Saturday
20 Oct 2018

എന്തുകൊണ്ട് നെഹ്‌റുവിന്‍റെ സ്മാരകങ്ങള്‍ തകര്‍ക്കപ്പെടുന്നു

By: Web Desk | Monday 24 September 2018 9:25 PM IST

തം പ്രായോഗിക ജീവിതത്തില്‍ ഞാന്‍ കണ്ടിടത്തോളവും ഭൂരിപക്ഷം ആളുകളും ചിന്തിക്കുന്നവരുള്‍പ്പെടെ സ്വീകരിച്ചിരിക്കുന്ന രീതിയിലും, അത് ഹിന്ദുമതമായാലും ഇസ്‌ലാമായാലും ബുദ്ധമതമോ ക്രിസ്തുമതമോ ആയാലും എന്നെ ഒട്ടും ആകര്‍ഷിക്കുന്നില്ല. മതങ്ങള്‍ അന്ധവിശ്വാസങ്ങളോടും കടുംപിടുത്തങ്ങള്‍ നിറഞ്ഞ വിശ്വാസത്തോടും അതിന്റെ പ്രവര്‍ത്തനത്തില്‍ അങ്ങേയറ്റം അടുപ്പം പുലര്‍ത്തുന്നു. കൂടാതെ മതങ്ങളുടെ മനുഷ്യജീവിതത്തിലെ പ്രശ്‌നങ്ങളോടുള്ള സമീപനം നിശ്ചയമായും ശാസ്ത്രീയമല്ല. അതില്‍ ജാലവിദ്യയുടെ ഒരംശമുണ്ട്. ചോദ്യം ചെയ്യാനാവാത്ത വിശ്വാസ്യത പുലര്‍ത്തേണ്ടതുണ്ട്. ദൈവികശക്തിയില്‍ വിശ്വാസമര്‍പ്പിക്കേണ്ടതുണ്ട്.

പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു എന്ന ഇന്ത്യയുടെ ഒന്നാമത്തെ പ്രധാനമന്ത്രിയുടെ വാക്കുകളാണ് മേലുദ്ധരിച്ചത്. ‘ഇന്ത്യയെ കണ്ടെത്തല്‍’ എന്ന പ്രസിദ്ധ ഗ്രന്ഥത്തിലെ 26-27 പേജുകളില്‍ നിന്ന്. ”ആത്മാവ് എന്നൊന്നുണ്ടോ, മരണശേഷം ജീവിതമുണ്ടോ, എനിക്കറിയില്ല, ഈ ചോദ്യങ്ങള്‍ക്ക് പ്രാധാന്യമുണ്ടാകാം. പക്ഷേ അവ എന്നെ സ്വല്‍പംപോലം അലട്ടുന്നില്ല” എന്നും തുടര്‍ന്ന് അദ്ദേഹം പറയുന്നു. വളരെ നിശിതമായി മതസങ്കല്‍പങ്ങളെയും മതവാദത്തെയും എതിര്‍ക്കുക മാത്രമല്ല നെഹ്‌റു ചെയ്തിട്ടുള്ളത്. സംഘടിത മതം മുന്നോട്ടുവയ്ക്കുന്നു ആത്മീയതയുടെ കാപട്യം തുറന്നുകാണിക്കാന്‍ ഇതുപോലെ ധൈര്യം കാണിച്ച മറ്റൊരു യുക്തിവാദിയെ കണ്ടെത്താനും ബുദ്ധിമുട്ടാണ്. ‘അച്ഛന്‍ മകള്‍ക്കയച്ച കത്തുകളില്‍’ വളരെ ലളിതമായി മതത്തെക്കുറിച്ചുള്ള തന്റെ നിലപാട് വ്യക്തമാക്കുന്നു. ഒരാള്‍ക്ക് മതം എന്നാല്‍ എന്താണ്? ചിലര്‍ക്ക് മതം എന്നാല്‍ മരണാനന്തരലോകമാണ്, അതായത് സ്വര്‍ഗം, പറുദീസ അല്ലെങ്കില്‍ മറ്റെന്തെങ്കിലും പേരില്‍ വിളിക്കപ്പെടുന്നയിടം. ഈ സ്വര്‍ഗത്തില്‍ പോവാമെന്ന പ്രതീക്ഷയില്‍ അവര്‍ മതത്തില്‍ വിശ്വസിക്കുന്ന അല്ലെങ്കില്‍ ചില കാര്യങ്ങള്‍ ചെയ്യുന്നു. ഇത് എന്നെ ഓര്‍മിപ്പിക്കുന്നത് ജാംപപ്‌സോ, ജിലേബിയോ കിട്ടുമെന്ന പ്രതീക്ഷയില്‍ അച്ചടക്കത്തോടെ ഇരിക്കുന്ന കുട്ടിയെയാണ്. പക്ഷെ എല്ലാനേരവും ജാംപപ്‌സിനെയും ജിലേബിയെയും കുറിച്ച് മാത്രം ചിന്തിച്ചിരിക്കുന്ന കുട്ടിയെകുറിച്ച് നിങ്ങള്‍ എന്തുകരുതും? അതിലുപരി ഈ മധുരപലഹാരങ്ങള്‍ക്ക് വേണ്ടി എന്തും ചെയ്യുന്ന കുട്ടികളെ നിങ്ങള്‍ എങ്ങനെ കാണുന്നു? അപ്പോള്‍ ഈ കുട്ടികളെപ്പോലെ ചിന്തിക്കുകയും പെരുമാറുകയും ചെയ്യുന്ന മുതിര്‍ന്ന മനുഷ്യരെ കുറിച്ച് എന്താണ് പറയുക?

മേല്‍പറഞ്ഞ ഉദ്ധരണികളില്‍ നിന്ന് മതവിശ്വാസത്തെക്കുറിച്ചും മതവിശ്വാസികളെക്കുറിച്ചുമുള്ള നെഹ്‌റുവിന്റെ കാഴ്ചപ്പാട് നമുക്ക് വ്യക്തമാണ്. ഈ നിലപാട് നെഹ്‌റു സ്വീകരിച്ചത് ഇന്നത്തെ സോഷ്യലിസ്റ്റ് മതനിരപേക്ഷ സ്വതന്ത്ര ഇന്ത്യയിലായിരുന്നില്ല എന്നതുകൂടി ചേര്‍ത്തു വായിക്കുമ്പോള്‍ മാത്രമേ അദ്ദേഹത്തിന്റെ മതനിരപേക്ഷ-മതവിരുദ്ധ നിലപാടിലെ ധീരത വ്യക്തമാവുകയുള്ളു. ഇന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ മുന്‍ഗാമികള്‍ അന്ന് ഇന്ത്യ ഹിന്ദുവിനും പാകിസ്ഥാന്‍ മുസ്‌ലിമിനും എന്ന് മുറവിളി കൂട്ടിക്കൊണ്ടിരുന്നു. ഹിന്ദുമഹാസഭയും മുസ്‌ലിംലീഗും ഒന്നിച്ചു ചേര്‍ന്ന് പ്രവിശ്യാഭരണകൂടങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന സ്വാതന്ത്ര്യ പൂര്‍വകാലത്താണ് നെഹ്‌റു സകലമതങ്ങള്‍ക്കുമെതിരെ സംസാരിച്ചതും എഴുതിയതും. സര്‍വോപരി ഇന്ത്യയെന്ന ബൃഹത്തായ ഫെഡറല്‍ രാജ്യത്തെ ജനങ്ങളെ മതനിരപേക്ഷമായി ജീവിക്കാനും ചിന്തിക്കാനും സജ്ജരാക്കിയതും. നെഹ്‌റുവിന്റെ പ്രതിമ അദ്ദേഹത്തിന്റെ ജന്മനഗരം എന്നു മാത്രം പറഞ്ഞാല്‍ പോര, അലഹബാദ് മേയറായാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നതുതന്നെ. ആ നഗരത്തില്‍ നിന്ന് പിഴുതുമാറ്റുക എന്നത് ഇന്ത്യന്‍ ജനാധിപത്യത്തോടും മതനിരപേക്ഷതയോടും കാണിക്കാവുന്ന കൊടിയ ധാര്‍ഷ്ട്യം തന്നെയാണ്.

നെഹ്‌റുവിന്‍ ഓര്‍മകള്‍ ഓരോ മണ്‍തരിയിലുമുള്ള നഗരമാണ് അലഹബാദ്. ഇന്ത്യന്‍ സ്വാതന്ത്ര്യ പ്രസ്ഥാനവുമായി നെഹ്‌റുവിന്‍ ജന്മഗൃഹമായ ആനന്ദ ഭവന്‍ അഭേദ്യമായി ബന്ധപ്പെട്ടു കിടക്കുന്നു. ആ നഗരത്തിലാണ് നെഹ്‌റു പ്രതിമയ്ക്ക് കൊലക്കയര്‍ വിധിക്കാന്‍ മതമൗലികവാദികള്‍ നയിക്കുന്ന യു പി സര്‍ക്കാര്‍ തീരുമാനിച്ചതും നിര്‍ലജ്ജം നടപ്പിലാക്കിയതും. പ്രതിമയില്‍ കയര്‍വരിഞ്ഞുമുറുക്കി ക്രെയിനിന്റെ കൊളുത്തില്‍ കയര്‍ തൂക്കി. പ്രതിമ നിന്ന പീഠം അടിച്ചു തകര്‍ത്തു. ഇന്ത്യയിലെ ഒന്നാമത്തെ പ്രധാനമന്ത്രിയുടെ ഇന്ത്യകണ്ട ഏറ്റവും ജനപ്രിയനായ നേതാവിന്റെ പ്രതിമ കൊലക്കയറില്‍ നിന്നാടുന്ന കാഴ്ച. ഈ കാഴ്ച തികച്ചും പ്രതീകാത്മകം തന്നെ. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ സ്ഥാപകശിലകള്‍ തകര്‍ക്കാനുള്ള ബുള്‍ഡോസറുകള്‍ അണിയറയില്‍ ഒരുങ്ങിക്കഴിഞ്ഞു എന്ന് ഓരോ പൗരനെയും ഓര്‍മിപ്പിക്കാന്‍ കൂടിയായിരിക്കും ഈ നീചമായ പ്രവൃത്തികൊണ്ട് ഉദ്ദേശിച്ചിരിക്കുക. എന്തായിരുന്നു ഒരു ദിവസം കൊണ്ട് പ്രതിമ നീക്കം ചെയ്തതിന് പറഞ്ഞ കാരണം? കേട്ടാല്‍ ചിരിവരും. 2019 ല്‍ മഹാകുംഭമേള വരുന്നു. അതിനായി റോഡുകള്‍ വീതികൂട്ടുകയും നഗരം മോടിപിടിപ്പിക്കുകയുമാണത്രേ. ശരിതന്നെ. രാജ്യത്ത് അനേകം അണക്കെട്ടുകള്‍ക്കും ഉരുക്കു വ്യവസായശാലകള്‍ക്കും ദേശീയപാതകള്‍ക്കും ഒക്കെ വേണ്ടി പ്രവര്‍ത്തിച്ച ജവഹര്‍ലാല്‍ നെഹ്‌റു ഒരിക്കലും തന്‍റെ പ്രതിമ കാരണം ഒരു റോഡ് വികസനം ഇല്ലാതാവണം എന്ന് ചിന്തിക്കാനിടയില്ല. പക്ഷെ അതേ റോഡിന്‍ അതേ തലയ്ക്കല്‍ തന്നെ ജനസംഘം സ്ഥാപകന്‍ ദീന്‍ദയാല്‍ ഉപാധ്യായയുടെ പ്രതിമയും നില്‍ക്കുന്നു. അപ്പോള്‍ ആ പ്രതിമകൊണ്ട് ഗതാഗത തടസം ഒന്നുമുണ്ടാവുന്നില്ലേ? എന്താണ് ദീന്‍ ദയാലും അലഹബാദും തമ്മിലുളള ബന്ധം? നെഹ്‌റുവിന്‍ പ്രതിമയ്ക്ക് വധശിക്ഷയും ദീന്‍ദയാലിന്റെ പ്രതിമയ്ക്ക് ദീര്‍ഘായുസും നല്‍കാനുള്ള തീരുമാനത്തിന്റെ പ്രചോദനമെന്ത്. അതും മറ്റൊരു കോണ്‍ഗ്രസ് നേതാവ് സര്‍ദാര്‍ വല്ലഭായി പട്ടേലിന്‍ ഉരുക്കു പ്രതിമ 3,500 കോടി മുടക്കി മോഡി സര്‍ക്കാര്‍ തന്നെ നിര്‍മിക്കുമ്പോള്‍. ഇത്തരം അന്വേഷണങ്ങള്‍ നമ്മളെ കൊണ്ടത്തിക്കുന്നത് നിരന്തരമായി നെഹ്‌റുവിയന്‍ നയങ്ങള്‍ക്കെതിരെ സംഘ്പരിവാര്‍ നടത്തുന്ന പ്രചരണങ്ങളിലേക്കാണ്. ബംഗാള്‍ തെരഞ്ഞെടുപ്പിനുശേഷം വ്യാപകമായി നെഹ്‌റുവിന്‍ പ്രതിമകള്‍ സംഘപരിവാര്‍ നശിപ്പിച്ചിരുന്നു.

ഇന്ത്യയുടെ മതനിരപേക്ഷതയുടെ പ്രതീകമാണ് ജവഹര്‍ലാല്‍ നെഹ്‌റു. സോഷ്യലിസ്റ്റ് രീതിയില്‍ ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് നേതൃത്വം നല്‍കിയതും നെഹ്‌റു തന്നെ. സംഘ്പരിവാര്‍ അതിനാല്‍ തന്നെയാണ് സ്വന്തം കയ്യൂക്ക് തെളിയിക്കാന്‍ നെഹ്‌റുവിന്റെ സ്മാരകങ്ങളെ തെരഞ്ഞെടുക്കുന്നത്. നെഹ്‌റു പ്രതിനിധാനം ചെയ്ത സോഷ്യലിസ്റ്റ് മതനിരപേക്ഷ മൂല്യങ്ങളെ തകര്‍ക്കുക എന്നത് തന്നെയാണ് പ്രതിമയ്ക്ക് നേരെയുള്ള അക്രമണത്തിലൂടെ സംഘ്പരിവാര്‍ ലക്ഷ്യം വയ്ക്കുന്നതും.