെ വയ്ക്കാനും ഇരിക്കാനും ആവശ്യപ്പെട്ടു. എന്നാല്‍ ട്രംപിന്റെ നിര്‍ദേശം അനുസരിക്കാന്‍ ജിം തയ്യാറായില്ല. അദ്ദേഹം തുടര്‍ന്നും ചോദ്യങ്ങള്‍ ചോദിച്ചു. ഇതോടെ മര്യാദയില്ലാത്ത, ഭയങ്കരനായ വ്യക്തിയെന്നും ഇത്തരം വാർത്തകൾനൽകി നിങ്ങളുടെ മാധ്യമം  ജനങ്ങളുടെ ശത്രുവാകുകയാണെന്നും ട്രംപ് പറഞ്ഞു . ഇതിനു പിന്നാലെയാണ് വൈറ്റ് ഹൗസ് ജിമ്മിന്റെ പ്രസ് പാസ് റദ്ദാക്കിയത്. മൈക്ക് തിരികെ വാങ്ങാൻ ശ്രമിച്ച വൈറ്റ് ഹൗസ് ജീവനക്കാരിയുടെ ശരീരത്തിൽ അനാവശ്യമായി സ്പർശിച്ചുവെന്നും റദ്ദാക്കലിന് കാരണം പറയുന്നുണ്ട്.  ഇത് പച്ചക്കള്ളമാണെന്ന് സിഎൻഎൻ പ്രതികരിച്ചു. ആക്ഷേപം വാസ്തവവിരുദ്ധവും  ജനാധിപത്യവിരുദ്ധവുമാണ്. മുമ്പില്ലാത്ത നടപടിയാണിത്.  ജീവനക്കാരന് പിന്തുണ നൽകുന്നുവെന്നും സിഎൻഎൻ പറഞ്ഞു.

സോഷ്യൽ മീഡിയയിൽ പ്രചരിച്ച വീഡിയോയിലും ജിം മാന്യതയില്ലാതെ പെരുമാറുന്നതായി കാണുന്നില്ലെന്നതിനാൽ ട്രംപിന് ഇതു മറ്റൊരു തലവേദനയായിട്ടുണ്ട്.

Related News